Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വായിച്ചു വിശുദ്ധരാകാം

p.n panikar

ഏതു പുസ്തകമാണു വായിക്കുന്നത്?

അസാധാരണ ബുദ്ധിവൈഭവമുള്ള ഒരു വ്യക്തിയെ കണ്ടാൽ തീർച്ചയായും ഈ ചോദ്യം ചോദിക്കണമെന്ന് എഴുതിയത് അമേരിക്കൻ എഴുത്തുകാരനും കവിയുമായ എമേഴ്സനാണ്. ഒരു വ്യക്തിയെ സവിശേഷ കഴിവുകളുള്ള ആളാക്കുന്നതിനുപിന്നിൽ പുസ്തകങ്ങൾക്കു വലിയ പ്രാധാന്യമുണ്ട്.

അറിവിന്റെ അക്ഷയഖനികളാണവ. വായന അറിവിന്റെ ലോകം വിശാലമാക്കുന്നു; മൗലികമായി ചിന്തിക്കാനും സ്വന്തമായ നിഗമനങ്ങളിലെത്താനും സാഹചര്യങ്ങൾ ശരിയായി വിലയിരുത്താനും സഹായിക്കുന്നു.സർവ്വോപരി പൂർണമനുഷ്യനാക്കുന്നു.

*എഴുത്തു പഠിച്ചു കരുത്തു നേടുക എന്നു കൂട്ടുകാർ കേട്ടിട്ടുണ്ടോ? *

വായിച്ചു വളരുക, ചിന്തിച്ചു പ്രബുദ്ധരാവുക... ഈ മുദ്രാവാക്യങ്ങൾ എന്നെങ്കിലും കേട്ടിട്ടുണ്ടോ? കേരളം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ആശയങ്ങളാണിവ. ഇവ സാംസ്കാരിക കേരളത്തിനു സംഭാവനചെയ്ത വ്യക്തിയാണ് പി.എൻ. പണിക്കർ- പുസ്തകങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി, വായനയിലൂടെ അറിവിന്റെ വിപ്ലവം സ്വപ്നംകണ്ട വ്യക്തി.

പുരോഗതിയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിൽ നിർണായക സംഭാവനകൾ നൽകിയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ്. അദ്ദേഹത്തിന്റെ ചരമദിനമാണ് ജൂൺ 19 - വായനാദിനം. മലയാളികളെ വായനാശീലത്തിലേക്കു കൈപിടിച്ചുയർത്തിയ വ്യക്തി എന്ന നിലയിലാണ് പി.എൻ. പണിക്കർ അറിയപ്പെടുന്നത്.

വായനയിലൂടെ മാത്രമേ നന്മയുള്ള സമൂഹത്തെ വാർത്തെടുക്കാൻ കഴിയൂ എന്നു മനസ്സിലാക്കിയ പണിക്കർ കൂട്ടുകാരോടൊപ്പം വീടു വീടാന്തരം നടന്ന് പുസ്‌തകങ്ങൾ ശേഖരിച്ച് വായനശാലകൾ സ്ഥാപിച്ചു.

കേരളത്തിലുടനീളമുള്ള ഗ്രന്ഥശാലകളെ ഒരൊറ്റച്ചരടിൽ കോർത്ത് വായനാവിപ്ലവത്തിനു തിരികൊളുത്തി. ജനങ്ങളിൽ വായനാശീലം വളർത്തുക. അതിനായി വായനശാലകൾ സ്‌ഥാപിക്കുക. വായനശാലകൾ മികച്ച ഗ്രന്ഥങ്ങളുടെ ശേഖരമാക്കുക...

ഈ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു പി.എൻ. പണിക്കരുടെ സാംസ്കാരിക പ്രവർത്തനങ്ങളത്രയും. സമാനതകളില്ലാത്ത, ചരിത്രത്തിൽ സുവർണലിപികളിൽ രേഖപ്പെടുത്തിയ സാംസ്കാരികമുന്നേറ്റം.

കോട്ടയം ജില്ലയിലെ നീലംപേരൂർ ഗ്രാമത്തിൽ പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ ആദ്യഗ്രന്ഥശാല ഉയർന്നുവന്നു; സനാതനധർമം എന്ന പേരിൽ. ഇതിനുശേഷം സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ ഓർമയ്‌ക്കായി ‘പി.കെ. മെമ്മോറിയൽ’ എന്ന പേരിൽ ഒരു ഗ്രന്ഥശാല സ്‌ഥാപിക്കാൻ പണിക്കർ മുന്നിട്ടിറങ്ങി.

ഈ പരിശ്രമത്തിനു ജനങ്ങളിൽനിന്ന് പ്രതീക്ഷയിൽക്കവിഞ്ഞ പ്രോത്സാഹനം ലഭിച്ചപ്പോൾ ഗ്രന്ഥശാലകളുടെ ഒരു സംഘത്തെ കുറിച്ചായി അദ്ദേഹത്തിന്റെ ചിന്ത. കേരളത്തിലെ ഗ്രാമങ്ങളിൽ അങ്ങോളമിങ്ങോളമുള്ള വായനശാലകളെ കൂട്ടിയിണക്കുന്ന പദ്ധതി.

തിരുവിതാംകൂർ കമ്പനീസ് ആക്‌ട് പ്രകാരം 1945 ഏപ്രിൽ 30ന് തിരുവിതാംകൂർ ഗ്രന്ഥശാലാസംഘം എന്ന പ്രസ്‌ഥാനത്തിനു തുടക്കമായി. അമ്പലപ്പുഴ ആസ്‌ഥാനമാക്കി 47 ഗ്രന്ഥശാലകളെ കൂട്ടിയിണക്കി ആരംഭിച്ച ഈ സംഘത്തിന്റെ ആദ്യ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതു പി.എൻ. പണിക്കർ തന്നെയായിരുന്നു.

പരുക്കൻ ഖദർ ഷർട്ടും മുണ്ടും തോളിൽ ഷാളുമായി കറുത്ത ഫ്രെയിമുള്ള കണ്ണടയും ധരിച്ച് പച്ചവെള്ളം കുടിച്ചും കാൽനടയായും ഗ്രാമങ്ങളിൽ സഞ്ചരിച്ച് വായിക്കാനും വായിച്ചു വളരാനും ജനങ്ങളെ പ്രേരിപ്പിച്ച അദ്ദേഹം, കേരളത്തിലെ അയ്യായിരത്തിൽപ്പരം ഗ്രന്ഥശാലകൾ സ്ഥാപിക്കപ്പെട്ടതിനു പിന്നിലെ പ്രേരകശക്തിയാണ്.

സ്വന്തമായി കെട്ടിമില്ലാതിരുന്ന പല ഗ്രന്ഥശാലകൾക്കും ഉദാരമതികളിൽ നിന്നും സ്‌ഥലവും കെട്ടിടവും അദ്ദേഹം സംഭാവനയായി ചോദിച്ചുവാങ്ങി. ഗ്രന്ഥശാലാ സംഘങ്ങൾക്കുള്ള ഗ്രാന്റ് വർധിപ്പിച്ചു. പുസ്‌തകങ്ങൾ വിലകൊടുത്തും സംഭാവനയായും സമാഹരിച്ച് ഓരോ ഗ്രന്ഥശാലയും പുസ്‌തകസംപുഷ്‌ടമാക്കി. കേരളപ്പിറവിയോടെ സംഘത്തിന്റെ പേര് കേരള ഗ്രന്ഥശാലാ സംഘമെന്നായി.

ഗ്രന്ഥശാലകളില്ലാത്ത ഒരു ഗ്രാമവും കേരളത്തിൽ ഉണ്ടാവരുതെന്നു പി.എൻ. പണിക്കർ ആഗ്രഹിച്ചു. കോട്ടയം ജില്ലയിൽ തുടങ്ങി ആലപ്പുഴയിലൂടെ കൊച്ചിയിലൂടെ കേരളമൊട്ടാകെ പണിക്കർ യാത്രചെയ്തു: വായനയുടെ വിശുദ്ധസന്ദേശം വ്യാപിപ്പിച്ചുകൊണ്ട്. വായനയിലൂടെ, വായനശാലയിലൂടെ ജനങ്ങൾ പഠിക്കട്ടെ ഇതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

1945 മുതൽ 1975 വരെ ഗ്രന്ഥശാലാ സംഘത്തിന്റെ ജനറൽസെക്രട്ടറിയായിരുന്നു അദ്ദേഹം. കാൻഫെഡ് എന്ന പേരിലറിയപ്പെട്ട കേരള അനൗപചാരിക വിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ചത് അദ്ദേഹവും പി.ടി. ഭാസ്കരപ്പണിക്കരും ചേർന്നാണ്.

ആയിരങ്ങളെ സാക്ഷരതയുടെ പ്രകാശമുള്ള ലോകത്തേക്ക് ആനയിക്കുന്നതിൽ ഈ പ്രസ്ഥാനം വലിയ പങ്കുവഹിച്ചു. 1989ൽ കോട്ടയം, ഇന്ത്യയിലെ ആദ്യത്തെ സാക്ഷര നഗരമായി. പിന്നീട് എറണാകുളം ആദ്യ സാക്ഷര ജില്ലയും കേരളം സമ്പൂർണ സാക്ഷര സംസ്ഥാനവുമായപ്പോൾ വളർന്നുപന്തലിച്ച സാക്ഷരതാ പ്രസ്ഥാനത്തിനു കേരളം വളക്കൂറുള്ള മണ്ണാക്കിയതിനു പിന്നിൽ പി.എൻ. പണിക്കരുടെ വിശ്രമമില്ലാത്ത പ്രവർത്തനങ്ങളുണ്ടായിരുന്നു.

1909 മാർച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു പി.എൻ. പണിക്കരുടെ ജനനം. അധ്യാപകനായി ജോലി ചെയ്ത അദ്ദേഹം ഒരു ഗ്രന്ഥകാരൻ കൂടിയായിരുന്നു. പതിനാലോളം കൃതികൾ അദ്ദേഹം രചിച്ചു. പുരോഗതിയും ബോധവത്‌കരണവും, ജനങ്ങൾക്ക് പഠിക്കണം, വീട്ടമ്മമാർക്കൊരു പുസ്‌തകം, തുടങ്ങിയവ അതിൽപ്പെടും.

കാൻഫെഡിന്റെ ഒട്ടേറെ ചെറുതും വലുതുമായ പുസ്‌തകങ്ങൾ, നാട്ടുവെളിച്ചം, ചുവർ പത്രിക... ഇവയെല്ലാം അദ്ദേഹം പ്രസിദ്ധീകരിച്ചവയാണ്. 1995 ജൂൺ 19ന് പി.എൻ. പണിക്കർ നിര്യാതനായി.

പണിക്കരുടെ ഓർമയിൽ മലയാളികൾ വായനാദിനവും വാരവുമൊക്കെ ആചരിക്കുമ്പോൾ എമേഴ്സന്റെ പ്രസിദ്ധമായ ചോദ്യത്തിലേക്കുതന്നെ നമുക്കു മടങ്ങിവരാം. ബുദ്ധിയുള്ളവരോടു ചോദിക്കണമെന്ന് എമേഴ്സൻ ഓർമിപ്പിച്ച ചോദ്യം: ഏതു പുസ്തകമാണിപ്പോൾ വായിക്കുന്നത്?

പ്രിയപ്പെട്ട കൂട്ടുകാരേ, നമുക്കും ഈ ചോദ്യം ചോദിക്കണ്ടേ? മറുപടി പറയാൻ, ഒന്നല്ല ഒരായിരം പുസ്തകങ്ങൾ ഓർമയിലെത്തട്ടെ! അതിനായി നമുക്കും വായിക്കാം; വായിച്ചുവളരാം. സൂഹൃത്തുക്കൾ ചോദിക്കുമ്പോൾ മറുപടി പറയാൻ വായിച്ച പുസ്തകം ഓർത്തെടുത്തോളൂ!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.