ADVERTISEMENT

വാഷിങ്ടൻ∙ റഷ്യ–യുക്രെയ്ന്‍ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ പരാജയപ്പെടാൻ യാതൊരു സാധ്യതയുമില്ലെന്ന് ഇലോൺ മസ്ക്. യുക്രെയ്‌ന് വേണ്ടിയുള്ള യുഎസിന്റെ ആയുധ വിതരണം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയ്ന്‍ ഫണ്ടിങ് ബില്ലുമായി ബന്ധപ്പെട്ട് എക്സ് സ്പേസിൽ തിങ്കളാഴ്ച നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മസ്ക്.  

‘യുക്രെയ്‌ന് വേണ്ടി ചെലവാക്കുന്ന പണം അവരെ സഹായിക്കാൻ പോകുന്നില്ല. യുദ്ധം നീളുന്നതും അവർക്കു സഹായകമാകില്ല.’’ മസ്ക് പറഞ്ഞു. യുക്രെയ്‌ന്റെ വിജയം ആഗ്രഹിക്കുന്നവർ കാൽപനിക ലോകത്താണെന്ന റിപ്പബ്ലിക്കൻ സെനറ്റർ റോൺ ജോൺസന്റെ പ്രസ്താവനയെ ശരിവച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോൺ ജോൺസൺ, സെനറ്റർമാരായ ജെ.ഡി.വാൻസ്, മൈക് ലീ, പരാജയപ്പെട്ട പ്രസിഡന്റ് സ്ഥാനാർഥി വിവേക് രാമസ്വാമി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.

യുദ്ധം അവസാനിപ്പിക്കാൻ പുട്ടിനു മേൽ സമ്മർദമുണ്ടെന്നും യുക്രെയ്‌നിൽനിന്നു പിന്മാറിയാൽ ഒരുപക്ഷേ പുട്ടിൻ വധിക്കപ്പെട്ടേക്കാമെന്നും മസ്ക് അഭിപ്രായപ്പെട്ടു. റഷ്യ യുക്രെയ്‌നിൽ അധിനിവേശം നടത്തിയപ്പോൾ രാജ്യത്തിന്റെ ആശയവിനിമയം നിർണായകമായതിനാൽ സ്പേസ് എക്സിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം റഷ്യയ്ക്കു നൽകിയതിനെ കുറിച്ചും റഷ്യയുടെ ബഹിരാകാശ വിക്ഷേപണ മേഖലയിലെ സ്പേസ് എക്സിന്റെ പങ്കാളിത്തം അവസാനിപ്പിച്ചതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. യുക്രെയ്ന് യുഎസ് പിന്തുണ നൽകുന്നതിൽ പ്രസിഡന്റ് ജോ ബൈഡൻ, സെനറ്റ് റിപ്പബ്ലിക്കൻ നേതാവ് മിച് മക് കേണൽ എന്നിവരുടേതിൽനിന്നു കടകവിരുദ്ധമായ നിലപാടാണ് മസ്കിന്റേത്.

റഷ്യയിൽ പുട്ടിൻ അധികാരത്തിൽനിന്നു പുറത്താകണമെന്ന് ആഗ്രഹിക്കുമ്പോൾത്തന്നെ, അദ്ദേഹത്തെ പുറത്താക്കാൻ ആർക്കാണ് സാധിക്കുകയെന്നും ആരെങ്കിലും അങ്ങനെ ചെയ്താൽത്തന്നെ ആ വ്യക്തി സമാധാനപ്രിയനായിരിക്കുമെന്ന് കരുതുന്നുണ്ടോയെന്നും മസ്ക് ചോദിച്ചു. അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അയാൾ പുട്ടിനേക്കാൾ കടുപ്പക്കാരനായിരിക്കുമെന്ന മുന്നറിയിപ്പും മസ്ക് ചർച്ചയിൽ പങ്കുവച്ചു.

റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ നേരത്തേയും സമാനമായ അഭിപ്രായങ്ങൾ മസ്ക് പങ്കുവച്ചിരുന്നു. യുക്രെയ്നു വിജയ സാധ്യത കുറവാണെന്ന് അഭിപ്രായപ്പെട്ട മസ്ക്, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുടെ സഹായാഭ്യർഥനയെ പരിഹസിക്കുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com