Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി വോട്ടുകൾ ഒരു ലക്ഷം; കണ്ണുനട്ട് കോൺഗ്രസ്, ബിജെപി

election

നിർണായക ശക്തിയല്ലെങ്കിലും ഏതാനും വോട്ടുകൾക്ക് ഫലം മാറിമറിയുന്ന മണ്ഡലങ്ങളിൽ മലയാളി വോട്ടർമാർക്ക് പ്രാധാന്യമുണ്ട്, തെലങ്കാനയിൽ. പ്രത്യേകിച്ചു ഹൈദരാബാദ് നഗരപരിധിയിലെ മണ്ഡലങ്ങളിൽ. അതുകൊണ്ടാണു പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ മലയാളികളെക്കാണാൻ കേരളത്തിൽ നിന്നു നേതാക്കളെത്തുന്നത്.

കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപി എത്തി. കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഉമ്മൻചാണ്ടി ഇന്നലെ വീണ്ടും ഹൈദരാബാദിലെത്തി. ഹൈദരാബാദ് നഗരപരിധിയിലെ സെക്കന്തരാബാദ്, കുകത്പള്ളി, കന്റോൺമെന്റ്, മൽകാജ്ഗിരി, രാജേന്ദ്രനഗർ, മെഡ്ചലൽ, ഷേർലിംഗംപള്ളി, ഖുത്ബല്ലാപൂർ തുടങ്ങിയ മണ്ഡലങ്ങളിലായി ഏകദേശം ഒരു ലക്ഷം മലയാളി വോട്ടർമാർ ഉണ്ടെന്നാണു വിവിധ കക്ഷികളുടെ കണക്ക്.

ഈ വോട്ട് ഏറ്റവും പ്രയോജനപ്പെടുക കോൺഗ്രസിനും ബിജെപിക്കുമാണ്. മലയാളികൾക്കായി ബിജെപി പുറത്തിറക്കിയ നോട്ടിസിലെ പ്രധാന വിഷയം ശബരിമല വിവാദവുമായി ബന്ധപ്പെട്ടു കേരള സർക്കാർ സ്വീകരിച്ച നിലപാടാണ്.

ഉവൈസി ഓടേണ്ടി ‍വരും: യോഗി; അജ്ഞതയെന്ന് ഉവൈസി

ഹൈദരാബാദ് ∙ തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസി നൈസാമിനെപ്പോലെ ഹൈദരാബാദ് വിട്ട് ഓടേണ്ടി വരുമെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസംഗം വിവാദമായി. ആദിത്യനാഥിന്റെ പ്രസ്താവന ചരിത്രത്തിലെ അജ്ഞത കൊണ്ടാണെന്നും നൈസാം ഹൈദരാബാദ് വിട്ട് ഓടേണ്ടി വന്നിട്ടില്ലെന്നും അസദുദ്ദീൻ ഉവൈസി പ്രതികരിച്ചു.