മൊഴിമാറ്റ ചിത്രങ്ങളുടെ പാട്ടുകൾ പലപ്പോഴും നമുക്ക് ഇഷ്ടമാകാറില്ല. അതിന്റെ ഒറിജിനൽ ഒരുപാടു രസകരമാണെങ്കിൽ കൂടി. പക്ഷേ ബാഹുബലി രണ്ടാം ഭാഗത്തിലെ പാട്ടുകൾ അങ്ങനെയല്ല. ചിത്രത്തിലെ എല്ലാ പാട്ടുകളും മലയാളികളുടെ പ്രിയം നേടി. പ്രത്യേകിച്ച് കൃഷ്ണനെ കുറിച്ചുള്ള ഒരു ഗാനം. ശ്വേത മോഹനാണ് ഈ പാട്ടു പാടിയത്. ഈ സ്വരത്തിന്റെ ഭംഗിയെല്ലാം അറിയാൻ കഴിയുന്ന മറ്റൊരു പാട്ടാണിത്. ബാഹുബലിയിലെ മറ്റു ഗാനങ്ങളേക്കാൾ വേഗത്തിലാണ് പാട്ടിന്റെ വിഡിയോ യുട്യൂബിൽ മുന്നേറിയത്. മനോരമ മ്യൂസിക് ആണു ഈ ഗാനം മലയാളത്തില്‍ പുറത്തിറക്കിയത്.
എം.എം.കീരവാണിയാണ് തെലുങ്ക് ഭാഷയിൽ പാട്ടിന്റെ ഒറിജിനൽ വേർഷൻ എഴുതിയത്. മലയാളത്തിലേക്ക് അതു മൊഴിമാറ്റിയത് മങ്കൊമ്പ് രാധാകൃഷ്ണനാണ്. തെലുങ്ക് വരികൾ മലയാളത്തിലേക്കു മങ്കൊമ്പ് രാധാകൃഷ്ണൻ മാറ്റിയെഴുതിയപ്പോൾ ഭംഗിയേറിയതേയുള്ളൂ. മുരിപാലാ മുകുന്ദാ എന്നത് മുകിൽ വർണാ മുകുന്ദാ എന്നാകുമ്പോഴും കണ്ണാ നിദുരിഞ്ചരാ...എന്ന വരികൾ കണ്ണാ നീ ഉറങ്ങെടാ എന്നാകുമ്പോഴും ആസ്വാദന സുഖം നഷ്ടപ്പെടുന്നില്ല. കൃഷ്ണനു പ്രണയാർദ്രയായ ഒരു സഖി നടത്തുന്ന സംഗീതാർച്ചനയിൽ ഇതുപോലുള്ള മനോഹരമായ വാക്കുകൾ തന്നെയാകുമുണ്ടാകുക.
അടുത്തിടെ കേട്ട ഏറ്റവും മനോഹരമായ, വ്യത്യസ്തമായ കൃഷ്ണ ഭക്തി ഗാനവും ഇതുതന്നെയാണ്. ആദ്യ കേൾവിയിൽ തന്നെ ആരുടെയും ആകർഷണം നേടിയെടുക്കുന്നു ഈ വരികളും അതിന്റെ ഈണവും. ശ്വേതയുടെ സ്വരവും അത്രയേറെ സുന്ദരമാണ്. ഇതേ പ്രതികരണമാണ് തമിഴ് ഗാനം പാടിയ മലയാളി ഗായിക നയന നായർക്കും ലഭിച്ചത്. ചലച്ചിത്ര സംഗീത രംഗത്തെ തുടക്കക്കാരിയായ നയനയ്ക്കു വലിയ ബ്രേക് ആണു ഈ കീരവാണി ഗാനം നൽകിയതും.
പാട്ടിന്റെ രംഗങ്ങളിലുള്ള മനോഹാരിതയും ഈ ജനപ്രീതിയ്ക്കു മറ്റൊരു കാരണമാണ്. ചിത്രത്തിലെ കഥാപാത്രമായ ദേവസേന കൊട്ടാരത്തിൽ തോഴിമാരോടൊപ്പം കൃഷ്ണനെ സ്തുതിച്ചു പാടി ആടിപ്പാടുന്നതാണു പാട്ടിന്റെ പശ്ചാത്തലം. രാജകുമാരിയുടെ വേഷവിധാനങ്ങളിലെ ആഡംബരത്വവും ഭംഗിയും നമുക്കു പരിചിതമാണെങ്കിലും ദേവസേന അതൊക്കെ അണിഞ്ഞിരിക്കുന്നതു കാണാനൊരു പ്രത്യേക ചേലാണ്. അതിനോടൊപ്പം ഈ പാട്ടു കൂടിയാകുമ്പോൾ വിഡിയോ കണ്ടുമതിവരില്ല. പാട്ടു കേട്ടും!