Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരും മോഹിക്കും ഇതുപോലെ ഒരു മലർവാടി വീട്!

hobby-gardening-house-konni 70 ലേറെ വർഷങ്ങൾ പഴക്കമുള്ള തറവാടാണ് കോന്നിക്കടുത്ത് കല്ലേലിയിലുള്ള അക്കരക്കാലയിൽ. ഒരുകാലത്ത് ആനയും പശുക്കളുമെല്ലാം വിരാജിച്ചിരുന്ന മുറ്റത്ത് ഇപ്പോൾ നിറയേ ചെടികളും പൂക്കളുമാണ്.

ഏതു തിരക്കിനിടയിലും ചെയ്യാൻ ഇഷ്ടപ്പെടുന്നത്.. എന്ത് ആരോഗ്യപ്രശ്നങ്ങൾക്കിടയിലും ചെയ്യാൻ മറക്കാത്തത്.. അതിനെയാണ് ഹോബി എന്നു വിളിക്കുന്നതെങ്കിൽ പൂന്തോട്ടനിർമാണവും പരിപാലനവും ലിജി വർഗീസിന്റെ ഹോബിയാണ്. രാവിലെ വീട്ടുജോലികൾ കഴിഞ്ഞാൽ മുറ്റത്തുതന്നെയാണ് പിന്നീട് ആ ദിവസം മുഴുവൻ എന്നു കേൾക്കുമ്പോൾതന്നെ പിടികിട്ടും ലിജിയുടെ പൂന്തോട്ടപ്രണയം.

lijy-varghese-konny

70 ലേറെ വർഷങ്ങൾ പഴക്കമുള്ള തറവാടാണ് കോന്നിക്കടുത്ത് കല്ലേലിയിലുള്ള അക്കരക്കാലയിൽ. ഒരുകാലത്ത് ആനയും പശുക്കളുമെല്ലാം വിരാജിച്ചിരുന്ന മുറ്റത്ത് ഇപ്പോൾ നിറയേ ചെടികളും പൂക്കളുമാണ്. സാധാരണ പത്തുമണിച്ചെടി മുതൽ കാറ്റ്‌ലേയ ഓർക്കിഡ് വരെ ഇവിടെ കാണാം.

മീൻ ചട്ടിയിൽ മുതൽ

hobby-garden-konny

തട്ടിൻമുകളിൽ വെറുതെ കിടന്നിരുന്ന പാത്രങ്ങളും ചട്ടികളുമെല്ലാം ചെടിവയ്ക്കാൻ കൊള്ളാമെന്നു കണ്ടുപിടിച്ചിട്ടുണ്ട് ലിജി. കൂടാതെ, പഴയ തടിക്കഷണങ്ങളിലും ചെടികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. മുറ്റത്ത് നിന്നിരുന്ന മാവിന്റെ ഒരു കൊമ്പ് വളഞ്ഞ് തൂങ്ങിയപ്പോൾ നാട്ടുകാർ വിധിയെഴുതി ‘ആ കൊമ്പ് വെട്ടാം.’ പക്ഷേ, ആ ശിഖരത്തിൽ ചെടികൾ തൂക്കിയിടാമെന്ന ലിജിയുടെ ചിന്തയാണ് ശരിയെന്ന് കാലം തെളിയിച്ചു. എന്തിന്, ഒരു ടയറുപോലും വെറുതെ കളയാൻ ലിജി തയാറല്ല. വല്ലഭനു പുല്ലുമായുധം എന്നു പറയുന്നതുപോലെ പഴയ മരുന്നു കുടങ്ങളും ഉള്ളുപൊള്ളയായ തടിയിലുമെല്ലാം ചെടികൾ ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട് ലിജി.

ഒന്ന് പത്താകും

gardening-plants

ഇഷ്ടപ്പെട്ട ഒരു ചെടി കിട്ടിയാൽ തയ്യോ കമ്പോ നട്ട് കൂടുതൽ എണ്ണമാക്കി ഒരുമിച്ചു വയ്ക്കുന്നതാണ് ലിജിയുടെ രീതി. ഒരു ചട്ടിയിൽ മാത്രം ഒരു ചെടി നിൽക്കുന്നതിലും ഭംഗി ഒരേ ചെടി ഒന്നിലധികം ചട്ടികളിൽ നിറഞ്ഞു നിൽക്കുന്നതാണ്. അഗ്ലോനിമയുടെ ഒന്നിൽ കൂടുതൽ ഇനങ്ങൾ ഇത്തരത്തിൽ പരീക്ഷിച്ചിട്ടുണ്ട്. ഇലകളുടെ നിറംകൊണ്ട് ആകർഷകമായ ചെടികൾ തോട്ടത്തിൽ ധാരാളമുണ്ട്. ഇവയ്ക്ക് പരിചരണം കൂടുതൽ വേണ്ട. എന്നാല്‍, റോസും ആഫ്രിക്കൻ വയലറ്റും പോലെയുള്ള കൂടുതൽ പരിചരണം ആവശ്യമുള്ള ചെടികളും ഇവിടെ കാണാം. മഴ കഴിഞ്ഞാൽ ഓർക്കിഡിന്റെയും ബൊഗെയ്ൻവില്ലയുടെയും കാലമായി. പിന്നെ മുറ്റം പൂക്കളമായി മാറും. ചെടികൾ പക്ഷിമൃഗാദികളുടെ ആകൃതിയിൽ പ്രൂൺ ചെയ്തു നിർത്താന്‍ ഒരു സഹായിയുണ്ട് ലിജിക്ക്. ഓർക്കിഡിന്റെ വലിയൊരു ശേഖരമാണ് ലിജിക്കുള്ളത്. വീടിനോടു ചേർന്ന്, ഉപയോഗിക്കാതെ കിടക്കുന്ന കാലിത്തൊഴുത്തിന്റെ മുന്നിലും മുറ്റത്തെ തെങ്ങിൻ മുകളിലുമെല്ലാം ഓർക്കിഡ് നിറഞ്ഞു നിൽക്കുന്നു.

ചെടികളില്‍ ഒതുങ്ങില്ല

hobby-garden-konny-plants

പൂച്ചെടികൾ മാത്രമല്ല, ഫലവൃക്ഷങ്ങളും സുഗന്ധവ്യഞ്ജനങ്ങളുമൊക്കെ ലിജിയുടെ കൃഷിപ്പുസ്തകത്തിലുണ്ട്. “ചാമ്പ, മാംഗോസ്റ്റിൻ, റംബൂട്ടാൻ, ഫുലോസാൻ, പാഷൻഫ്രൂട്ട്, ഓറഞ്ച് തുടങ്ങി പത്തിലേറെയിനം ഫലങ്ങള്‍ സീസൺ ആയാൽ പറമ്പില്‍ കായ്ച്ചു നിൽക്കും. പിന്നെ പക്ഷികളുടെയും അണ്ണാറക്കണ്ണന്റെയും മേളമാണ്.” ലിജി പറയുന്നു. മൂന്നു നാലുമാസത്തിനുള്ളിൽ മുറ്റത്തെ മുന്തിരി വള്ളിയിൽ കായ പിടിച്ചുതുടങ്ങും.

hobby-garden-konny-store-house പഴയ പശുത്തൊഴുത്തിനു മുന്നിലെ ഓർക്കിഡ് ശേഖരം..

ജൈവവളമാണ് തോട്ടത്തിൽ ഉപയോഗിക്കുന്നത്. ഇടയ്ക്കിടെ ചെടികൾ ചട്ടിയിൽനിന്നു മാറ്റി പുതിയ മണ്ണുനിറച്ചു നടുകയും ചെയ്യും. വർഷത്തിലൊരിക്കല്‍ ചട്ടി പെയിന്റ് ചെയ്യും. ഇത്തരം ചില നുറുങ്ങുവിദ്യകളിലൂടെ പൂത്തുലയുകയാണ് ലിജിയുടെ ഏദൻതോട്ടം.

Read more on Hobby Gardening Garden Trends