ADVERTISEMENT

ന്യൂഡൽഹി∙ കർണാടക മുഖ്യമന്ത്രി സ്ഥാനം ആർക്കെന്നതിൽ നിരീക്ഷകരുമായുള്ള ഹൈക്കമാൻഡ് ചർച്ച അവസാനിച്ചു. നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. വിഷയത്തിൽ സമവായം കണ്ടെത്തിയശേഷം കോൺഗ്രസ് അധ്യക്ഷൻ തീരുമാനം പ്രഖ്യാപിക്കുമെന്ന് അറിയിച്ച സുർജേവാല, ‘ഇന്ന് രാത്രികൂടി കാത്തിരിക്കൂ’വെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

സുശീൽകുമാർ ഷിൻ‌ഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

അതേസമയം, ചർച്ചയ്ക്കായി ചൊവ്വാഴ്ച ഡൽഹിയിലെത്തുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് തിങ്കളാഴ്ചത്തെ ഡൽഹി യാത്ര അദ്ദേഹം റദ്ദാക്കിയിരുന്നു. ചൊവ്വാഴ്ച ഡൽഹിയിലെത്തുന്ന ഡികെ, ഹൈക്കമാൻഡുമായി ചർച്ച നടത്തിയേക്കും. ആദ്യം ഡൽഹിയിലേക്ക് േപാകുന്നില്ലെന്ന് പറഞ്ഞ ഡികെ പിന്നീട് തീരുമാനം മാറ്റി ഉടൻ തന്നെ പോകുമെന്ന് അറിയിച്ചിരുന്നു. തുടർന്നാണ് വയറിന് സുഖമില്ലാത്തതിനാൽ തിങ്കളാഴ്ച പോകുന്നില്ലെന്ന് അറിയിച്ചത്.

അതേസമയം, കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യയും ചർച്ചകൾക്കായി ഡൽഹിയിൽ തുടരുകയാണ്. സർവജ്ഞ നഗറിൽനിന്ന് ജയിച്ച മലയാളി കെ.ജെ.ജോർജ് ഉൾപ്പെടെ 6 എംഎൽഎമാരും സിദ്ധരാമയ്യയ്ക്ക് ഒപ്പമുണ്ട്. കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്കു സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറും അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണ്.

English Summary: Congress meeting to decide next Karnataka CM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com