ADVERTISEMENT

നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 എഡി’യിലെ അമിതാഭ് ബച്ചന്റെ ക്യാരക്ടർ ടീസർ പുറത്ത്. മധ്യപ്രദേശിലെ നേമാവര്‍ എന്ന സ്ഥലത്തുവച്ചാണ് നിറഞ്ഞ സദസ്സിന്റെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തില്‍ ടീസര്‍ റിലീസ് ചെയ്തത്. മഹാഭാരതത്തിലെ ചിരഞ്ജീവിയായ അശ്വത്ഥാമാവിനെയാണ് ബച്ചന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും ഡി ഏയ്ജിങ് ടെക്നോളജി ഉപയോഗിച്ചുള്ള ചെറുപ്പകാലത്തെ ലുക്കും ടീസറില്‍ കാണാം.

മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായിരുന്ന അശ്വത്ഥാമാവ് ഇന്നും മധ്യപ്രദേശിലെ നേമാവറില്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് ഐതിഹ്യം. അതിനാലാണ് ബച്ചന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ അതേ സ്ഥലം തിരഞ്ഞെടുത്തത്. തുടര്‍ന്ന് അമിതാഭ് ബച്ചനും ട്വിറ്ററിലൂടെ ഇത്തരമൊരു വേഷം അവതരിപ്പിക്കാനായതിന്റെ സന്തോഷം പങ്കുവച്ചു.

നേരത്തേ, മഹാശിവരാത്രി വേളയില്‍ ചിത്രത്തിലെ നായകൻ പ്രഭാസിന്റെ കഥാപാത്രത്തിന്റെ പേര് ഭൈരവ എന്നാണെന്ന് അണിയറപ്രവര്‍ത്തകര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു. കമല്‍ഹാസന്‍, ദീപിക പദുക്കോണ്‍, ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയന്‍സ് ഫിക്‌ഷന്‍ ഫാന്റസി ചിത്രം വമ്പൻ മുതൽമുടക്കിലാണ് ഒരുങ്ങുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി. അശ്വിനി ദത്താണ് നിർമാണം. പുരാണങ്ങളില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ചിത്രമാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്.

തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. സാന്‍ ഡീഗോ കോമിക്-കോണില്‍ കഴിഞ്ഞ വര്‍ഷം നടന്ന തകര്‍പ്പന്‍ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ ചിത്രം വന്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.

English Summary:

Kalki 2898 AD: Name of Amitabh Bachchan's character revealed; Teaser

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com