രാജ്യം 68-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന വേളയിൽ വ്യത്യസ്തമായൊരു ഇന്ത്യൻ ഭൂപടം നിർമിച്ചിരിക്കുയാണ് ജപ്പാൻ വാഹന നിർമാതാക്കളായ നിസാൻ. നിസാന്റെ മസിൽ കാർ ജിടിആർ ഡ്രിഫ്റ്റ് ചെയ്താണ് ലോകത്തിലെ ഏറ്റവും വലിയ ഭൂപടങ്ങളിലൊന്ന് നിർമിച്ചിരിക്കുന്നത്. രാജസ്ഥാനിലെ സാംഭർ തടാകത്തിലെ വരണ്ട ഉപരിതലത്തിലാണ് ഈ മാപ്പ് തയ്യാറിക്കിയിരിക്കുന്നത്. മൂന്നു കിലോമീറ്റർ നീളവും 2.8 കിലോമീറ്റർ വീതിയുമുള്ള ഈ ഭൂപടത്തിലെ ആകെ വിസ്തീർണം 14.7 കിലോമീറ്ററാണ്.
Legendary Precision Salutes India #OMGTR
ലിംഗ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം നേടിയ ഈ പ്രകടനം ജിപിഎസിന്റെ സഹായത്തോടെയാണ് നിസാൻ ജിടിആർ നടത്തിയത്. വാഹനത്തിന്റെ കരുത്തും പെർഫോമൻസും എടുത്തു കാണിക്കുന്നതിന് വേണ്ടിയാണ് ഈ ഭൂപടം നിർമ്മിച്ചതെന്ന് കമ്പനി പറയുന്നു. ഭൂപടം നിർമിക്കുന്നതിന്റെ വിഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. നിസ്സാന്റെ ഫ്ളാഗ്ഷിപ് സ്പോർട്സ് കാർ മോഡലായ ജി ടി — ആർ കഴിഞ്ഞ വർഷമാണ് ഇന്ത്യയിലെത്തിയത്. പുത്തൻ രൂപകൽപ്പനയും ആഡംബരം തുളുമ്പുന്ന അകത്തളവും മികച്ച ഡ്രൈവിങ് ക്ഷമതയും കൂടുതൽ സൗകര്യങ്ങളും സംവിധാനങ്ങളുമാണ് ജിടി-ആറിന്റെ പ്രധാന ആകർഷണം.
അത്യാധുനിക 3.8 ലീറ്റർ, വി സിക്സ്, 24 വാൽവ്, ഇരട്ട ടർബോചാർജ്ഡ് എൻജിനാണു ‘ജി ടി — ആറി’നു കരുത്തേകുന്നത്; 6,800 ആർ പി എമ്മിൽ 570 പി എസ് വരെ കരുത്തും 637 എൻ എം വരെ ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ജപ്പാനിൽ ‘ടകുമി’ എന്നറിയപ്പെടുന്ന വിദഗ്ധരുടെ കരവിരുതിൽ പിറക്കുന്ന ഈ എൻജിനൊപ്പമുള്ളത് ആറു സ്പീഡ് ഇരട്ട ക്ലച് ട്രാൻസ്മിഷനാണ്. ഈ സങ്കലനത്തിൽ വെറും മൂന്നു സെക്കൻഡിലാണു ‘ജി ടി — ആർ’ നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കുക.