തിരുവനന്തപുരം ∙ മന്ത്രിസ്ഥാനം ഒഴിയുന്ന മാത്യു.ടി.തോമസ് നാളെ മുഖ്യമന്ത്രി പിണറായി വിജയനു രാജിക്കത്തു നൽകും. മുഖ്യമന്ത്രി തലസ്ഥാനത്ത് ഇല്ലാതിരുന്നതുകൊണ്ടാണു രാജി നൽകാൻ വൈകുന്നതെന്നു മന്ത്രിയോട് അടുത്ത കേന്ദ്രങ്ങൾ അറിയിച്ചു. ഇന്നലെ മാധ്യമപ്രവർത്തകൾ കാണാൻ ശ്രമിച്ചെങ്കിലും പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം. രാവിലെ വസതിയിൽ ചെലവഴിച്ച ശേഷം ഉച്ചയ്ക്ക് ഓഫിസിലെത്തി ഫയലുകൾ പരിശോധിച്ചു. നിയമസഭാ സമ്മേളനം 27നു തുടങ്ങുന്നതിനാൽ പുതിയ മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞ വൈകില്ല. എൽഡിഎഫ് യോഗം ചേർന്നതിനു ശേഷം 27നു തന്നെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് ഇപ്പോഴുള്ള സൂചന. നിലവിലെ സാഹചര്യത്തിൽ വകുപ്പുകളിൽ മാറ്റമുണ്ടാകില്ല.
മാത്യു ടി.തോമസിനെ മാറ്റി കൃഷ്ണൻകുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു ജനതാദൾ (എസ്) ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ കത്ത് മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. സി.െക.നാണുവും കൃഷ്ണൻകുട്ടിയും കോഴിക്കോട്ടു മുഖ്യമന്ത്രിയെ നേരിട്ടുകണ്ടാണു കത്തു നൽകിയത്. ദേവഗൗഡയുടെ കത്തുകിട്ടിയെന്നും എന്താണു ചെയ്യേണ്ടതെന്നു പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എൽഡിഎഫിനും ഇതു സംബന്ധിച്ച കത്ത് കൈമാറിയേക്കും. മറ്റൊരു പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടേണ്ടതില്ലെന്നാണു സിപിഎം വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം ജനതാദൾ എസിലെ പ്രശ്നങ്ങൾ രൂക്ഷമാകുമെന്നു തന്നെയാണു നേതാക്കളുടെ വാക്കുകളിലെ സൂചന. ഉൾപ്പാർട്ടി പോരാട്ടമില്ലെന്നു പറഞ്ഞ കൃഷ്ണൻകുട്ടി മാത്യു ടി.തോമസ് പാർട്ടി തീരുമാനങ്ങൾ മുൻപും ലംഘിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി. 2006ൽ മന്ത്രിപദവി സംബന്ധിച്ച ധാരണകൾ പാലിച്ചില്ല. 2009ൽ മുന്നണിമാറ്റവും അട്ടിമറിച്ചു. മന്ത്രിപദവി പോകുമ്പോൾ ആരും വിഷമിച്ചുപോകും. അതു പതുക്കെ ശരിയാകും. പാർട്ടി അധ്യക്ഷ പദവിയിലേക്കു വരുന്നത് എംഎൽഎ തന്നെയാകണമെന്നില്ലെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. മാത്യു ടി.തോമസിനും കുടുംബത്തിനുമെതിരെ കേസുനൽകിയതിൽ പാർട്ടിക്കോ പ്രവർത്തകർക്കോ പങ്കില്ലെന്നു സി.കെ. നാണുവും പ്രതികരിച്ചു.