കുറച്ചു ചെടികളേ ഉളളൂ. അതുതന്നെ എല്ലാ തോട്ടത്തിലും കാണുന്ന, സാധാരണ ചെടികള്‍. എന്നിട്ടും ഈ പൂന്തോട്ടം മാത്രമെന്താ ഇത്രയും സുന്ദരമാക്കിയിരിക്കുന്നത്?! ചില തോട്ടങ്ങൾ കാണുമ്പോൾ ഇങ്ങനെ ചിന്തിച്ചുപോകും. ചെടികളുടെ വിലയിലും പൂവിന്റെ ഭംഗിയിലുമുപരിയാണ് പൂന്തോട്ടത്തിലെ ചെടികളുടെ ക്രമീകരണം എന്നതാണ് സത്യം. പൂന്തോട്ടനിർമാണവും പരിപാലനവും വീട്ടുകാർ തനിയേ ചെയ്യുമ്പോഴും തോട്ടക്കാരനെ വച്ച് ചെയ്യിക്കുമ്പോഴുളള വ്യത്യാസമറിയാൻ ചേർത്തലയിലുളള ജിതേഷിന്റെ വീട് കണ്ടാൽ മതി. വീടിന്റെ അകത്തളമൊരുക്കലും പൂന്തോട്ടനിർമാണവും ജിതേഷിന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.
പൊട്ടിയ പാത്രങ്ങൾ ശരണം
ജിതേഷിന്റെ പൂന്തോട്ടത്തിന്റെ ആകർഷകമാക്കുന്നത് ചെടികൾ വയ്ക്കുന്ന ചട്ടികളാണ്. വീടു പണികഴിഞ്ഞപ്പോൾ ബാക്കിയായ സാധനങ്ങളാണ് പ്രധാനമായും ഇതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ മുൻവശത്തും കോർട്‍യാർഡിലും ഉപയോഗിക്കാൻ സിമന്റ് തൂണുകള്‍ വാങ്ങിയിരുന്നു. തൂണുകളുടെ സാംപിൾ വാങ്ങിയതിലും പൊട്ടിയും കേടുപാടുകള്‍ വന്നും ഉപയോഗശൂന്യമായ കഷണങ്ങളിലുമെല്ലാം ചെടികള്‍ സ്ഥാനം പിടിച്ചു. സിമന്റ് തൂണുകള്‍ നിർമിക്കുന്നവരുടെ പക്കൽനിന്ന് കുറഞ്ഞ വിലയ്ക്ക് പൊട്ടിയ കഷണങ്ങള്‍ ജിതേഷ് വാങ്ങാറുണ്ട്. വഴിയരികിൽ സെറാമിക് പാത്രങ്ങൾ വിൽക്കുന്നവരും തന്നെ സഹായിക്കാറുണ്ടെന്ന് ജിതേഷ് പറയുന്നു. വക്കും മൂലയും പൊട്ടിയതാണെങ്കിലും സെറാമിക് പാത്രങ്ങളിൽ ചെടികള്‍ വയ്ക്കുമ്പോൾ തോട്ടത്തിനും ചെടിക്കും അതൊരു അലങ്കാരമാണ്. കിട്ടുന്ന ഏതു പാത്രവും പെയിന്റടിച്ച് അതിൽ ചെടിവയ്ക്കുന്നത് ജിതേഷിന്റെ ശീലമായെന്നാണ് ഭാര്യ ജിഷ പറയുന്നത്.
നിറം കൊണ്ടു ശ്രദ്ധേയമാകുന്ന ചെടികളാണ് ജിതേഷിന്റെ ശേഖരത്തിൽ കൂടുതല്‍. കൃത്യമായി വെട്ടി ആകൃതിവരുത്തുന്ന ഈ ചെടികളുടെ പരിപാലനവും താരതമ്യേന എളുപ്പമാണ്. തൂക്കിയിടുന്ന ചെടികൾക്കും ബോൺസായ്ക്കും ഒാർക്കിഡിനുമെല്ലാം ഈ പൂന്തോട്ടത്തിൽ സ്ഥാനമുണ്ട്. കുറച്ചു സ്ഥലത്തുമാത്രം ബഫല്ലോ ഗ്രാസ് വിരിച്ചിരിക്കുന്നു. നേരത്തെ കൂടുതൽ ഭാഗങ്ങളിൽ പുല്ലുണ്ടായിരുന്നു. പരിപാലനത്തിനുളള ബുദ്ധിമുട്ടുമൂലം പുല്ല് നീക്കം ചെയ്ത് പകരം ചെറിയൊരു മണ്ഡപം നിർമിച്ചു. ഇവിടെ ലോഹക്കാലുകളിൽ പൂച്ചട്ടികള്‍ തൂക്കിയിട്ടതും ചെടികൾ വച്ചതുമെല്ലാം പൂന്തോട്ടത്തിന്റെ അഴകുകൂട്ടാൻ സഹായിച്ചിട്ടുണ്ട്.
പൂന്തോട്ടത്തിന്റെ ഏറ്റവും ആകർഷകമായ ഭാഗം കാർപോർച്ചാണ്. കാർപോർച്ചിനു മുകളിൽ ബൊഗെയ്ൻവില്ല വളർത്തി വെട്ടിനിർത്തിയിരിക്കുന്നു. പോർച്ചിന്റെ സിമന്റ് തേക്കാത്ത ഭിത്തികളും ടെറാക്കോട്ട ബുദ്ധപ്രതിമയുമെല്ലാം പോർച്ചിനെ മറ്റൊരു തലത്തിലെത്തിക്കുന്നു. പൂമ്പാറ്റകളുടെയും കിളികളുടെയും ഇഷ്ടയിടം കൂടിയാണ് കാർപോർച്ചിനു മുഖളിലെ പച്ചക്കൂടാരം.
കൊളോണിയൽ ശൈലിയിലുളള വീടിന്റെ പുറംകാഴ്ചയ്ക്ക് അനുയോജ്യമായി ജനാലകളുടെ താഴെ ഫ്ലവർബഡ് നിർമിച്ചതും ജിതേഷിന്റെ ആശയമാണ്. വീടിന്റെ മുൻവശത്തുതന്നെയുളള കിണറിനെയും പൂന്തോട്ടത്തിന്റെ ഭാഗമാക്കിയിരിക്കുന്നു.
അവിചാരിതമായി കിട്ടിയ ഒരു ഗോവണിയാണ് പൂന്തോട്ടത്തിലെ മറ്റൊരു താരം. വീടിനകത്ത് ഉപയോഗിക്കാൻ വാങ്ങിയ ഈ ഗോവണി ഉദ്ദേശിച്ച സ്ഥലത്ത് യോജിക്കാതെ വന്നു. ഈ ഗോവണി പെയിന്റ് ചെയ്ത് വൃത്തിയാക്കിയപ്പോൾ അത് പൂന്തോട്ടത്തിനു പൊട്ടായി. ലോഹക്കാലുളള വിളക്കുകളും ലോഹക്കാലുകളിൽ തൂക്കിയിട്ട പൂച്ചട്ടികളും ചെടികള്‍ക്കിടയിൽ വച്ചിരിക്കുന്ന ടെറാക്കോട്ട ശില്പങ്ങളുമെല്ലാം പൂന്തോട്ടത്തിന്റെ മാറ്റുകൂട്ടുന്നു. ചുരുക്കത്തിൽ വീട്ടുകാരുടെ ഹൃദയമാണ് ഈ പൂന്തോട്ടത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് നിസ്സംശയം പറയാം.
Read more on Gardening Trends Garden Tips