മാധവിക്കുട്ടിയായി വിദ്യ മലയാളത്തിലെത്തില്ല. മലയാളി ആരാധകർ ആകംക്ഷയോടെ കാത്തിരുന്ന കമലിന്റെ ആമി എന്ന സിനിമയിൽ അഭിനയിക്കാനില്ലെന്ന് വിദ്യാ ബാലൻ. കമലാദാസിന്റെ ജീവിത കഥ പറയുന്ന ആമി എന്ന കമല്‍ ചിത്രത്തില്‍ നിന്നുമാണ് വിദ്യാബാലന്‍ പിന്മാറിയതായി നടിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു.
വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്. ആദ്യം സിനിമയുടെ കഥ ഇഷ്ടമായെന്നും കരാർ ഒപ്പിട്ടെന്നും വ്യക്തമാക്കിയ വക്താവ് ഇപ്പോള്‍ പറയുന്നത് അവസാന തിരക്കഥ താരത്തിന് ഇഷ്ടമായില്ലെന്നും അതുകൊണ്ടാണ് നോ പറഞ്ഞതെന്നുമാണ്.
പല തവണനീണ്ടുപോയ പ്രോജക്ട് ആണ് ആമി. 2015 സെപ്റ്റംബറില്‍ ആരംഭിക്കും എന്നായിരുന്നു വാര്‍ത്തകള്‍. ചിത്രത്തിനായി കമൽ മുംബൈയിലെത്തുകയും സംഗീതം അടക്കമുള്ള കാര്യങ്ങൾ മുൻകൂട്ടി ചെയ്തതുമാണ്. ചിത്രത്തിനായി വിദ്യ മലയാളം പഠിക്കുന്നുവെന്നും വാർത്ത വന്നിരുന്നു. എന്നാൽ പെട്ടന്നാണ് നടി പിന്മാറിയെന്ന വാർത്ത വരുന്നത്.
തിരക്കഥയില്‍ കമലിനും വിദ്യ ബാലനും ഉള്ള അഭിപ്രായ വ്യത്യാസമാണ് നടി സിനിമ ഉപേക്ഷിക്കാന്‍ കാരണമത്രെ. തിരക്കഥ ആദ്യം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ വിദ്യ ബാലന് ഇഷ്ടപ്പെട്ടിരുന്നു. ചെയ്യാന്‍ എന്നേറ്റതും ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ അവസാനഘട്ട മിനുക്കുപണിയില്‍ വേറെ ചിലതൊക്കെ കമല്‍ കൂട്ടിച്ചേര്‍ത്തു. ആ കൂട്ടിച്ചേര്‍ത്ത ഭാഗത്തോട് വിദ്യ ബാലന് താത്പര്യമില്ലാത്തതാണ് സിനിമയില്‍ നിന്ന് പിന്മാറാന്‍ കാരണമത്രെ.
എന്നാൽ സിനിമയില്‍ നിന്നും പിന്മാറാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാര്യത്തില്‍ ഇരുവരുടെയും ഇടയിലുള്ള അഭിപ്രായ വ്യത്യാസമാണെന്നും കേൾക്കുന്നു. വിദ്യ മോദിയെ ശക്തമായി പിന്തുണക്കുന്ന നടിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ശൗചാലയ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ ചുമതലയുള്ളയാളാണ് വിദ്യാബാലന്‍. കമലിന്റെ പേരിൽ ബിജെപി സംഘർഷം ഉണ്ടാക്കുന്ന സാഹചര്യമാണ് നിലവിൽ.
എന്നാല്‍ മലയാള സിനിമയെയും കമല്‍ എന്ന സംവിധായകനെയും ബഹുമാനിക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന വിദ്യ ഇത്തരമൊരു കാരണത്തിന്റെ പേരില്‍ സിനിമ ഉപേക്ഷിക്കില്ല എന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. സിനിമയില്‍ നിന്നും പിന്മാറുന്നതിന് കാരണം തികച്ചും പ്രൊഫഷണല്‍ ആണെന്നും മറ്റു പ്രചരണമെല്ലാം തെറ്റാണെന്നും ഇവർ അറിയിച്ചു.
തീയറ്ററുകളിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിന്റെ നിലപാടുകള്‍ക്കെതിരേ ബിജെപി നേതാക്കള്‍ രംഗത്ത് വരികയും പാക്കിസ്ഥാനിലേക്ക് കമല്‍ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് വിവാദമായിരുന്നു. ഇതിൽ കമലിനെ പിന്തുണച്ച് മറ്റുരാഷ്ട്രീയപാർട്ടികളും സിനിമാപ്രവർത്തകരും രംഗത്തെത്തുകയും ചെയ്തു.
ഇത് രണ്ടാം തവണയാണ് വിദ്യ മലയാളത്തിലെത്തി അവസാനനിമിഷം പിന്മാറുന്നത്. അതും രണ്ടാം തവണയും കമൽ ചിത്രത്തിൽ തന്നെ. 2003 ല്‍ ചക്രം എന്ന ചിത്രത്തിലൂടെയായിരുന്നു വിദ്യാ ബാലന്‍ സിനിമാ ലോകത്തേക്ക് അരങ്ങേറേണ്ടിയിരുന്നത്. കമല്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മോഹന്‍ലാലും ദിലീപും മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എന്നാല്‍ ചിത്രം പാതി വഴിയില്‍ മുടങ്ങി. തുടര്‍ന്ന് വിദ്യ ബോളിവുഡില്‍ എത്തി. അവിടെ വിജയനായികയായി മാറി. ചക്രം എന്ന ചിത്രം പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുകയായിരുന്നു.