സിനിമയിൽ ആത്മാർഥമായിട്ടുള്ള സൗഹൃദങ്ങളില്ല എന്ന പഴമൊഴിക്ക് അപവാദമാണ് അജുവർഗീസ് നിവിൻ പോളി സൗഹൃദം. ഈ സൗഹൃദത്തിന്റെ ആഴം നേരിട്ട് അറിയാൻ വയ്യാത്തവർ അജുവിന്റെ ഫെയ്സ്ബുക്ക് പേജ് മാത്രം കണ്ടാൽ മതിയാകും ഇതു മനസ്സിലാക്കാൻ.
നിവിന്റെ പുതിയ സിനിമ പ്രേമത്തിന്റെ ഓരോ വിവരവും സോഷ്യൽമീഡിയ പ്രേക്ഷകർ ഒരുപക്ഷേ ഏറ്റവും അധികം അറിഞ്ഞത് അജുവിന്റെ പേജിലൂടെയായിരിക്കും. സിനിമയിൽ ആരോഗ്യപരമായ സൗഹൃദം വേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് അജുവർഗ്ഗീസ് മനോരമ ഓൺലൈനുമായി സംസാരിക്കുന്നു.
ഫെയ്സ്ബുക്ക് പ്രമോഷൻ നല്ല രീതിയിൽ വിനിയോഗിക്കുന്ന ആളാണല്ലോ അജു?
ഒരു സിനിമയെ പ്രമോട്ട് ചെയ്യാൻ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് വിചാരിക്കുന്ന വ്യക്തിയാണ് ഞാൻ. നമ്മുടെ പോസ്റ്റു കണ്ട് ഒരാൾ എങ്കിൽ ഒരാൾ സിനിമയ്ക്ക് പോയാൽ അതിന്റെ ഗുണം നമ്മുടെ ഇൻഡസ്ട്രിക്കു തന്നെയല്ലേ? ഒരാളും സിനിമ എടുക്കുന്നത് പരാജയപ്പെടാൻ വേണ്ടിയല്ല. പക്ഷെ പലകാരണങ്ങളാലും അധികം ബജറ്റ് ഇല്ലാത്ത ചെറിയ ചിത്രങ്ങൾ, ബിഗ് ബജറ്റ് ചിത്രങ്ങൾ വരുന്നതോടെ എടുത്തു മാറ്റപ്പെടുന്ന അവസ്ഥയാണ്. ഇത് വേദനാജനകമാണ്.
ഒരു ഭംഗിയുള്ള ഷോട്ടിനു പിന്നിൽ പോലും അനവധി പേരുടെ പ്രയത്നം ഉണ്ട്. ഒരുപാട് പ്രയത്നത്തിന്റെ ഫലമായിട്ടാണ് ഒരു സിനിമ പുറത്തു വരുന്നത്. അത്തരം സാഹചര്യത്തിൽ നമ്മുടെ സിനിമ നിലനിൽക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ഇതിഹാസ പോലെയുള്ള നല്ല ചെറിയ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക് എത്തിച്ചതിൽ വലിയൊരു പങ്ക് ഫെയ്സ്ബുക്ക് പോലെയുള്ള സമൂഹമാധ്യമത്തിനുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഇത്തരം മാധ്യമങ്ങളെ സിനിമയുടെ പ്രമോഷനായി വിനിയോഗിക്കുന്നതിൽ എന്താണ് തെറ്റ്? നമ്മുടെ പോസ്റ്റുകൾ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലാവരുതെന്ന് മാത്രം.
അജുവിന്റെ ഫെയ്സ്ബുക്ക് പേജ് മുഴുവൻ പ്രേമം ആണല്ലോ?
എന്റെ കൂട്ടുകാരുടെ സിനിമ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷം എനിക്കും ഉണ്ട്. സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് സന്തോഷം നൽകിയ സിനിമയാണ് പ്രേമം. ആ സന്തോഷത്തിൽ പങ്കുചേർന്നതിന്റെ ഭാഗമായിട്ടാണ് പ്രേമത്തിന്റെ പോസ്റ്റുകൾ ഞാൻ എന്റെ പേജിൽ ഇട്ടത്.
അജു പ്രേമത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും സിനിമയെ പിന്തുണച്ചതിനെ പലരും പരിഹസിച്ചിട്ടുണ്ടല്ലോ?
വ്യക്തിപരമായ ഗുണങ്ങൾക്കു വേണ്ടിയുള്ളതല്ല സൗഹൃദങ്ങൾ എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പ്രേമത്തിന്റെ ഭാഗമല്ലെങ്കിൽ പോലും എന്നെ ഒരുപാട് സന്തോഷിപ്പിച്ച സിനിമയാണിത്. സിനിമ കാണുന്ന പ്രേക്ഷകന് എന്ന നിലയിൽ എന്റെ കൂട്ടുകാരന്റെ സിനിമയ്ക്ക് എന്നെക്കൊണ്ട് ആവുന്ന രീതിയിൽ പ്രമോഷൻ നൽകാനാണ് ഞാൻ ശ്രമിച്ചത്. അതിനെക്കുറിച്ച് സോഷ്യൽമീഡിയയിൽ വരുന്ന വേദനിപ്പിക്കുന്ന കമന്റുകളെ അവഗണിക്കുന്നതല്ലേ നല്ലത്.
നിവിൻ പോളി- അജുവർഗീസ് കൂട്ടുകെട്ടിനെ പഴയ ദാസൻ-വിജയൻ സിനിമകളോടാണ് സമൂഹമാധ്യമങ്ങൾ താരതമ്യം ചെയ്യുന്നത് അതിനെക്കുറിച്ച്?
ഇതിൽ ഒരു കമന്റ് പറയാൻ ഞാൻ ആളല്ല. ഞങ്ങൾ ആകെ അഞ്ചു സിനിമകളിലാണ് ഒന്നിച്ച് അഭിനയിച്ചത്. അതുവെച്ചിട്ട് പഴയ കൂട്ടുകെട്ടുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇത്തരം താരതമ്യങ്ങൾ അവരെ അവഹേളിക്കുന്നതിന് തുല്ല്യമാണ്. അവർ എത്രയോ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചവരാണ്.