കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ 10 പുതിയ ചെടികളെയാണ് ഇത്തവണ അവതരിപ്പിക്കുന്നത്. രോഗകീട ആക്രമണം കുറവുള്ളതും കൂടുതൽ പരിചരണം ആവശ്യമില്ലാത്തതുമായ ചെടികളാണ് താഴെ പറയുന്നവയെല്ലാം തന്നെ.
1. യുജീനിയ (Eugenia)
ഗ്രാമ്പുവിന്റെ കുടുംബത്തിൽപെട്ട ഇലച്ചെടിയാണ് യുജീനിയ. ഇതിന്റെ തളിരിലകളുടെ ഓറഞ്ച് നിറമാണ് ഈ ചെടിയെ പൂന്തോട്ടങ്ങളുടെ അഭിഭാജ്യ ഘടകമാക്കുന്നത്. അഞ്ച് – ആറ് അടി ഉയരമുള്ള കുറ്റിച്ചെടി മുതൽ വലിയ മരമായിവരെ ഇതിനെ വളർത്തിയെടുക്കാം. ഇടയ്ക്കിടെ പ്രൂൺ ചെയ്യണമെന്നതാണ് ഈ ചെടിക്കു വേണ്ട ഏക പരിചരണം. തളിരിലകൾ എപ്പോഴും വേണം. കൂട്ടമായും ഒറ്റയ്ക്കും ഈ ചെടി വളർത്തിയെടുക്കാം. ഓറഞ്ച് തളിരുകളുള്ള ചെടിയാണ് ആദ്യം വിപണിയിലെത്തിയതെങ്കിലും പിന്നീട് കടും ഓറഞ്ച്, കറുപ്പ് നിറത്തിൽ തളിരുകളുള്ള യുജീനിയയും വിപണിയിൽ ലഭിക്കാൻ തുടങ്ങി. നല്ല വെയിൽവേണം. നിലത്തു നടാം.
2. അബൂട്ടിലോൺ (Abutilone)
ചെമ്പരത്തിയുടെ കുടുംബത്തിൽപെട്ട ചെടിയാണിത്. ഭംഗിയുള്ള പൂക്കൾ താഴേക്ക് വിടർന്നു നിൽക്കും. ഒറ്റയ്ക്കോ കൂട്ടമായോ നടാം. കമ്പു മുറിച്ചു നട്ടും പുതിയ ചെടികൾ സൃഷ്ടിക്കാം. പുതിയ ചെടിയായതിനാൽ വില അല്പം കൂടുതലാണ്. പുതിയ ചെടിയായതിനാൽ വില അല്പം കൂടുതലാണ്. വലിയ ചെടിക്ക് 500 രൂപ വരും. വെയിൽ നന്നായി ലഭിച്ചാൽ നിറയെ പൂക്കളുണ്ടാകും.
3. ന്യൂ റെഡ് ചെത്തി (New Red Chethy)
സാധാരണ ചെത്തിയുടെ പുതിയ പതിപ്പാണിത്. പൂക്കൾ തിങ്ങി നിറഞ്ഞ വലിയ പൂങ്കുലകളാണ് ഈ ചെടിയെ ആകർഷകമാക്കുന്നത്. പൂങ്കുലകൾക്ക് തീക്ഷ്ണമായ ചുവന്ന നിറമാണ്. പൊഴിയാതെ കൂടുതൽ കാലം നിൽക്കുകയും ചെയ്യും. രണ്ട് – മൂന്ന് അടി ഉയരം വരും. രോഗങ്ങളുടെയും കീടങ്ങളുടെയും ശല്യം താരതമ്യേന കുറവാണ്. പുൽത്തകിടിക്ക് അരികിടാനും പുൽത്തകിടിയുടെ നടുവിൽ കൂട്ടമായി നടാനും അനുയോജ്യമാണ്. മഴക്കാലം ഉൾപ്പെടെ എല്ലാ കാലത്തും നല്ല രീതിയിൽ പൂക്കൾ ലഭിക്കുമെന്നതും ഇതിനെ പ്രിയങ്കരമാക്കുന്നു. നല്ല വെയിൽ ലഭിക്കണം. ചെടികൾ കൂട്ടമായി നടുന്നതാണു ഭംഗി. ഏകദേശം 60 രൂപയ്ക്ക് ചെറിയ തൈ ലഭിക്കും. വലുതിന് 250 രൂപ വരും. കമ്പുനട്ട് പുതിയ ചെടികൾ ഉൽപാദിപ്പിക്കാം. തേനീച്ചകളെ വളരെയധികം ആകർഷിക്കുന്ന ചെടിയാണിത്.
4. പ്ലെക്ട്രാന്തസ്(Plectranthus)
നിലത്തു കൂട്ടമായി നടാവുന്ന ചെടിയാണിത്. ഇടയ്ക്കിടെ കമ്പുകോതിക്കൊടുത്താൽ നന്നായി പൂക്കളുണ്ടാകും. െവയിൽ നന്നായി കിട്ടണം. രോഗകീടബാധകൾ കുറവാണ്. വെള്ളം കെട്ടിക്കിടക്കാതെ നോക്കണം എന്നുമാത്രം. വയലറ്റ് നിറത്തിലുള്ള കതിരുപോലെയുള്ള ചെറിയ പൂക്കളാണിതിന്. ചെടിക്ക് ഒന്നിന് ഏകദേശം 50 രൂപ വിലവരും. കമ്പു മുറിച്ചു നട്ട് പുതിയ ചെടികൾ ഉൽപാദിപ്പിക്കാം.
5. ലാറോപെറ്റാലം(Lauropetalum)
ഇലകളുടെ നിറത്താൽ ആകർഷകമാണ് ലാറോപെറ്റാലം. ഏകദേശം രണ്ട് അടിപൊക്കം വയ്ക്കും. ഡീപ് പർപ്പിൾ നിറമാണ് ഇതിന്റെ ഇലകൾക്ക്. പിങ്ക് നിറമുള്ള പൂക്കളും ഉണ്ടാകും. നല്ല വെയിൽ ലഭിച്ചാൽ ഇലകളുടെ ചന്തമേറും. തണലിൽ വളർത്താൻ അനുയോജ്യമല്ല ഈ ചെടി. ലോണിന്റെ നടുവിൽ ബോൾസ് ആയി വെട്ടിനിർത്താൻ അനുയോജ്യമായ ചെടിയാണ്. നാലോ അഞ്ചോ ചെടികൾ ഒരുമിച്ചു നട്ട്, ഒരുമിച്ച് ആകൃതി വരുത്തുകയുമാകാം. അല്പം വിലക്കൂടുതലുള്ള ചെടിയാണിത്. ഒരെണ്ണത്തിന് ഏകദേശം 300 രൂപ വരും. കമ്പുമുറിച്ചു നട്ടാൽ പിടിക്കുന്നുണ്ട്.
6. മെഡിനെല്ല (Medinella)
പൂന്തോട്ടത്തിൽ വലിയ പൂക്കൾ വേണമെന്ന് ആഗ്രഹമുണ്ടെങ്കിൽ മെഡിനെല്ല അനുയോജ്യമായിരിക്കും. പിങ്ക് നിറത്തിലുള്ള കുലകളായി തൂങ്ങിക്കിടക്കുന്ന പൂക്കളാണ് മെഡിനെല്ലയുടേത്. കുറ്റിച്ചെടിയാണിത്. ചട്ടിയിൽ നടാം. ഇരുണ്ട പച്ച നിറമുള്ള വലിയ ഇലകളാണ്. ഇടത്തരം വെയിൽ ലഭിച്ചാൽ മതി. കാര്യമായ അസുഖങ്ങളൊന്നും ഇതിനെ ബാധിക്കാറില്ല. ഒറ്റയായോ കൂട്ടമായോ നടാം. ബാൽക്കണിയിൽ വയ്ക്കാനും യോജിക്കും തൂക്കിയിടുന്ന ചട്ടികളിലും വളർത്താം.
7. കോസ്റ്റസ് (Castus)
ഇഞ്ചിയുടെ (Ginger) കുടുംബത്തിൽപെട്ട മറ്റൊരു ചെടിയാണിത്. ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കും. ഇടയ്ക്കിടെ വെട്ടിനിർത്തിയാൽ പുതിയ തളിരിൽ നിന്ന് പൂക്കൾ ഉണ്ടാകും. സൂര്യപ്രകാശം ലഭിച്ചാൽ മതി. കത്തുന്ന വെയിൽ വേണമെന്നില്ല. അതു കൊണ്ടു തന്നെ അധികം വെയിൽ ലഭിക്കാത്ത ഇടങ്ങളിലും നടാം. വലിയ പരിചരണം ആവശ്യമില്ല. കമ്പു നട്ടും പ്രജനനം നടത്താം. കാൻഡിൽ ജിഞ്ചർ, സ്പൈറൽ ജിഞ്ചർ എന്നീ വെറൈറ്റികളുണ്ട്.
8. കാഷ്വറീന(Casuarena)
കാറ്റാടിയുടെ (ചൂളമരം) കുടുംബമാണ് കാഷ്വറീന. ഏത് ആകൃതിയിലും വെട്ടി നിർത്താൻ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. ബോൾ പോലെയോ കോൺ ആകൃതിയിലോ ഒക്കെ പൂന്തോട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാം. ഈ ചെടിയെ ഒറ്റയ്ക്കാണ് നടുന്നത്. കാഷ്വറീനയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സവിശേഷ നിറമാണ്. പച്ച കൂടാതെ മഞ്ഞ, വെള്ള, പച്ചയും വെള്ളയും ഇടകലർന്നത് എന്നീ നിറങ്ങളിലെല്ലാം ലഭിക്കും. വില അല്പം കൂടുതലാണ്. 1500 രൂപ മുതൽ വരും. പരിചരണം കാര്യമായി ആവശ്യമില്ല. നനയുടെ ആവശ്യവുമില്ല. നല്ല വെയിൽ ലഭിക്കണമെന്നതാണ് നടുമ്പോൾ ശ്രദ്ധിക്കേണ്ട ഏകകാര്യം.
9. ഗോൾഡൻ കാസ്കേഡ്(Golden Cascade)
കണിക്കൊന്നയുടെ പൂപോലെ മഞ്ഞ നിറമുള്ള കുലകളായാണ് ഈ ചെടിയിൽ പൂക്കൾ കാണപ്പെടുന്നത്. പൂക്കൾ താഴേക്ക് തൂങ്ങിക്കിടക്കും. ചെറുതായി വള്ളി പടരുന്ന സ്വഭാവം കാണിക്കുന്ന ഈ ചെടിചട്ടിയിൽ വയ്ക്കാം. വലിയ വെയിൽ വേണമെന്ന നിർബന്ധമില്ലാത്ത ചെടികൂടിയാണിത്. പോളി ഹൗസിൽ വരെ വളർത്താം. ഒറ്റയ്ക്കോ കൂട്ടമായോ നടാം. കമ്പ് മുറിച്ചു നട്ട് കൂടുതൽ ചെടികൾ ഉൽപാദിപ്പിക്കാം. വേനലിൽ ധാരാളം പൂവിടും.
10. ആൾട്ടനാന്ത്ര( Altenanthra)
ചീര എന്ന് പരക്കെ അറിയപ്പെടുന്ന ഇലചെടിയാ ണിത്. ചീരയുടെ നിറത്തിലും പച്ച നിറത്തിലും ധാരാളം ലഭിച്ചിരുന്ന ആൾട്ടനാന്ത്രയുടെ വിവിധ വർണങ്ങൾ ഇപ്പോൾ ലഭിക്കും. ഇളംപച്ച, കടുംപച്ച, വെള്ള, ചുവപ്പിന്റെയും പർപ്പിളിന്റെയും വിവിധ നിറഭേദങ്ങൾ ഇവയെല്ലാം ഇപ്പോൾ ലഭ്യമാണ്. ബോർഡറായും ബെഡ് ഇടാനും അനുയോജ്യമാണ്. നല്ല വെയിൽവേണം. നനയും.
വിവരങ്ങൾക്കു കടപ്പാട് :
പ്രഫ. ജേക്കബ് വർഗീസ് കൂന്തറ,
ഭാരത്മാതാ കോളജ്, കാക്കനാട്. കൊച്ചി.
Read more- Garden Trends Kerala Home Garden