ഒരു പ്രകോപനവുമില്ലാതെ പെട്ടെന്നുണ്ടായ തോന്നലിന്റെ പുറത്താണ് കോട്ടയം കുറുപ്പുന്തറയിലുള്ള ബേബി ഹരിയും മകൻ ആഷിഖും മുളയുടെ ആരാധകരായത്. നാല് വർഷം മുൻപ് സീനായി ഗാർഡൻ എന്ന വില്ല പ്രോജക്ടിൽ 40 സെന്റ് വാങ്ങി അവിടെ പ്ലോട്ട് മൂന്നാക്കിത്തിരിച്ച് വീടുകളും വച്ചു. വാടകക്കാരെ ഉദ്ദേശിച്ചു വാങ്ങിയ പ്ലോട്ടായിരുന്നു അത്. പക്ഷേ ആറ് മാസം മുൻപ് ബേബിയും ആഷിഖും സീനായി ഗാർഡൻസിൽ താമസം തുടങ്ങി. അപ്പോഴേക്കും മുളകളെല്ലാം പടർന്നു പന്തലിച്ച് പ്ലോട്ട് പച്ചപ്പിന്റെ കൂടാരമായി മാറിയിരുന്നു.
മുളങ്കാടിനു കാതോർത്ത്
ആദ്യം വച്ച നാടൻ മുളകൾ എല്ലാം തന്നെ വളർന്ന് തണലും കുളിരും സംഗീതവും നൽകിത്തുടങ്ങിയപ്പോൾ പ്രകൃതിസ്നേഹികൾ കൂടിയായ ബേബിയും ആഷിഖും കൂടുതൽ മുളകൾക്കുവേണ്ടി അന്വേഷിക്കാൻ തുടങ്ങി. അങ്ങനെ 13 വിധത്തിലുള്ള മുളകളാണ് ഇവർ ശേഖരിച്ചത്. ഇതിൽ തായ്‌ലൻഡിൽനിന്നുള്ള കറുത്ത മുള, സ്വർണമുള, മഞ്ഞമുള, വെള്ള മിനിയേച്ചർ ഇല്ലി, നാടൻ മുള, ചൂരൽ, ഈറ്റ എന്നിങ്ങനെ നാട്ടിൽ സാധാരണ കാണുന്നതും കാണാത്തവയുമായ മുളകൾ ഇവിടെയുണ്ട്.
ഗെയ്റ്റിലെ മഞ്ഞ മുളയുടെ സ്വർണവർണമാണ് നാലാപ്പാട് വീട്ടിലേക്ക് അതിഥികളെ സ്വാഗതം ചെയ്യുക. വീടിനോട് അടുക്കുംതോറും മുളംകൂട്ടത്തിന്റെ നിറവും സ്വഭാവവും സാന്ദ്രതയുമെല്ലാം മാറിമാറി വരും. പ്ലോട്ട് പല തട്ടായിക്കിടക്കുന്നതിനാലും മുളങ്കാടുകളുടെ സൗന്ദര്യം ഇവിടെ കൂടുതലാണ്. വീടിന്റെ മുൻവശത്ത് മഞ്ഞ മുളയും സ്വർണമുളയും ഇടകലർത്തി നട്ടിരിക്കുന്നു.
മഞ്ഞ മുളയിൽ പച്ച നിറമുള്ള വരകൾ കാണാം. അതേസമയം സ്വർണമുളയിൽ മഞ്ഞനിറം മാത്രമാണ് ഉണ്ടായിരിക്കുക. വീടിന്റെ ഒരുവശത്താണ് തായ്‌ലൻഡിൽനിന്നുള്ള കരിമുള വിൽക്കുന്നത്. കോട്ടയത്തെ ഒരു നഴ്സ്സറിയിൽനിന്നാണ് ബേബി കരിമുള സ്വന്തമാക്കിയത്. കറുപ്പും കരിംപച്ചയും ഇടകലർന്ന ഈ മുളയിൽ മുള്ളുകളില്ല. കാറ്റിൽ ആടുമ്പോൾ സംഗീതം പൊഴിക്കുന്ന കരിമുളയാണ് ഏറ്റവും ഭംഗിയിൽ നിൽക്കുന്നത്.
ലാത്തിമുള, ഈറ്റ, നാടൻമുള ഇവയെല്ലാം ഒരുമിച്ചുനട്ട് അതോടു ചേർന്ന് ഒരു ഇരിപ്പിടവും ഒരുക്കിയപ്പോൾ വായിക്കാനും പാട്ടുകേൾക്കാനുമെല്ലാം അനുയോജ്യമായ ഒരിടമായി. മുളയുടെ തണലിൽ വിശ്രമിക്കാൻ നിരവധി പക്ഷികളും അണ്ണാറക്കണ്ണന്മാരും എത്തുന്നുണ്ടെന്ന് ആഷിഖ് പറയുന്നു.
പ്രത്യേക പരിചരണമൊന്നും വേണ്ട എന്നതാണ് മുളയുടെ ഏറ്റവും വലിയ പ്രത്യേകത. നനയോ വളമിടലോ ഒന്നും പ്രത്യേകമായി ചെയ്യേണ്ടതില്ല. വീടിനു ചുറ്റുമുള്ള അന്തരീക്ഷത്തിലെ ഊഷ്മാവ് കുറയ്ക്കാനും മുളകൾ വളരെയധികം സഹായിക്കുന്നുണ്ട്.
ഫലവൃക്ഷവും ഔഷധവൃക്ഷവും
മുളകൾ മാത്രമല്ല, ഫലവൃക്ഷങ്ങൾ നട്ടുവളർത്തുന്നതും ബേബിയുടെയും ആഷിഖിനെയും ഹോബിയാണ്. നാടനും ക്രിക്കറ്റ് ബോളും പോലുള്ള വ്യത്യസ്തതരം സപ്പോട്ടകൾ ഇവരുടെ വീട്ടിലുണ്ട്. മുള്ളാത്ത, ചാമ്പ, പാഷൻ ഫ്രൂട്ട്, നെല്ലി എന്നിവയെല്ലാം ഇതിൽപ്പെടുന്നു. മുളയുടെ തണൽ വീണ പ്രദേശങ്ങളാണ് കൂടുതൽ എന്നതിനാൽ ചെടികളും മരങ്ങളും പിടിക്കാൻ പ്രയാസമാണ്.
മുളംകാട് മാത്രമല്ല, ഫെറോസിമൻ്റ് കൊണ്ടുള്ള ശില്പങ്ങളും ട്രീ ഹൗസുമെല്ലാം നിർമിച്ച് ഇവർ വീടിനെ റിസോർട് രീതിയിലേക്ക് മാറ്റിയെടുത്തിരിക്കുന്നു. വീടിനു മുന്നിലെ വ്യാളീ ശിൽപ്പത്തിൽ പല ജീവികളും രാത്രി കഴിച്ചുകൂട്ടാനെത്താറുണ്ടെന്നു ആഷിഖ് പറയുന്നു. വീടിനുമുന്നിൽ നിർമിച്ചിരിക്കുന്ന ഗുഹ കുട്ടികളെ വളരെയധികം ആകർഷിക്കും. ട്രീഹൗസും കൂടാരവുമെല്ലാം സ്വച്ഛതയന്വേഷിച്ചെത്തുന്നവരെ ആകർഷിക്കാൻ കൂടിയുള്ളതാണ്.
ഒരു കാടിന്റെ സ്വച്ഛതയും ശാന്തതയും നല്കാൻ മുളംകൂട്ടങ്ങൾക്കും ഈ അന്തരീക്ഷത്തിനും സാധിക്കുമെന്ന് ഉറപ്പുപറയുന്നു ആഷിഖ്. നിലാവുള്ള രാത്രികളിൽ മുളയുടെ പാട്ടും കേട്ട് കാറ്റുമേറ്റിരിക്കുമ്പോൾ തനിക്കു ലഭിക്കുന്ന സന്തോഷം കൊണ്ട് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു ബേബി.