Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാതിക്കാരിക്കെതിരെ കേസുമായി അക്ബർ

mj-akbar

ന്യൂഡൽഹി ∙ സ്ഥാനമൊഴിഞ്ഞ് അന്വേഷണം നേരിടാനുള്ള സമ്മർദത്തിനു വഴങ്ങാതെ മാനനഷ്ടക്കേസുമായി വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ കോടതിയിൽ. തനിക്കെതിരെ #മീടൂ പ്രചാരണത്തിനു തുടക്കമിട്ട മാധ്യമപ്രവർത്തക പ്രിയ രമണിയാണു പ്രതിസ്ഥാനത്ത്. പ്രമുഖ നിയമസ്ഥാപനമായ കരഞ്ജവാല ആൻഡ് കമ്പനിയിലെ 97 അഭിഭാഷകരാണ് മന്ത്രിക്കു വേണ്ടി വക്കാലത്ത് ഏറ്റിരിക്കുന്നത്. വക്കാലത്തിൽ ഒപ്പിടുന്ന അഭിഭാഷകരുടെ എണ്ണത്തിന് നിയമപരമായി പ്രസക്തിയില്ലെങ്കിലും കേസിൽ ശക്തമായി മുന്നോട്ടുപോകുമെന്ന സൂചന നൽകാനാണ് ഈ നീക്കം.

തുടർപ്രസ്താവനകളിലൂടെ പ്രിയ രമണി ബോധപൂർവം അപമാനിച്ചതായി പട്യാല ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ‍ നൽകിയ സ്വകാര്യ മാനനഷ്ടക്കേസിൽ അക്ബർ ബോധിപ്പിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താതെയാണ് അക്ബർ കോടതിയെ സമീപിച്ചത്. വിദേശസന്ദർശനം കഴിഞ്ഞെത്തിയാലുടൻ അക്ബർ പ്രധാനമന്ത്രിക്കു നേരിട്ടു വിശദീകരണം നൽകുമെന്നാണു കരുതപ്പെട്ടിരുന്നത്. മന്ത്രിസഭാംഗങ്ങളെ നിശ്ചയിക്കുന്നതിൽ വിവേചനാധികാരമുള്ള പ്രധാനമന്ത്രി അതിനു പിന്നാലെ തീരുമാനമെടുക്കുമെന്നു പാർട്ടി വൃത്തങ്ങളും സൂചിപ്പിച്ചിരുന്നു. 

അക്ബർ വിശദീകരിച്ചു: ബിജെപി 

∙ അക്ബർ സ്വയം വിശദീകരിച്ചതിനോടു യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നില്ലെന്നു ബിജെപി വക്താവ് ജി.വി.എൽ. നരസിംഹ റാവു പറഞ്ഞു. പ്രശ്നത്തെക്കുറിച്ചു പാർട്ടിയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. 

എം.ജെ. അക്ബർ മന്ത്രിസഭയിൽ തുടരുന്നതിനെക്കുറിച്ചു ബിജെപിയിൽ ഭിന്നാഭിപ്രായം രൂക്ഷമാണ്. #മീടൂ കേസുകൾ പഠിക്കാൻ ജുഡീഷ്യൽ പാനൽ രൂപീകരിക്കുമെന്നറിയിച്ച വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും ആശങ്ക പ്രകടിപ്പിച്ച ടെക്സ്റ്റൈൽസ് മന്ത്രി സ്മൃതി ഇറാനിയും അക്ബർ തിരിച്ചെത്തിയ ശേഷം പ്രതികരിച്ചിട്ടില്ല. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പാർട്ടി വക്താവ് മീനാക്ഷി ലേഖിയും മൗനം തുടരുന്നു. 

വനിതകൾ ഉറച്ചുതന്നെ 

∙ ഇതേസമയം, ആരോപണം വ്യാജമാണെന്ന അക്ബറുടെ ആദ്യ പ്രതികരണത്തിനെതിരെ #മീടൂ പ്രചാരകരായ 5 വനിതകൾ രംഗത്തെത്തി. ഘസാല വഹാബ്, സുപർണ ശർമ, മജ്‌ലി കാംപ്, കനിക ഗ‌ഹ്‌ലൗത്, ഷുതപ പോൾ എന്നിവരാണ് ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി വെളിപ്പെടുത്തിയത്. ‘ഞാൻ ഇന്ത്യയിൽ വോട്ടറല്ല. രാഷ്ട്രീയതാൽപര്യങ്ങളില്ല. ദുരനുഭവത്തെക്കുറിച്ച് എന്റെ പിതാവ് അക്ബറിനയച്ച ഇ മെയിലും അതിനു ലഭിച്ച മറുപടിയും കയ്യിലുണ്ട്’ – ന്യൂയോർക്കിൽ ജേണലിസ്റ്റായ മജ്‌ലി കാംപ് പറഞ്ഞു. 

കോൺഗ്രസ് പ്രക്ഷോഭത്തിന് 

∙ ഇതിനിടെ, അക്ബറിനെതിരെ കോൺഗ്രസ് ദേശവ്യാപക പ്രക്ഷോഭം പ്രഖ്യാപിച്ചു. അക്ബർ സ്ഥാനമൊഴിയണമെന്നു പാർട്ടി ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിക്കാനാണു തീരുമാനം. പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ അക്ബറിന്റെ വസതിയിലേക്ക് ഇന്നലെ പ്രകടനം നടത്തി.

related stories