പായസം കഴിച്ചാൽ ഗർഭമുണ്ടാകുമോ? പുത്രകാമേഷ്ടിയിലുയർന്നു വന്ന പായസം ദശരഥ പത്നിമാർ കഴിച്ചതിനാൽ അവർ രാമാദികളെ ഗർഭം ധരിച്ചു എന്നാണല്ലോ കഥ. പായസം ഔഷധമായി പ്രവർത്തിച്ചതാണെന്നു കരുതാം. ഒരു വേള, ഗർഭഹേതുകമായ പായസം, ഇനിയത്തെ ശാസ്ത്രം കണ്ടുപിടിച്ചുവെന്നും വരാം.
ദശരഥൻ നടത്തിയ പുത്രകാമേഷ്ടിയിൽ യാഗാഗ്നിയിൽ നിന്നുയർന്ന പ്രജാപതി പ്രതിനിധിയായ ഭൂതം, ദേവനിർമിതവും പ്രജാകരവുമായ പായസം നിറഞ്ഞ പാത്രം ദശരഥന് ആശിർവാദപൂർവം നൽകിയെന്ന് വാൽമീകി രാമായണം.
യജ്ഞം തന്നെയാണ് വിഷ്ണു. വിഷ്ണു തന്നെ പ്രജാപതി, കാലപുരുഷനും ഇതു തന്നെ. യജ്ഞഫലമായ പായസത്തിൽ നിന്ന്(പയസിൽ നിന്നുണ്ടാകുന്നത് പായസം) യജ്ഞ ദേവനായ പ്രജാപതി ഭൂമിയിൽ രൂപമെടുത്തു.
പ്രപഞ്ചത്തിന്റെ ഉത്തമശക്തി ഭൗതിക രൂപമാർന്നു. ഇതിന്റെ പ്രതീകമാവാം രാമനും സോദരങ്ങളും. പ്രത്യക്ഷമായ അർഥങ്ങൾക്കപ്പുറം പരോക്ഷാർഥങ്ങളാണല്ലോ നമ്മുടെ വൈദിക സാഹിത്യം. രാമായണം വേദസമ്മിശ്രമെന്ന് പണ്ടേ പ്രസിദ്ധം. പത്നിമാർക്ക് ദശരഥൻ പായസം നൽകിയ ക്രമവും അളവും ശ്രദ്ധിക്കാനുണ്ട്.
കൗസല്യാദേവിക്കർധം കൊടുത്തു നൃപവരൻ
ശൈഥില്യാത്മനാ പാതി നൽകിനാൻ കൈകേയിക്കും
എന്നാണ് എഴുത്തച്ഛന്റെ കിളിപ്പാട്ടിൽ കൗസല്യ തനിക്കു ലഭിച്ചതിൽ പാതി സുമിത്രയ്ക്കു നൽകി. അതുകണ്ട് കൈകേയിയും പകുതി നൽകി. അതായത്, കൗസല്യയ്ക്കും കൈകേയിക്കും നാലിലൊന്നു വീതം.
സുമിത്രയ്ക്ക് നാലിൽ രണ്ടു ഭാഗം. അങ്ങനെ കൗസല്യയ്ക്കും കൈകേയിക്കും ഒരു പുത്രൻ വീതവും സുമിത്രയ്ക്ക് രണ്ടു പുത്രന്മാരും പിറന്നു– നല്ല കണക്കാണിത്.
മക്കളെല്ലാം സമപ്രഭാവൻമാർ(അധ്യാത്മരാമായണം മൂലത്തിലും ഇങ്ങനെ തന്നെ). വാൽമീകി പറയുന്ന ക്രമവും കണക്കും വ്യത്യസ്തമാണ്. ദശരഥൻ പായസത്തിന്റെ നേർപകുതി കൗസല്യയ്ക്കു നൽകി.
പിന്നെയുള്ള പകുതിയുടെ പകുതി സുമിത്രയ്ക്കു നൽകി. അവശേഷിച്ച നാലിലൊന്നിന്റെ പകുതി കൈകേയിക്കു കൊടുത്തു. അതായത് എട്ടിലൊന്ന്. പിന്നെയും ശേഷിച്ച എട്ടിലൊന്ന്, ഒന്നുകൂടെ ചിന്തിച്ചശേഷം സുമിത്രയ്ക്കു തന്നെ ആ ബുദ്ധിമാൻ നൽകി.
കൈകേയിക്ക് എട്ടിലൊന്നാണ് കിട്ടിയത്. സുമിത്രയ്ക്ക് എട്ടിൽ മൂന്ന്, കൗസല്യയ്ക്ക് എട്ടിൽ നാലുഭാഗം. യജ്ഞ പുരുഷശക്തിയുടെ എട്ടിൽ ആറു ഭാഗങ്ങളും രാമലക്ഷ്മണൻമാരിലും എട്ടിലൊന്ന് ശത്രുഘ്നനിലും എട്ടിലൊരു ഭാഗം ഭരതനിലും കുടികൊള്ളുന്നു എന്നർഥം.
പത്നിമാരെ സംബന്ധിച്ചും പത്നിമാരിലുണ്ടാകുന്ന പുത്രന്മാരെ സംബന്ധിച്ചും ദശരഥന് നേരത്തെ തന്നെ പക്ഷപാതമുണ്ടായിരുന്നുവെന്ന് ഇന്നത്തെ നമ്മുടെ ഹ്രസ്വ ദൃഷ്ടിയാർന്ന ഭൗതിക ജീവിത ചിന്തയ്ക്ക് തോന്നിപ്പോകാം. രാമായണ ഹൃദയം അതായിരിക്കാനിടയില്ല.
യജ്ഞം എന്ന വിശ്വ സംരക്ഷണ കർമത്തിന്റെ സത്യരൂപമാണ് രാമൻ എന്ന ആധ്യാത്മികാർഥം വാൽമീകി രാമായണത്തിനുള്ളിൽ തന്നെ ദർശിക്കാനാവും. രാമന്റെ ജീവിത കർമങ്ങൾ മുഴുവൻ യജ്ഞതുല്യമായിരുന്നു.
യജ്ഞം ആത്മസമർപ്പണമാണല്ലോ. താടകാവധവും മാരിച ജയവും അഹല്യാമോക്ഷവും ശൈവചാപഭഞ്ജനവും സീതാപരിണയവും പരശുരാമ ഗർവഭംഗവും പ്രപഞ്ച പ്രകൃതിയുടെ വിരാമമില്ലാതത യജ്ഞത്തിന്റെ ക്രമങ്ങളാണ്.
ഇതിന്റെ ആധ്യാത്മിക ഉൾക്കൊണ്ടാൽ ഓരോ മനസ്സിലും യജ്ഞാഗ്നി ജ്വലിക്കും.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.