Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോചന നടപടി തെറ്റെങ്കിൽ സഞ്ജയ് ദത്തിനെ വീണ്ടും ജയിലിൽ അടയ്ക്കും: മഹാരാഷ്ട്ര

Sanjay-Dutt-15

മുംബൈ∙ 1993ലെ മുംബൈ സ്‌ഫോടനപരമ്പരക്കേസിൽ ജയിൽ മോചിതനായ നടൻ സഞ്ജയ് ദത്തിനെതിരെ മഹാരാഷ്ട്ര സർക്കാർ. ശിക്ഷാകാലാവധി തീരുന്നതിനു മുൻപ് സഞ്ജയ് ദത്തിനെ ജയിൽമോചിതനാക്കിയതു നിയമവിധേയമായിട്ടല്ലെങ്കിൽ ഉത്തരവു റദ്ദാക്കാമെന്നു മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയെ അറിയിച്ചു. വിട്ടയയ്ക്കുന്നതിന് അദ്ദേഹത്തിന്റെ വിഐപി സ്റ്റാറ്റസ് കാരണമായെന്നു കോടതിക്കു തോന്നുന്നുണ്ടെങ്കിൽ ദത്തിനെ വീണ്ടും ജയിലിൽ അടയ്ക്കാം. ശിക്ഷാകാലാവധി പൂർത്തിയാകും മുൻപ് ദത്തിനെ വിട്ടയച്ചത് എന്തിനാണെന്നു മഹാരാഷ്ട്ര സർക്കാരിനോടു ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനുള്ള മറുപടിയായി സമർപ്പിച്ച സത്യവാങ്മൂലത്തിലാണു സർക്കാർ നിലപാടു വ്യക്തമാക്കിയത്.

നല്ല നടപ്പിനു വിധിച്ചാണു ശിക്ഷാകാലാവധി തീരാൻ എട്ടുമാസം ബാക്കിയുള്ളപ്പോൾ ദത്തിനെ വിട്ടയച്ചത്. ശിക്ഷാ ഇളവു നൽകാൻ ആധാരമാക്കിയ മാനദണ്ഡങ്ങൾ എന്തൊക്കെയാണെന്നു വിശദീകരിച്ചു സത്യവാങ്മൂലം സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് സർക്കാരിനോടു നിർദേശിച്ചിരുന്നു. സഞ്ജയ് ദത്തിന്റെ പെരുമാറ്റവും സമീപനവും നല്ലതായെന്നു ജയിൽ വകുപ്പു കണ്ടെത്തിയത് എങ്ങനെയെന്നും ശിക്ഷയുടെ പകുതി കാലയളവും പരോളിലും മറ്റുമായിരുന്ന ഒരാളുടെ സ്വഭാവം നല്ലതാണെന്ന് എങ്ങനെയാണ് അധികൃതർക്കു മനസ്സിലായതെന്നും കോടതി ചോദിച്ചിരുന്നു.

സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട ആയുധം കൈവശം വച്ച കേസിൽ ആറു വർഷമാണു സഞ്ജയ് ദത്തിനു വിചാരണക്കോടതി ജയിൽശിക്ഷ വിധിച്ചിരുന്നത്. ജാമ്യത്തിലായിരുന്ന ദത്ത്, ശിക്ഷ സുപ്രീംകോടതി ശരിവച്ചതിനെത്തുടർന്ന് 2013ൽ കീഴടങ്ങി പുണെ യേർവാഡ ജയിലിലേക്കു മടങ്ങി. ശിക്ഷാകാലാവധി അവസാനിക്കുന്നതിന് എട്ടു മാസം മുൻപ് 2016 ഫെബ്രുവരിയിൽ ‘നല്ല നടപ്പിനെ’ത്തുടർന്നു നടനെ വിട്ടയയ്ക്കുകയായിരുന്നു.