കെഎഎസ്: ചട്ടങ്ങൾ ജനുവരി മുതൽ

തിരുവനന്തപുരം∙ സർക്കാർ നയപരിപാടികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയർന്ന ഉദ്യോഗസ്ഥരുടെ രണ്ടാംനിര വാർത്തെടുക്കാൻ രൂപീകരിക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (കെഎഎസ്) ചട്ടങ്ങൾ മന്ത്രിസഭായോഗം അംഗീകരിച്ചു. ജനുവരി ഒന്നിനു കെഎഎസ് നിലവിൽവരും. 

ഐഎഎസ് കേരള കേഡറിലേക്കുള്ള ഫീഡർ കാറ്റഗറി ആയിരിക്കും കെഎഎസ് എന്നും മറിച്ച് എന്തെങ്കിലും ചട്ടങ്ങൾ നിലവിലുണ്ടെങ്കിൽ അത് ഇനി നിലനിൽക്കില്ലെന്നും മന്ത്രിസഭ അംഗീകരിച്ച ചട്ടങ്ങളിൽ പറയുന്നു. കെഎഎസിലെ ഉദ്യോഗസ്ഥരുടെ എണ്ണവും മറ്റും അഞ്ചു വർഷം കൂടുമ്പോൾ വിലയിരുത്തും. കെഎഎസിൽ ആദ്യം നിയമനം ലഭിച്ച തീയതി വച്ചാകും സീനിയോറിറ്റി തീരുമാനിക്കുക.

ഒക്ടോബർ 11നു ചേർന്ന മന്ത്രിസഭാ യോഗം കരടു ചട്ടങ്ങൾ അംഗീകരിച്ചശേഷം പിഎസ്‌സിക്കു വിട്ടിരുന്നു. പിഎസ്‌സി യോഗം ഇതു വിശദമായി ചർച്ച ചെയ്തു ശുപാർശകൾ സർക്കാരിനെ അറിയിച്ചു. സർവീസ് സംഘടനകളുമായി സർക്കാർ ചർച്ച നടത്തി. കെഎഎസിൽ ഉൾപ്പെടുത്തുന്ന 29 വകുപ്പുകളുടെ അഭിപ്രായവും കണക്കിലെടുത്തു. 

കെഎഎസ്  പ്രവേശനം മൂന്നു ധാര വഴി

∙കെഎഎസിൽ ഓഫിസർമാരായി നേരിട്ടുള്ള നിയമനം വഴി എത്തുന്നവർക്കു രണ്ടുവർഷം പ്രൊബേഷൻ. പരിശീലനം ഉൾപ്പെടെ തുടർച്ചയായി മൂന്നു വർഷം. 21 വയസ്സ് പൂർത്തിയായവർക്കും 32 തികയാത്തവർക്കും നേരിട്ടു നിയമനത്തിന് അപേക്ഷിക്കാം. ഒബിസിക്കു മൂന്നു വയസ്സും പട്ടികവിഭാഗക്കാർക്ക് അഞ്ചു വയസ്സും ഇളവ്. അംഗീകൃത ബിരുദമുണ്ടാകണം.  

∙മറ്റു വകുപ്പുകളിൽനിന്നു കെഎഎസിൽ ഓഫിസർമാരായി എത്തുന്നവരുടെ പ്രായപരിധി 21–40. ബിരുദ യോഗ്യതയോടെ ഗവ. സർവീസിൽ സ്ഥിരം ജീവനക്കാരനോ പ്രൊബേഷനറോ ആയിരിക്കണം. സർവീസിൽ രണ്ടുവർഷം പൂർത്തിയായിരിക്കണം. ഫസ്റ്റ് ഗസറ്റഡ് ഓഫിസർ മുതൽ മുകളിലേക്കുള്ളവർ അപേക്ഷിക്കേണ്ട. 

∙മൂന്നാമത്തെ ധാരയിലേക്കു ഫസ്റ്റ് ഗസറ്റഡ് പോസ്റ്റിലോ മുകളിലോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50. യോഗ്യത ബിരുദം. 

ബിരുദ യോഗ്യത: വ്യവസ്ഥയിൽ മാറ്റങ്ങൾ നിർദേശിച്ചു പിഎസ്‍സി

ബിരുദ യോഗ്യത സംബന്ധിച്ച വ്യവസ്ഥയിൽ മാറ്റം പിഎസ്‌സി നിർദേശിച്ചിരുന്നു. കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും സർവകലാശാലയിൽനിന്നുള്ള ബിരുദം എന്നായിരുന്നു കരടു ചട്ടത്തിൽ. ഇതിനു പുറമെ യുജിസി അംഗീകാരമുള്ള സ്ഥാപനങ്ങൾ, കേന്ദ്ര അംഗീകാരമുള്ള കേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവിടങ്ങളിൽനിന്നുള്ള ബിരുദവും ഉൾപ്പെടുത്താനാണു പിഎസ്‍സി നിർദേശിച്ചത്. 

മലയാളം നിർബന്ധമാക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചിരുന്നു. ഐഎഎസുകാർക്കും മറ്റും നടത്തുന്ന നിലവാരത്തിലുള്ള മലയാളം പരീക്ഷയായിരിക്കും കെഎഎസുകാർക്കും നടത്തുക. നിയമനം ലഭിക്കുന്നവർ ആരോഗ്യക്ഷമത സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി. 

എഴുത്തു പരീക്ഷയ്ക്കും ഇന്റർവ്യൂവിനുമുള്ള മാർക്ക് ഒഴിവാക്കണമെന്നും ശുപാർശ ചെയ്തിരുന്നു. സാധാരണ സ്പെഷൽ റൂളിൽ മാർക്കും മറ്റും പറയാറില്ല.  പരീക്ഷയ്ക്ക് എത്ര പേപ്പർ ഉണ്ടെന്നു തീരുമാനിക്കാത്ത സാഹചര്യത്തിൽ ഇന്റർവ്യൂവിന് അമിത മാർക്ക് വരുന്ന സാഹചര്യമുണ്ടാകും.