ഗ്ലാസ്ഗോ ∙ റിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ പി.വി. സിന്ധു ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ്പിലും മെഡലുറപ്പിച്ചു. ചൈനയുടെ അഞ്ചാം സീഡ് സൺ യുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച സിന്ധു ടൂർണമെന്റിന്റെ സെമിയിൽ കടന്നു. ലോക മൂന്നാം റാങ്കുകാരിയും ഗ്ലാസ്ഗോയിൽ നാലാം സീഡുമായ സിന്ധു 21–14, 21–9 എന്ന സ്കോറിലാണ് സൺ യുവിനെ വീഴ്ത്തിയത്.
ലോക ചാംപ്യൻഷിപ്പിന്റെ സെമിയിൽ കടക്കുന്നവർക്ക് വെങ്കല മെഡൽ ഉറപ്പായതിനാലാണ് സിന്ധുവും മെഡലുറപ്പാക്കിയത്. തീർത്തും ഏകപക്ഷീയമായ മൽസരം 39 മിനിറ്റു മാത്രമേ നീണ്ടുള്ളൂ. ചൈനയുടെ ഒൻപതാം സീഡ് താരം യൂഫെയ് ചെന്നാണ് സെമിയിൽ സിന്ധുവിന്റെ എതിരാളി. 2014, 2013 വർഷങ്ങളിലും സിന്ധു ലോക ചാംപ്യൻഷിപ്പിന്റെ സെമിയിൽ കടന്നിരുന്നെങ്കിലും അവിടെനിന്ന് മുന്നേറാൻ സാധിച്ചിരുന്നില്ല.
അതേസമയം, പുരുഷവിഭാഗത്തിൽ ഇന്ത്യയ്ക്ക് തിരിച്ചടി നൽകി കെ. ശ്രീകാന്ത് ക്വാർട്ടറിൽ തോറ്റു പുറത്തായി. ലോക ഒന്നാം നമ്പർ താരം ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോയോടാണ് ശ്രീകാന്ത് അടിയറവു പറഞ്ഞത്. 49 മിനിറ്റു നീണ്ട മൽസരത്തിൽ 14–21, 18–21 എന്ന സ്കോറിനാണ് ശ്രീകാന്ത് തോൽവി സമ്മതിച്ചത്.