ADVERTISEMENT

പട്ന∙ റാം വിലാസ് പസ്വാന്റെ ഓർമകൾ വോട്ടായി മാറുന്ന ഹാജിപുരിൽ അനന്തരാവകാശിയാകാൻ മകൻ ചിരാഗ് പസ്വാൻ എത്തി. പട്നയിലെ വസതിയിൽനിന്നു ഹാജിപുരിലേക്കുള്ള നാമനിർദേശ പത്രികാ സമർപ്പണ റോഡ് ഷോക്കു മുൻപു ഖഗൗൽ ക്ഷേത്ര ദർശനവും നടത്തി. രണ്ടു തവണ വിജയിച്ച ജമുയി ലോക്സഭാ മണ്ഡലം സഹോദരി ഭർത്താവ് അരുൺ ഭാരതിക്കു കൈമാറിയാണ് എൽജെപി (റാംവിലാസ്) അധ്യക്ഷൻ ചിരാഗ് പസ്വാൻ ഹാജിപുർ പിടിക്കാനിറങ്ങിയത്. റാം വിലാസ് പസ്വാനെ എട്ടു തവണ ലോക്സഭയിലെത്തിച്ച മണ്ഡലമാണു ഹാജിപുർ. റാം വിലാസ് പസ്വാൻ രാജ്യസഭയിലേക്കു മാറിയതിനാൽ കഴിഞ്ഞ തവണ സഹോദരൻ പശുപതി പാരസിനെയാണു ഹാജിപുരിൽ നിർത്തി ജയിപ്പിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പശുപതി പാരസിനോടു പരാജയപ്പെട്ട ശിവചന്ദ്ര റാമാണ് ഇക്കുറിയും ഹാജിപുരിലെ ആർജെഡി സ്ഥാനാർഥി.

∙ മിലേ ന മിലേ ഹം

ബിഹാറിൽ എൻഡിഎയുടെ താരപ്രചാരകനായ ചിരാഗ് പസ്വാൻ ബോളിവുഡിലും അരക്കൈ നോക്കിയിരുന്നു. 2011ൽ പുറത്തിറങ്ങിയ ചിരാഗിന്റെ കന്നിച്ചിത്രം ‘മിലേ ന മിലേ ഹം’ ബോക്സ് ഓഫിസിൽ പൊട്ടി പാളീസായി. രാഷ്ട്രീയമാണു പറ്റിയ ഫീൽഡെന്നു തിരിച്ചറിഞ്ഞ ചിരാഗ് 2014ൽ ജമുയി മണ്ഡലത്തിൽ നിന്നു ലോക്സഭയിലേക്കു ജയിച്ചു കയറി. കന്നിച്ചിത്രത്തിൽ ചിരാഗിന്റെ നായികയായിരുന്ന കങ്കണ റനൗട്ട് ഇക്കുറി ലോക്സഭയിലേക്കു കന്നിയങ്കം കുറിച്ചുവെന്ന കൗതുകവുമുണ്ട്. ഹിമാചൽ പ്രദേശിലെ മണ്ഡി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി. ഭാഗ്യം കടാക്ഷിച്ചാൽ ‘മിലേ ന മിലേ ഹം’ നായികാനായകന്മാർ ലോക്സഭയിൽ വീണ്ടും കണ്ടുമുട്ടും.

∙ കുടുംബ കലഹം

റാം വിലാസ് പസ്വാന്റെ മരണത്തിനു ശേഷം എൽജെപിയിലുണ്ടായ പിളർപ്പിൽ സഹോദരൻ പശുപതി പാരസിനായിരുന്നു ആദ്യജയം. എൽജെപിയുടെ ആറ് എംപിമാരിൽ ചിരാഗ് പസ്വാനെ ഒറ്റപ്പെടുത്തി അഞ്ചു പേർ ഒന്നിച്ചപ്പോൾ കേന്ദ്രമന്ത്രി സ്ഥാനം പശുപതി പാരസ് സ്വന്തമാക്കി. ചിറ്റപ്പനെതിരെ തുറന്ന പോരിനിറങ്ങിയ ചിരാഗ് അണികളെ ഒപ്പം നിർത്തി വൻറാലികളിലൂടെ സംഘടനാ ശക്തി തെളിയിച്ചു. ചിരാഗിന്റെ ജനപിന്തുണ തിരിച്ചറിഞ്ഞ ബിജെപി നേതൃത്വം ചിരാഗിനെയും പശുപതി പാരസിനെയും ഒന്നിപ്പിക്കാൻ നടത്തിയ ലയന ശ്രമങ്ങൾ വിജയിച്ചില്ല. ഒത്തുതീർപ്പ് അസാധ്യമായതോടെ പശുപതി പാരസിനെ നിഷ്കരുണം തള്ളിക്കളഞ്ഞു ബിജെപി കേന്ദ്ര നേതൃത്വം ചിരാഗിനെ പിന്തുണച്ചു. ബിഹാറിലെ എൻഡിഎ സീറ്റു വിഭജനത്തിൽ പശുപതി പാരസിന്റെ ആർഎൽജെപിയെ തഴഞ്ഞ് ചിരാഗിന്റെ പാർട്ടിക്ക് അഞ്ചു സീറ്റുകൾ സമ്മാനിച്ചു.

∙ അടിപതറി ചിറ്റപ്പൻ

ഹാജിപുരിൽ വീണ്ടും മൽസരിക്കുമെന്നു ഭീഷണി മുഴക്കിയെങ്കിലും സഹോദരപുത്രന്റെ ജനസ്വാധീനം കണ്ടു പശുപതി പാരസ് മെല്ലെ പിൻവലിഞ്ഞു. പശുപതി പാരസിന്റെ ഒപ്പമുണ്ടായിരുന്ന സിറ്റിങ് എംപിമാരിൽ ചിരാഗ് പക്ഷത്തേക്കു കൂറുമാറിയ വൈശാലി എംപി വീണാദേവിക്കു മാത്രമാണ് സീറ്റുകിട്ടിയത്. സീറ്റു പ്രതീക്ഷിച്ചു ചേരി മാറിയ ഖഗഡിയ സിറ്റിങ് എംപി മെഹബൂബ് അലി കൈസറിനെ ചിരാഗ് വിശ്വാസത്തിലെടുത്തില്ല. സീറ്റു നിഷേധിക്കപ്പെട്ട മെഹബൂബ് അലി പ്രതിഷേധവുമായി ആർജെഡിയിൽ ചേർന്നിട്ടുണ്ട്. ആർഎൽജെപി ശിഥിലമായതോടെ പശുപതി പാരസ് നിശബ്ദനായി. ഒത്തുതീർപ്പ് ഉപാധിയായി പശുപതിക്കു ബിജെപി നൽകിയ ഗവർണർ സ്ഥാന വാഗ്ദാനം നടക്കുമോയെന്നു കണ്ടറിയണം.

English Summary:

Lok Sabha Elections 2024: Chirag Paswan files nomination papers from Bihar's Hajipur with fanfare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com