കുഞ്ഞുങ്ങളുടെ കരച്ചിലടക്കാൻ കാർട്ടൂൺ ചാനൽ തുറന്നുവയ്ക്കുന്ന ‘ഡാഡി, മമ്മി’മാരുടെ ശ്രദ്ധയ്ക്ക്. കാർട്ടൂൺ ചാനൽ തുടർച്ചയായി കണ്ടാൽ നിങ്ങളുടെ പിഞ്ചോമനകൾ പൊണ്ണത്തടിയന്മാരായിത്തീരുമെന്ന് വാഷിങ്ടണിൽ നടന്ന പഠനം മുന്നറിയിപ്പു നൽകി.
കാർട്ടൂണിലെ പൊണ്ണത്തടിയന്മാരായ കഥാപാത്രങ്ങൾ വാരിക്കൂട്ടുന്ന കയ്യടികളും അവരുടെ തമാശകളും കാണുമ്പോൾ അമിതവണ്ണം വളരെ അഭിനന്ദാർഹമാണെന്ന തെറ്റിദ്ധാരണ കുട്ടികൾക്കുണ്ടാകുന്നു. അവരെപ്പോലെ തടിച്ചുരുണ്ടവരാകാനായിരിക്കും കുട്ടികൾക്ക് ഇഷ്ടം. പിന്നെ, കാർട്ടൂൺ കഥാപാത്രങ്ങൾ ഏതുനേരവും ചോക്ലേറ്റും ഐസ്ക്രീമും പുഡിങ്ങും പോലുള്ള അമിതകലോറിയുള്ള ഭക്ഷണം മാത്രം കഴിക്കുന്നവരാണ്. ഇതു കാണുന്ന കുട്ടികൾ സാധാരണ ഭക്ഷണപദാർഥങ്ങളായ ചോറും പച്ചക്കറികളും കഴിക്കുന്നതിന് മടിയുള്ളവരാകുന്നു. ഭക്ഷണം എന്നാൽ ചോക്ലേറ്റും ഐസ്ക്രീമും മാത്രമാണെന്ന തെറ്റിദ്ധാരണ കാർട്ടൂൺ കാഴ്ച കുട്ടികളിൽ വളർത്തിയെടുക്കുന്നു.
പായ്ക്കറ്റ് ഫുഡും കൃത്രിമനിറം ചേർത്ത ടിൻ ഫുഡും ആണല്ലോ കാർട്ടൂണിലെ കഥാപാത്രങ്ങൾ കഴിക്കുക. അല്ലാതെ കുത്തരിച്ചോറും ഇലക്കറിയും പച്ചക്കറിയും കഴിക്കുന്ന കഥാപാത്രങ്ങളെ കുട്ടികൾ കാണുന്നില്ലല്ലോ. എട്ടുവയസ്സിനും 12 വയസ്സിനും ഇടയിലുള്ള മുന്നൂറോളം കുട്ടികളെയാണ് കൊളറാഡോയിലെ സർവകലാശാലയിൽ പഠനവിധേയരാക്കിയത്. നിരന്തരം കാർട്ടൂൺ കാണുന്ന കുട്ടികളുടെ ഹീറോ ഏതെങ്കിലും കാർട്ടൂൺ കഥാപാത്രമായിരിക്കും. അവർ ചെയ്യുന്നതുപോലെ ചെയ്യാനും ഭക്ഷണം കഴിക്കാനുമൊക്കെയായിരിക്കും കുട്ടികൾക്കും താൽപര്യം. ടിവിയിലെ കാർട്ടൂൺ മാത്രമല്ല, കോമിക് പുസ്തകങ്ങളിലെ കാർട്ടൂൺ കഥാപാത്രങ്ങളും കുട്ടികളുടെ ഭക്ഷണശീലത്തെ സ്വാധീനിക്കുന്നുണ്ടെന്ന് പഠനം അവകാശപ്പെടുന്നു.