Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പോപ്പുലർ ഫ്രണ്ടിന് ഭീകര ബന്ധമുണ്ടെന്ന് എൻഐഎ; നടപടിക്ക് കേന്ദ്ര നീക്കം

popular-front-of-india (ഫയൽ ചിത്രം)

ന്യൂഡൽഹി∙ കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ നടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീകരസംഘടനകളുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധമുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്നാണു നടപടിയെന്നു വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ തീവ്രവാദ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും ബോംബ് നിർമാണം നടത്തുന്നുണ്ടെന്നും വ്യക്തമാക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റിപ്പോർട്ട് നൽകിയിരുന്നു. യുഎപിഎ (അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവൻഷന്‍) ആക്ട്) അനുസരിച്ചു സംഘടനയെ നിരോധിക്കാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥൻ അറിയിച്ചു.

ഇടുക്കിയിൽ അധ്യാപകന്റെ കൈപ്പത്തി വെട്ടിയ കേസ്, കണ്ണൂരിലെ ക്യാംപുകളിൽനിന്ന് എൻഐഎ വാളുകൾ കണ്ടെത്തിയ സംഭവം, ബോംബ് നിർമാണം, ബെംഗളൂരുവിലെ ആർഎസ്എസ് നേതാവ് രുദ്രേഷിന്റെ കൊലപാതകം, ഇസ്‌ലാമിക് സ്റ്റേറ്റ് അൽ ഹിന്ദിയോടൊപ്പം ചേർന്നു ദക്ഷിണേന്ത്യയിൽ ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ തുടങ്ങിയവയാണു റിപ്പോർട്ടിൽ സംഘടനയ്ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ. ഇവ തെളിയിക്കുന്നതിന് ആവശ്യമായ എല്ലാ രേഖകളും എൻഐഎ സമർപ്പിച്ചിട്ടുണ്ട്. ഉടനെതന്നെ സംഘടനയെ നിരോധിക്കുന്നതാണ് നല്ലതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

അതേസമയം, എൻഐഎയുടെ ആരോപണങ്ങൾ തള്ളി പോപ്പുലർ ഫ്രണ്ട് ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം പി. കോയ രംഗത്തെത്തി. അന്വേഷണം നടക്കുന്നുണ്ടോ എന്നറിയില്ല. ഇതേക്കുറിച്ച് തങ്ങളോട് വിശദീകരണമൊന്നും ചോദിച്ചിട്ടില്ല. പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ ദേശവിരുദ്ധമല്ല, ദേശസ്നേഹത്തോടെയാണ്. ഒരു തീവ്രവാദ ക്യാംപുകളും നടത്തിയിട്ടില്ല. ഒരു ഭീകര പ്രവർത്തനങ്ങളിലും പങ്കാളികളായിട്ടില്ല. നിങ്ങൾക്കു ഞങ്ങളെ ഭീകര സംഘടനയായി ബോധപൂർവം മുദ്രകുത്തണമെന്നല്ലാതെ, ഭീകര സംഘടനയെന്നു വിളിക്കാൻ മറ്റൊരു കാരണവുമില്ല – കോയ അവകാശപ്പെട്ടു.

പോപ്പുലർ ഫ്രണ്ട് ആരംഭിച്ച് 25 വർഷത്തിനിടെ 10 കേസുകൾ മാത്രമാണ് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത് സംഘടനാ പ്രവർത്തനത്തിൽ സർവസാധാരണമാണ്. കേരളത്തിൽ ആർഎസ്എസ് – സിപിഎം ഏറ്റുമുട്ടലുകളിൽ 100ൽ അധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാൽ ഇരു സംഘടനകളെയും ഒരിക്കലും ദേശവിരുദ്ധരെന്നു വിളിച്ചിട്ടില്ല. 23 സംസ്ഥാനങ്ങളിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനമുണ്ടെങ്കിലും കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലാണ് സജീവമെന്നും കോയ വ്യക്തമാക്കി.