Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപ്പി ഒരു നിഷ്കളങ്കൻ

cofeee

ചായ, കാപ്പി ഇത്യാദി സാധനങ്ങളെയൊക്കെ ഒരു കൈ അകലത്തിൽ നിർത്താനാണ് എപ്പോഴും ഡയറ്റീഷ്യൻമാർ ഉപദേശിക്കുന്നത്. എന്നാൽ ഒരു കപ്പ് കാപ്പി ദിവസേന കുടിക്കുന്നതുകൊണ്ട് ജീവിതശൈലി രോഗങ്ങളൊന്നും പിടികൂടില്ലെന്നാണ് പുതിയ കണ്ടെത്തൽ. അതായത് കാപ്പികുടി ജീവിത ശൈലീ രോഗങ്ങൾക്ക് കാരണക്കാരാകുകയോ പ്രതിരോ‌ധിക്കുകയോ ചെയ്യുന്നില്ലെന്ന്.

പ്രമേഹമോ വിശപ്പോ കൂട്ടി നിങ്ങളെ തടിയൻമാരും തടിച്ചികളുമാക്കുന്നതിൽ കാപ്പിക്കൊരു പങ്കുമില്ല. കോപ്പൻഹേഗൻ സർവ്വകലാശാലയും ഹേർലെവ് ആൻ ജെൻറോഫ് ആശുപത്രിയും ചേർന്നു നടത്തിയ പഠനത്തിലാണ് കാപ്പിയുടെ നിഷ്കളങ്കത വെളിവായത്. നേരത്തെ കാപ്പി ശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് ജീനുകളെ ഉപയോഗിച്ച് പഠനം നടത്തിയ സംഘമാണ് ഇത്. 93,000 ആളുകളിൽ നടത്തിയ പഠനത്തിൽ നിന്നാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

ജീവിത ശൈലിയുമായി ബന്ധപ്പെട്ട ഘടകങ്ങളും ജീനുകളും തമ്മിൽ ബന്ധമൊന്നുമില്ല. അതുകൊണ്ടു തന്നെ കോഫി കുടിക്കുന്നത് രോഗങ്ങളെ വിളിച്ചുവരുത്തുമെന്നു പറയാനാകില്ലെന്നാണ് ഗവേഷക സംഘത്തിൻറെ നിഗമനം. മനുഷ്യരിൽ കോഫി പ്രിയത്തിനു കാരണക്കാരായ ജീനുകളെ അവലംബമാക്കിയാണ് പഠനസംഘം ഗവേഷണം നടത്തിയത്.

ചിലർ കാപ്പി ഭ്രാന്തൻമാരായിരിക്കും. ഈ സ്വഭാവവും ജീനും തമ്മിലുള്ള ബന്ധമാണ് പഠന സംഘം ആദ്യം പരിശോധിച്ചത്. മറ്റ് ജീവിതശൈലി ഘടകങ്ങളിൽ നിന്നും തീർത്തും സ്വതന്ത്രരാണ് ഈ ജീനുകൾ. കോഫിയോട് ഇഷ്ടം കൂട്ടുന്ന സ്പെഷ്യൽ ജീനുള്ളവർ സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരുപാട് കാപ്പി കുടിക്കുന്നവരായിരിക്കും. ഇത്ത‌രത്തിൽ സ്പെഷ്യൽ ജീനുകളുള്ളവരിലും ഇല്ലാത്തവരിലും കാപ്പി കുടിക്കുന്നതു മൂലം ജീവിതശൈലീ രോഗങ്ങൾ ഉണ്ടാകാന‌ുള്ള സാധ്യത കൂടുകയോ കുറയുകയോ ചെയ്യുന്നില്ലെന്ന നിഗമനത്തിലെത്തിയത്. ഇത്തരക്കാർ ധാരാളം കോഫി കുടിക്കുകയും ചെയ്യും. ഇന്റർനാഷണൽ ജേണൽ ഓഫ് എപിഡെമിയോളജിയിൽ പഠനഫലം പ്രസി‌ദ്ധപ്പെടുത്തിയിട്ടുണ്ട്.