ADVERTISEMENT

രത്‌ലം ∙ ദലിത്, പിന്നാക്ക–ഗോത്ര വിഭാഗങ്ങൾക്ക് അവസരങ്ങൾ കൂട്ടാനായി ജാതിസംവരണം 50 ശതമാനത്തിൽനിന്ന് ഉയർത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.  മധ്യപ്രദേശിലെ രത്ലമിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും അദ്ദേഹം പറ​ഞ്ഞു. 

‘‘ബിജെപിയും ആർ‌എസ്എസും ഭരണഘടന ഇല്ലാതാക്കാനാണ് ആഗ്രഹിക്കുന്നത്. കോൺഗ്രസും ഇന്ത്യ മുന്നണിയും അത് സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്.  ജലത്തിലും വനത്തിലും ഭൂമിയിലും നിങ്ങൾക്ക് അവകാശം നൽകുന്നതാണ് ഈ ഭരണഘടന. നരേന്ദ്ര മോദി അതെല്ലാം നീക്കം ചെയ്യാനാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം പൂർണ അധികാരമാണ് ആഗ്രഹിക്കുന്നത്.’’– വിജയിക്കുകയാണെങ്കിൽ ഭരണഘടന തിരുത്തുമെന്ന് ബിജെപി നേതാക്കൾ പ്രഖ്യാപിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ പറഞ്ഞു. 

400 സീറ്റുകൾ എന്ന മുദ്രാവാക്യം അവർ ഉയർത്തിയത് ആ ലക്ഷ്യം വച്ചാണെന്നും അവർക്ക് 150 സീറ്റു പോലും ലഭിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംവരണം അവസാനിപ്പിക്കുമെന്നു ബിജെപി  പറയുന്നു. ഞങ്ങൾ വിജയിക്കുകയാണെങ്കിൽ സംവരണം 50 ശതമാനത്തിൽ അധികമായി ഉയർത്തും.  പാവപ്പെട്ടവർക്കും പിന്നാക്കക്കാർക്കും ദലിതുകൾക്കും ആദിവാസികൾക്കും അവർക്കാവശ്യമുള്ള  സംവരണം നൽകുമെന്നും രാഹുൽ വ്യക്തമാക്കി.

‌സംവരണത്തെ ചൊല്ലി എൻഡിഎയും ഇന്ത്യ മുന്നണിയും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നിരുന്നു. മുസ്‌‍ലിംകൾക്ക് വേണ്ടിയാണ് കോൺഗ്രസ് സംവരണം വിഷയം ഉയർത്തിക്കൊണ്ടു വരുന്നതെന്നായിരുന്നു മോദിയുടെ ആരോപണം. ‘കോൺഗ്രസിന്റെ ഷെഹ്സാദയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ഞാൻ വെല്ലുവിളിക്കുകയാണ്.  മതത്തിന്റെ പേരിൽ സംവരണം അവർ ഒരിക്കലും ദുരുപയോഗം ചെയ്യില്ലെന്നും ഭരണഘടനവ‌ച്ച് കളിക്കില്ലെന്നും അവർ പ്രഖ്യാപിക്കണം’ എന്നായിരുന്നു മോദി പറഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com