കെഎഎസ്: എജിയുടെ നിയമോപദേശം തേടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (കെഎഎസ്) സംവരണം പൂർണമായി ബാധകമാക്കുന്നതിനെക്കുറിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇപ്പോൾ കെഎഎസിൽ നേരിട്ടുള്ള നിയമനത്തിനു മാത്രമേ സംവരണമുള്ളൂ. സർക്കാർ ജീവനക്കാരിൽ നിന്നു തിരഞ്ഞെടുക്കുന്നതിനു സംവരണമില്ല. എല്ലാതരത്തിലുമുള്ള തിരഞ്ഞെടുപ്പിനും സംവരണം ബാധകമാക്കി ചട്ടം ഭേദഗതി ചെയ്യണമെന്ന് എം.കെ.മുനീർ, എം.ഉമ്മർ, പി.ഉബൈദുള്ള, ടി.വി.ഇബ്രാഹിം എന്നിവർ ആവശ്യപ്പെട്ടു.

സർക്കാർ ഉദ്യോഗസ്ഥരുടെ ക്വാട്ടയിൽ ഭരണഘടനാ സ്ഥാപനങ്ങളായ പിഎസ്‌സി, സർവകലാശാലകൾ, നിയമസഭാ സെക്രട്ടേറിയറ്റ് തുടങ്ങിയവയിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാമെന്ന തീരുമാനവും റദ്ദാക്കി. നിയമന ശുപാർശ നൽകുന്ന തീയതി മുതൽ സീനിയോറിറ്റി കണക്കാക്കണമെന്ന വി.ടി. ബലറാമിന്റെ ഭേദഗതിയും അംഗീകരിച്ചു.