Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎഎസ് നിയമനം: സംവരണം അട്ടിമറിച്ചെന്ന് കൊടിക്കുന്നിൽ

തിരുവനന്തപുരം∙ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെഎഎസ്) നിയമനത്തിൽ സംസ്ഥാന സർക്കാർ പിന്നാക്ക സംവരണം അട്ടിമറിച്ചതായി കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിളിക്കുന്ന നവോത്ഥാന സമ്മേളനങ്ങളിലും വനിതാമതിലിലും പങ്കെടുക്കണമോയെന്ന് പിന്നാക്ക സംഘടനകൾ ആലോചിക്കണമെന്നു കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

പട്ടിക ജാതി–വർഗക്കാർക്കു അവസരം നിഷേധിക്കുക വഴി ഭാവിയിൽ ഈ വിഭാഗങ്ങളിൽനിന്ന് ഒരാൾ പോലും സിവിൽ സർവീസിലേക്കു വരരുതെന്നാണു സർക്കാർ ആഗ്രഹിക്കുന്നത്. സെക്രട്ടേറിയറ്റിലെ ഉന്നതോദ്യോഗസ്ഥരുടെ താല്പര്യത്തിനു മുഖ്യമന്ത്രിയും മന്ത്രിമാരും വഴങ്ങുകയായിരുന്നു. കെ എ എസിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാവുന്ന രണ്ട്, മൂന്ന് സ്ട്രീമുകളിൽ സംവരണം നിഷേധിച്ചിരിക്കുകയാണ്.

ഇക്കാര്യം ചർച്ച ചെയ്യാൻ പട്ടിക ജാതി–വർഗ ഗോത്രകമ്മീഷൻ എം പി മാർ അടക്കമുള്ള ജനപ്രതിനിധികളുടെ യോഗം വിളിച്ചെങ്കിലും മുഖ്യമന്ത്രി ഇടപെട്ട് യോഗം റദ്ദാക്കി. നിലവിലുള്ള രീതിയിൽ കെ എ എസ് നടപ്പാക്കിയാൽ പിന്നാക്ക വിഭാഗത്തിൽനിന്ന് ഒരാൾ പോലും സിവിൽ സർവീസിൽ എത്തില്ലെന്നു കമ്മീഷൻ ജനപ്രതിനിധികൾക്കയച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമസെക്രട്ടറിയുടെ നിയമോപദേശം മറികടന്നു സർക്കാർ നടത്തിയ സംവരണ അട്ടിമറിക്കെതിരെ രാഷ്ട്രപതിയേയും ഗവർണറെയും കോൺഗ്രസ് സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.