ഓഫിസുകളിൽ കുടിവെള്ള ബോട്ടിലുകൾ മാറ്റി വയ്ക്കും പോലെ ഇന്റീരിയർ പ്ലാന്റുകളും ഇടയ്ക്കിടെ മാറ്റി പുതുമ പകരുന്നതാണ് റെന്റ് എ പ്ലാന്റ്. വൻകിടക്കാർ മാത്രം ഇടം നൽകിയിരുന്ന ഇന്റീരിയർ പ്ലാന്റുകളോടു സാധാരണക്കാർക്കും ആഭിമുഖ്യം തുടങ്ങിയതോടെ ഈ രംഗത്തേക്കു കൂടുതൽ സംരംഭകരും എത്തി തുടങ്ങി. പൂക്കളില്ലാത്ത ഇലച്ചെടികൾ നട്ട ചട്ടികളാണു വീടിനുള്ളിലും ഓഫിസിനുള്ളിലുമൊക്കെ ആവശ്യാനുസരണം നിരത്തിക്കിട്ടുന്നത്. പത്തും പതിനഞ്ചും ദിവസം നല്ല പച്ചപ്പോടെ നിൽക്കുന്ന ഇവ വാടും മുമ്പേ പുതിയ ചെടികളുള്ള ചട്ടിയെത്തും.
നിശ്ചിത നിരക്കിൽ വാടക ഈടാക്കി ദീർഘകാലാടിസ്ഥാനത്തിലാണു റെന്റ് എ പ്ലാന്റ് പദ്ധതി വീടുകളിലും സ്ഥാപനങ്ങളിലും നടപ്പാക്കുന്നത്. ഇടയ്ക്കിടെ മാറ്റി നൽകുന്നതിനാൽ എപ്പോഴും പുതുമയോടെ നിൽക്കുന്ന ചെടികളാണു പദ്ധതിയുടെ ആകർഷണീയത. ചെടികൾ നനയ്ക്കേണ്ടതില്ല. വാടിത്തുടങ്ങുമ്പോൾ നടത്തിപ്പുകാർ തന്നെ എടുത്തു കൊണ്ടു പോയി പരിപാലിച്ചു പച്ചപ്പു നിലനിർത്തും. ഒട്ടേറെ ഇനം ഇന്റീരിയർ പ്ലാന്റുകൾ റെന്റ് എ പ്ലാന്റ് വിപണിയിൽ ലഭ്യമാണ്. ആവശ്യക്കാരന്റെ ഇഷ്ടത്തിനനുസരിച്ചു വാടകയ്ക്കു ലഭിക്കും.
ചുവരുകളുടെയും ഫർണിച്ചറിന്റെയും നിറത്തിനും രൂപത്തിനുമനുസരിച്ചുള്ള ഇന്റീരിയർ പ്ലാന്റുകളാണു നൽകുന്നത്. ചെടികളുടെ പച്ചപ്പ് മങ്ങിത്തുടങ്ങുമ്പോൾ അറിയിച്ചാൽ അന്നു തന്നെ മാറ്റി നൽകും. സൂര്യപ്രകാശം അധികം വേണ്ടാത്ത ഇനം ചെടികളാണു ഇന്റീരിയർ പ്ലാന്റുകളായി ഉപയോഗിക്കുന്നത്. വീട്ടിലും ഓഫിസിലുമൊക്കെ അകത്തു വയ്ക്കുന്ന ചട്ടികളിലെ ചെടികൾക്കു മൂന്ന്, നാല് അടി വരെയാണ് ഉയരം. മൂലകളിലും വലിയ ഹാളിലുമൊക്കെ കൂടുതൽ ഉയരമുള്ള ചെടികളും റെന്റ് എ പ്ലാന്റിൽ ലഭ്യമാണ്.
കെട്ടിടങ്ങൾക്കുള്ളിൽ ഓക്സിജൻ കൂടുതൽ ഉൽപ്പാദിപ്പിക്കുന്നതും കാഴ്ച ഭംഗിയുമാണ് ഇന്റീരിയർ പ്ലാന്റു കൊണ്ടുള്ള പ്രധാന പ്രയോജനം. റെന്റ് എ പ്ലാന്റ് പദ്ധതിയുമായി ചെറുതും വലുതുമായ നഴ്സറികൾ കൊച്ചിയിലും പരിസരത്തും വ്യാപകമായി കഴിഞ്ഞു. പല നഴ്സറികളുടെയും ഗുണഭോക്താക്കൾ വൻകിട സ്ഥാപനങ്ങളാണ്. ചെറുകിടക്കാർക്കാവശ്യമായ ഇന്റീരിയർ പ്ലാന്റുകളും യഥേഷ്ടം ലഭ്യമാണ്. ഐടി കമ്പനികളും ബാങ്കുകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കു ഇന്റീരിയർ പ്ലാന്റുകളോടു പ്രിയം കൂടിയിട്ടുണ്ടെന്നു റെന്റ് എ പ്ലാന്റ് നടത്തിപ്പുകാരായ പള്ളിക്കരയിലെ ‘ഗ്രീൻ ഒ–ടു’ ഗ്രൂപ്പ് ഡയറക്ടർമാർ പറഞ്ഞു. കൊച്ചിയിലെ ‘ടൂറിസ്റ്റ് ഡസ്ക്’ എന്ന സ്ഥാപനവും ഈ രംഗത്തു നിലയുറപ്പിച്ചിട്ടുണ്ട്.