മൂന്നാർ∙ രാജമലയിൽ നീലക്കുറിഞ്ഞി പൂത്തു. കൂട്ടത്തോടെ പൂക്കുന്നതിനു പകരം ഇടവിട്ടാണു പൂത്തത്. അടുത്ത 10 ദിവസം തുടർച്ചയായി വെയിൽ ലഭിച്ചാൽ കൂട്ടത്തോടെ പൂക്കുമെന്നു ഇരവികുളം ദേശീയോദ്യാനം അസി. വൈൽഡ് ലൈഫ് വാർഡൻ എസ്. സന്ദീപ് പറഞ്ഞു. ഒക്‌ടോബർ ആദ്യവാരം വരെ പൂക്കാലം നീണ്ടുനിൽക്കും.
സഞ്ചാരികൾക്കു രാവിലെ എട്ടു മുതൽ വൈകിട്ടു നാലുവരെ രാജമലയിലേക്കു പ്രവേശനം അനുവദിച്ചു. മുതിർന്നവർക്കു 120 രൂപയും കുട്ടികൾക്കു 90 രൂപയും വിദേശികൾക്കു 400 രൂപയുമാണ് ഒരാൾക്കുള്ള പ്രവേശന ഫീസ്.
രാജമലയിലേക്കു വാഹനത്തിൽ എത്താൻ കഴിയില്ല. മണ്ണിടിച്ചിലിൽ, മൂന്നാർ–മറയൂർ റൂട്ടിലുള്ള പെരിയവരൈ പാലവും അപ്രോച്ച് റോഡും തകർന്നിരിക്കുകയാണ്. പെരിയവരൈ പാലത്തിനു സമീപം ഇറങ്ങി നടപ്പാതയിലൂടെ കടന്നു മറ്റു വാഹനങ്ങളിൽ ദേശീയോദ്യാനത്തിന്റെ പ്രവേശന കവാടത്തിലെത്താം. രാജമലയിലേക്കുള്ള ഏക പ്രവേശന മാർഗമാണു പെരിയവരൈ പാലം.
ഒരാഴ്‌ചയ്‌ക്കുള്ളിൽ താൽക്കാലിക പാലം പൂർത്തിയാകുമെന്നു പൊതുമരാമത്ത് അധികൃതർ അറിയിച്ചു.