ബുദ്ധിയുള്ള സ്മാര്‍ട് യന്ത്ര-മനുഷ്യ സൗഹൃദത്തിന് അനന്തസാധ്യതകൾ

വരുംകാലം മനുഷ്യരും യന്ത്രങ്ങളും ഇടകലര്‍ന്നുള്ള ഒന്നായിരിക്കുമെന്ന് ഉറപ്പാണല്ലോ. ഒരു പതിറ്റാണ്ടിനു ശേഷം വെള്ളപൊക്കമോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായാല്‍, ഒരുപക്ഷേ യന്ത്രങ്ങളായിരിക്കാം രക്ഷാപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയില്‍. അത്തരം ടീം വര്‍ക്ക് സാഹചര്യങ്ങള്‍ കൂടാതെ, സ്മാര്‍ട് മെഷീനുകള്‍ ഓരോ വീട്ടിലും ഓഫിസിലുമൊക്കെ ഉണ്ടാകുന്ന സാഹചര്യവും സമീപഭാവിയില്‍ തന്നെ ഉണ്ടായേക്കാം. പക്ഷേ, ബുദ്ധിയുള്ള യന്ത്രങ്ങളെ മനുഷ്യര്‍ എത്രകണ്ടു വിശ്വസിക്കും?

ബുദ്ധിയുള്ള യന്ത്രങ്ങളില്‍, മനുഷ്യര്‍ക്ക് വിശ്വാസം ജനിപ്പിക്കത്തക്ക വിധത്തില്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അമേരിക്കയിലെ പര്‍ഡ്യു യൂണിവേഴ്‌സിറ്റിയിലെ (Purdue University) പ്രൊഫെസര്‍മാരായ നീരാ ജെയിനും, താഹിറാ റീഡും സ്വഭാവം മാറ്റാന്‍ സാധിക്കുന്ന ചില യന്ത്രങ്ങളെ നിര്‍മിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. ബുദ്ധിയുള്ള യന്ത്രങ്ങള്‍ അല്ലെങ്കില്‍ ബുദ്ധിയുള്ള സിസ്റ്റങ്ങള്‍, ദൈനംദിന ജീവിതത്തില്‍ കൂടുതല്‍ സര്‍വസാധാരണമായി തീരുകയാണെന്നാണ് ജെയിന്‍ പറയുന്നത്.

ഇപ്പോള്‍ത്തന്നെ മനുഷ്യ-യന്ത്ര സൗഹൃദം നിലവിലുണ്ട്. ഉദാഹരണത്തിന് വിമാനങ്ങളിലെ പൈലറ്റുമാരും മറ്റും നിരന്തരം ഓട്ടോമേറ്റഡായ സിസ്റ്റങ്ങളോട് ഇടപെടുന്നു. മെഷീനുകള്‍ പരാജയപ്പെടുന്ന സാഹചര്യമാണെന്നു തോന്നിയാല്‍ മനുഷ്യര്‍ അവയുടെ തീരുമാനം തിരുത്തുകയും ചെയ്യും. പക്ഷേ, അടുത്തഘട്ടത്തിലെ ജീവിതത്തിന് മനുഷ്യന് യന്ത്രങ്ങളിലുള്ള വിശ്വാസം അത്രമേല്‍ പ്രധാനപ്പെട്ടതാണ്. മനുഷ്യര്‍ക്ക് യന്ത്രങ്ങളിലുള്ള വിശ്വാസം അളക്കാനുള്ള രണ്ടു സമ്പ്രദായങ്ങളാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്- ഇലക്ട്രോ എന്‍സെഫാലോഗ്രാഫി, അഥവാ ഇഇജിയും (electroencephalography, EEG) ഗാല്‍വനിക് സ്‌കിന്‍ റെസ്‌പോണ്‍സും (galvanic skin response). പരീക്ഷണങ്ങള്‍ 45 പേരിലാണ് നടത്തിയത്. കണ്ടെത്തലുകളടങ്ങുന്ന ഗവേഷണ പ്രബന്ധങ്ങള്‍ ഇവിടെ വായിക്കാം. 

വിവിധ തരം സാഹചര്യങ്ങളില്‍ മനുഷ്യ-യന്ത്ര സഹകരണത്തിന്റെ സാധ്യതകള്‍ പഠിക്കുകയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഓട്ടോമേറ്റു ചെയ്യാന്‍ പുതിയ അല്‍ഗോറിതങ്ങളുടെ സഹായം തേടുകയുമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് മനുഷ്യര്‍ തന്നെയാണ്. എന്നാല്‍ ചിലപ്പോള്‍ മനുഷ്യര്‍ക്ക് യന്ത്രങ്ങളുടെ പ്രവര്‍ത്തി ശരിയാണോ എന്ന സംശയം തോന്നാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും യന്ത്രങ്ങള്‍ ശരിയായ രീതിയിലായിരിക്കാം പ്രവര്‍ത്തിക്കുന്നത്. പക്ഷേ, നിയന്ത്രിക്കുന്ന മനുഷ്യര്‍ക്ക് ചില അവസരങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കാത്തിതിനാല്‍ അവയെ തിരുത്തുന്നുവെന്ന കണ്ടെത്തലാണ് അവര്‍ നടത്തിയിരിക്കുന്നത്.

ഇത്തരം പരീക്ഷണം തുടര്‍ന്ന് ഓണ്‍ലൈനായി നടത്തി. അതില്‍ 581 പേര്‍ പങ്കെടുത്തു. വെര്‍ച്വല്‍ ഓട്ടോമേറ്റഡ് ഡ്രൈവിങ് സാഹചര്യമായിരുന്നു ടെസ്റ്റ് നടത്താന്‍ ഉപയോഗിച്ചത്. ഇഇജി ഹെഡ്‌സെറ്റുകള്‍ ധരിച്ചാണ് ആളുകള്‍ ഇതില്‍ പങ്കെടുത്തത്. ഓരോരുത്തരുടെയും ബ്രെയ്ന്‍ വേവുകള്‍ വ്യത്യസ്തമായിരുന്നു.

ആളുകളുടെ പ്രകടനം മൂന്നു തരത്തിലാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍:

മനോഭാവം (disposition): സംസ്‌കാരം, പുരുഷനോ, സ്ത്രീയോ എന്ന വേര്‍തിരിവ് തുടങ്ങിയവയൊക്കെയാണ് ഇതില്‍ വരുന്നത്. പ്രായവും ഏതു രാജ്യക്കാരനാണ് എന്നതും ബാധിക്കുന്നുണ്ട്.

സാഹചര്യം (situational): എത്ര അപകടകരമാണ് എന്നതും, മുന്‍ അനുഭവങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

അനുഭവസമ്പത്ത് (learnt): ഓട്ടോമേറ്റഡ് മെഷീനുകളുമായി മുന്‍ ഇടപെടല്‍ നടന്നിട്ടുണ്ടോ എന്നതാണ് ഇവിടെ പരിഗണിച്ചത്.

ഈ സാഹചര്യങ്ങളോരോന്നും മനുഷ്യ-യന്ത്ര ബന്ധത്തില്‍ പ്രധാനപ്പെട്ടതാണെന്ന് അവര്‍ പറയുന്നു.