Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രൊബേഷനു മുൻപുള്ള വെരിഫിക്കേഷൻ നീളുന്നു; ആയിരങ്ങളുടെ കെഎഎസ് സ്വപ്നം ത്രിശങ്കുവിൽ

കൊല്ലം ∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കുള്ള (കെഎഎസ്) പിഎസ്‌സി വിജ്ഞാപനം അടുത്തമാസം വരാനിരിക്കെ, ആയിരക്കണക്കിനു സർക്കാർ ഉദ്യോഗസ്ഥരുടെ അവസരം ത്രിശങ്കുവിൽ. ജോലിയിൽ പ്രവേശിച്ചു പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിനു മുൻപു നടക്കേണ്ട വെരിഫിക്കേഷൻ അനന്തമായി നീളുന്നതാണു കാരണം. സർക്കാർ വകുപ്പുകളുടെ മെല്ലെപ്പോക്കു മൂലം വലിയൊരു വിഭാഗത്തിന്റെ അവസരം ഇല്ലാതാകുന്ന സാഹചര്യം സർക്കാർ അറിഞ്ഞ മട്ടില്ല.

പുതുതായി ജോലിയിൽ പ്രവേശിച്ച ആയിരക്കണക്കിനു പേരുടെ രേഖകൾ അതതു വകുപ്പുകൾ വെരിഫിക്കേഷനായി പിഎസ്‌സിയിലേക്ക് അയച്ചിട്ടില്ല. അയച്ചവയിൽ നല്ലൊരു പങ്കും അപൂർണമായതിനാൽ പിഎസ്‌സി തിരിച്ചയയ്ക്കുകയും ചെയ്യുന്നു. പ്രൊബേഷൻ കാത്തുകഴിയുന്നവരുടെ വെരിഫിക്കേഷൻ ഒരു മാസത്തിനുള്ളിൽ പൂർത്തിയായില്ലെങ്കിൽ കെഎഎസിലേക്ക് അപേക്ഷിക്കാൻ അവർക്കു കഴിയാതാവും.

ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ നിയമന വെരിഫിക്കേഷൻ 2010ലെ വിവാദമായ വയനാട് ജോലി തട്ടിപ്പു കേസിനെ തുടർന്നാണു നിർബന്ധമാക്കിയത്. 2010നു ശേഷം ജോലിയിൽ പ്രവേശിക്കുന്നവർ പിഎസ്‌സിയിൽ നേരിട്ടു ഹാജരാകണമെന്നും വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷമേ പ്രൊബേഷൻ പ്രഖ്യാപിക്കാവൂവെന്നും ഉത്തരവുണ്ട്. ജോലിയിൽ പ്രവേശിച്ചയാളുടെ വിരലടയാളം, തിരിച്ചറിയൽ അടയാളങ്ങൾ, നിയമനശുപാർശ തുടങ്ങിയവ രേഖപ്പെടുത്തിയ സർവീസ് ബുക്ക് പേജുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നിയമനാധികാരി പിഎസ്‌സിക്കു കത്തു നൽകണം. പിഎസ്‌സിയിലെ രേഖകളുമായി ഒത്തുനോക്കി ഉറപ്പുവരുത്തിയ ശേഷമേ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകൂ.

വെരിഫിക്കേഷൻ നടപടികളിലെ കാലതാമസം മൂലം ജീവനക്കാർക്കു തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് അപേക്ഷിക്കാനും കഴിയുന്നില്ല. പ്രൊബേഷൻ പ്രഖ്യാപിച്ചിട്ടുള്ള ജീവനക്കാർക്കു മാത്രമേ ഇത്തരം നിയമനങ്ങൾക്ക് അർഹതയുള്ളൂവെന്നാണു സർക്കാർ ഉത്തരവ്. സംസ്ഥാനത്തു പ്രതിവർഷം 30000- 40000 നിയമനങ്ങൾ നടക്കുന്നുവെന്നാണു കണക്ക്. ഇതിൽ ബിരുദധാരികളായ ഉദ്യോഗസ്ഥർക്കാണു പൊതുവിഭാഗത്തിനും ഗസറ്റഡ് ഓഫിസർമാർക്കും പുറമെ കെഎഎസിലേക്ക് അപേക്ഷിക്കാവുന്നത്. വെരിഫിക്കേഷനായി നിയമനാധികാരികൾ അയച്ച അപേക്ഷകളൊന്നും കെട്ടിക്കിടക്കുന്നില്ലെന്നാണു പിഎസ്‌സി അധികൃതരുടെ വിശദീകരണം. സർക്കാർ വകുപ്പുകളിൽ തന്നെ കിടക്കുകയാണെന്നർഥം.