Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎഎസിൽ സംവരണം ഉറപ്പാക്കണമെന്ന് ന്യൂനപക്ഷ കമ്മിഷൻ

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ പുതുതായി രൂപീകരിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) സ്ട്രീം രണ്ട്, മൂന്ന് വിഭാഗങ്ങളിൽ സംവരണം ഉറപ്പാക്കണമെന്നു ന്യൂനപക്ഷ കമ്മിഷൻ ഉത്തരവ്. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എ.എം. അബൂബക്കറിന്റെ പരാതിയിലാണു കമ്മിഷൻ ചെയർമാൻ പി.കെ.ഹനീഫ ഉത്തരവിട്ടത്.

സ്ട്രീം ഒന്നിൽ സംവരണം ഉറപ്പാക്കിയിട്ടുണ്ടെന്നും രണ്ടും മൂന്നും സ്ട്രീമുകളിൽ നിലവിലെ സർക്കാർ ജീവനക്കാരെ പരിഗണിക്കുന്നതിനാൽ അവർക്കു മുൻപു തന്നെ സംവരണാനുകൂല്യം ലഭിച്ചിട്ടുണ്ടെന്നുമാണ് കമ്മിഷനെ സർക്കാർ അറിയിച്ചത്. എന്നാൽ, രണ്ടും മൂന്നും സ്ട്രീമുകളിൽ മുൻപ് സംവരണാനുകൂല്യം കിട്ടിയ സർക്കാർ ജീവനക്കാർ അപേക്ഷിക്കാതിരിക്കുകയോ അപേക്ഷിച്ചിട്ടും നിയമനം കിട്ടാതിരിക്കുകയോ ചെയ്താൽ അതു സംവരണം നിഷേധിക്കലായിരിക്കുമെന്നു കമ്മിഷൻ നിരീക്ഷിച്ചു. സംവരണം നിക്ഷേധിക്കപ്പെട്ടാൽ അതു നികത്തുന്നതിനുള്ള മാർഗങ്ങൾ ചട്ടങ്ങളിൽ പറഞ്ഞിട്ടുമില്ല. അതിനാൽ സ്ട്രീം രണ്ടിലെയും മൂന്നിലെയും നിയമനങ്ങൾക്കു സംവരണം ഉറപ്പാക്കണം. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്കാര സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.