തിരുവനന്തപുരം ∙ കല്ലും മുള്ളും അഴുക്കും നിറഞ്ഞ അരുവിയിലൂടെ വളഞ്ഞും പുളഞ്ഞും തെന്നിത്തെറിച്ചും ഒഴുകിയിട്ടും തെളിനീരായാണു മാത്യു ടി. തോമസിന്റെ പടിയിറക്കം. രണ്ടരവർഷം ജലവിഭവവകുപ്പിനെ നയിച്ച മന്ത്രിക്ക് ഇനി കൈകഴുകാതെ ഇറങ്ങിപ്പോകാം. ‘താങ്കളെപ്പോലെ ഇത്രയും ശുദ്ധൻമാർ രാഷ്ട്രീയത്തിനു ചേരുമോ’ എന്ന ചോദ്യം മാത്യു ടി. തോമസ് പലവട്ടം നേരിട്ടിട്ടുണ്ട്. കൂടെയുള്ളവരെ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കരുതെന്ന് ഉപദേശിച്ചവരുമുണ്ട്. രണ്ടും ശരിവയ്ക്കുന്നതാണ് ഇന്നലത്തെ പാർട്ടി തീരുമാനമെന്നു പറയുന്നവരേറെ. ശുദ്ധൻമാരെക്കൊണ്ടു കാര്യങ്ങൾ ചടുലമായി നടത്താനാവില്ലെന്ന പൊതുധാരണ മാത്യു ടി. തോമസിന്റെ കാര്യത്തിലെങ്കിലും ശരിയല്ലെന്നതിന് ഉദാഹരണം തിരുവനന്തപുരത്തെ കാട്ടാക്കടയിൽ നിന്നു കിട്ടും.
2017ലെ അതിരൂക്ഷ വേനൽക്കാലം. തിരുവനന്തപുരം നഗരത്തിന്റെ ജലസ്രോതസായ അരുവിക്കര ഡാം വരണ്ടുണങ്ങി. നഗരത്തിലേക്കു വെള്ളമെത്തിക്കൽ 2 ദിവസത്തിലൊരിക്കലായി ചുരുക്കേണ്ടി വന്നപ്പോൾ മന്ത്രി നേരിട്ട് നെയ്യാറിന്റെ കരയിലെത്തി തലപുകച്ചു. നിറഞ്ഞൊഴുകുന്ന ആറ്റിൽനിന്ന് ഒന്നര കിലോമീറ്റർ ദൂരം പൈപ്പ് സ്ഥാപിച്ച് വെള്ളം അണിയിലക്കടവ് ആറ്റിലെത്തിച്ചാൽ അരുവിക്കര ഡാമിൽ വെള്ളം പൊങ്ങുമെന്ന ആശയം മിന്നി. പണ്ട് നടപ്പാക്കി വിജയിച്ചതാണെങ്കിലും ഇനി ഫലപ്രദമാകില്ലെന്നു പലരും ഉപദേശിച്ചെങ്കിലും മന്ത്രി പിൻമാറിയില്ല. മാത്യു ടി. തോമസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആഴ്ചകൾക്കുള്ളിൽ പണി പൂർത്തിയാക്കി അരുവിക്കരയിലേക്കു വെള്ളം കൊണ്ടുവന്നു. ഇനി എത്ര കഠിനമായ വേനൽ വന്നാലും നഗരത്തിന്റെ വെള്ളം മുട്ടാതിരിക്കാനുള്ള വലിയ മാറ്റം കൂടിയായി ആ പദ്ധതി മാറി.
ജല അതോറിറ്റി വൻനഷ്ടത്തിലാണെന്നതിനാൽ വെള്ളക്കരം കൂട്ടിയേ തീരൂവെന്നു സർക്കാർ നിർദേശിച്ചപ്പോഴും അതു നടപ്പാക്കാതിരിക്കാൻ മാത്യു ടി. തോമസ് പാടുപെട്ടു. ഏറ്റവും കൂടുതൽ ശുദ്ധജല പദ്ധതികൾക്കു തുടക്കമിട്ടെന്ന നേട്ടം മാത്യു ടി. തോമസിന്റെ തൊപ്പിയിലുണ്ടാകും. പ്രളയത്തിനു കാരണം ആലോചനയില്ലാതെ ഡാമുകൾ തുറന്നുവിട്ടതാണെന്ന ആരോപണങ്ങളുടെ കുത്തൊഴുക്കിനെ കണക്കുകൾ അവതരിപ്പിച്ചാണു മാത്യു ടി. തോമസ് പ്രതിരോധിച്ചത്. നിയമസഭയിലെ ആരോപണശരങ്ങൾ ഫലപ്രദമായി നേരിടാൻ ചുമതലപ്പെടുത്തിയതു മാത്യു ടി. തോമസിനെയായിരുന്നു. കഴിഞ്ഞ രണ്ടര വർഷം പ്രതിപക്ഷത്തിന്റെ വിമർശനങ്ങളല്ല, സ്വന്തം പാർട്ടിക്കുള്ളിൽ നിന്നു തന്നെ ഉയർന്ന ആരോപണങ്ങളാണ് മാത്യു ടി. തോമസിനെ ഏറെ വേദനിപ്പിച്ചത്.