Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനയിൽ ബിജെപി വർഷം ഒരു ലക്ഷം പശുക്കളെ നൽകും

bjp-logo

ഹൈദരാബാദ് ∙ വർഷം തോറും ഒരു ലക്ഷം പേർക്കു സൗജന്യമായി പശു, 2 ലക്ഷം രൂപ വരെ കൃഷി വായ്പ, ഡിഗ്രി വിദ്യാർഥികൾക്കു സൗജന്യ ലാപ്ടോപ്, മദ്യ വിൽപനയിൽ നിയന്ത്രണം – തെലുങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഇങ്ങനെ പോകുന്നു.

പണവും മറ്റും നൽകിയുള്ള നിർബന്ധിത മതപരിവർത്തനം തടയുമെന്നും വ്യാഴാഴ്ച പ്രകടനപത്രിക പുറത്തിറക്കവെ പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ. ലക്ഷമ്ണൻ പറഞ്ഞു. ബംഗ്ലദേശിൽനിന്നും മറ്റും വന്ന അനധികൃത കുടിയേറ്റക്കാരെയും രോഹിൻഗ്യകളെയും മടക്കി അയയ്ക്കാൻ നടപടി സ്വീകരിക്കും. നല്ല വിത്തുകൾ, കിണർ, പമ്പുസെറ്റ് തുടങ്ങിയവ എല്ലാ കർഷകർക്കും സൗജന്യമായി നൽകും.

8 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥിനികൾക്കു സൗജന്യമായി സൈക്കിൾ, ഡിഗ്രി ക്ലാസ്സുകളിലും മറ്റും പഠിക്കുന്ന പെൺകുട്ടികൾക്ക് 50% സബ്സിഡിയോടെ സ്കൂട്ടി, 2022 എത്തുമ്പോഴേക്കും പാവപ്പെട്ടവർക്കു മുഴുവൻ സൗജന്യമായി വീട്, തൊഴിൽരഹിതരായ യുവാക്കൾക്കു മാസം 3,116 രൂപ വേതനം, മുതിർന്ന പൗരന്മാർക്കു കാശി, പുരി തുടങ്ങിയ പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ‌ ധനസഹായം തുടങ്ങിയവയാണു പ്രകടനപത്രികയിലെ മറ്റു വാഗ്ദാനങ്ങൾ. ഡിസംബർ 7 നാണ് പോളിങ്.