മുംബൈ ∙ പ്രളയത്തിൽ മുങ്ങിയ മുംബൈ പതുക്കെ സാധാരണ നിലയിലേക്ക്. രണ്ടുദിവസമായി തുടരുന്ന മഴയ്ക്ക് ഭാഗിക ശമനം ഉണ്ടായതോടെ നഗരത്തിലെ ചിലയിടങ്ങളിൽ വെള്ളക്കെട്ട് ഒഴിവായി. പൂർണമായും നിശ്ചലമായിരുന്ന ലോക്കൽ ട്രെയിൻ ഗതാഗതം ചൊവ്വാഴ്ച രാത്രിയോടെ ഭാഗികമായി പുനഃസ്ഥാപിച്ചു. താനെ– കല്യാൺ ലൈനിലാണു രാത്രിമുതൽ ട്രെയിൻ ഓടിത്തുടങ്ങിയത്.
200 മില്ലീമീറ്റർ മഴ ഇന്നലെ മാത്രം പെയ്തത് റെക്കോർഡാണ്. 2005ലെ പ്രളയത്തിനു ശേഷം പെയ്ത ഏറ്റവും ശക്തമായ മഴയിൽ ജനജീവിതം നിശ്ചലമായി. മുംബൈയിലും താനെയിലുമായി അഞ്ചു പേർ മരിച്ചു. ഇന്നും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. മുംബൈ മുനിസിപ്പൽ കോർപറേഷൻ പരിധിയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്നും അവധിയായിരിക്കും. വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളിലെ സർക്കാർ, അർധസർക്കാർ ഓഫീസുകളും ഇന്നു പ്രവർത്തിക്കില്ല. നഗരത്തിലെ വെള്ളക്കെട്ട് പൂർണമായും മാറാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്നു പൊലീസും കോർപറേഷൻ അധികൃതരും നിർദ്ദേശം നൽകിയിട്ടുണ്ട്.
പലയിടത്തും റെയിൽപാളങ്ങൾ വെള്ളത്തിലായി. ട്രെയിനുകളിലും സ്‌റ്റേഷനുകളിലുമായി പതിനായിരങ്ങളാണു കുടുങ്ങിയത്. ദീർഘദൂര സർവീസുകളും താളം തെറ്റി. വെള്ളക്കെട്ടിൽ റോഡ് ഗതാഗതവും നിലച്ചു. വിമാന സർവീസുകൾ ഭാഗികമായി നിലച്ചു. ചൊവ്വാഴ്ച ആറു വിമാനങ്ങൾ റദ്ദാക്കി. പത്തെണ്ണം വഴിതിരിച്ചുവിട്ടു. ഹൈക്കോടതിയിലെ അഞ്ഞൂറിലേറെ ജീവനക്കാർ രാത്രി അവിടെത്തന്നെ തങ്ങി. ഹെലികോപ്റ്ററുകളും മുങ്ങൽ വിദഗ്ധരുമായി രക്ഷാപ്രവർത്തനത്തിനു സജ്ജമാണെന്നു നാവികസേന അറിയിച്ചു. വെള്ളത്തിലൂടെ കൈകോർത്തു നടക്കുന്നവരെ നഗരത്തിലെങ്ങും കാണാം.
അതിനിടെ വെള്ളക്കെട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ നഗരത്തിൽ ബോട്ടുകൾ ഇറക്കി. താഴ്ന്ന പ്രദേശങ്ങളിൽ ഇരുചക്ര വാഹനങ്ങൾ ഒഴുകിപ്പോയി. ദാദർ, സയൺ, മാട്ടുംഗ, ബൈക്കുള, സാക്കിനാക്ക, അന്ധേരി, സാന്താക്രൂസ്, ജിടിബി നഗർ, ഖാർ, പരേൽ, ലാൽബാഗ്, വർളി, തുടങ്ങിയ മേഖലകളിലെല്ലാം അരയ്ക്കൊപ്പം വെള്ളം ഉയർന്നു. ബാന്ദ്ര-വർളി കടൽപാലം ഉച്ചയോടെ അടച്ചെങ്കിലും പിന്നീട് തുറന്നു.
കെഇഎം ആശുപത്രിയുടെ താഴത്തെ നിലയിൽ രണ്ടടിയോളം വെള്ളം പൊങ്ങിയതിനെത്തുടർന്ന് 50 രോഗികളെ മാറ്റി. 150 കൂറ്റൻ പമ്പുകൾ സ്ഥാപിച്ച് വെള്ളം നീക്കം ചെയ്യാനുള്ള ശ്രമം തുടരുകയാണ്. അടുത്ത 48 മണിക്കൂർ മുംബൈ, തെക്കൻ ഗുജറാത്ത്, കൊങ്കൺ, ഗോവ തീരങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.