Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീമ– കൊറിഗാവ് യുദ്ധം; 28,000 പടയാളികളെ നേരിട്ട 500 അംഗ മഹർ സേന!

Violent Protest in Aurangabad മഹാരാഷ്ട്രയിൽ ദലിത് – മറാഠ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽനിന്ന്

മഹാരാഷ്ട്രയുടെ പോരാട്ടവീര്യം നിറയുന്ന നാടോടിക്കഥകളിൽ നിറംമങ്ങാത്ത സ്ഥാനമുണ്ട് കൊറിഗാവ് യുദ്ധത്തിന്. കേവലം 500 പോരാളികളെയും കൊണ്ട് 28,000 സൈനികരെ പോരാടിത്തോൽപ്പിച്ച ധീരസ്മരണ. രാജസേനയെ വിറപ്പിച്ച ദലിതരുടെ ആയോധന, ആത്മവീര്യത്തിന്റെ ചരിത്രസാക്ഷ്യം. ബ്രാഹ്മണ മേധാവിത്തത്തെ കടപുഴക്കി, ബ്രിട്ടിഷ് ആധിപത്യത്തിന് ശിലപാകിയ യുദ്ധം !

ഈ യുദ്ധവിജയത്തിന്റെ 200–ാം വാർഷികം ആഘോഷിക്കുന്നതിനിടെയാണ് മറാത്ത ഭൂമിയിൽ മറ്റൊരു സംഘർഷവും ഉടലെടുത്തിരിക്കുന്നത്. കൂടുതൽ വായനയ്ക്ക്

ബ്രിട്ടിഷുകാർക്കെതിരായ യുദ്ധങ്ങളുടെ പേരിൽ അഭിമാനിക്കുന്ന ഇന്ത്യക്ക്, അവരെ അരക്കിട്ടുറപ്പിച്ച ‘വിജയകഥ’ കൂടി പറയാനുണ്ട് മറാത്തയിൽ. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു കീഴിലേക്ക് ഇന്ത്യയെയും ചേർക്കുമ്പോൾ‌, സമൂഹത്തിന്റെ താഴെത്തട്ടിൽ ജീവിക്കാൻ വിധിക്കപ്പെട്ട ദലിതരുടെ ഉയിർത്തെഴുന്നേൽപ്പ് കൂടിയായിരുന്നു അത്. ബ്രാഹ്മണ മേധാവിത്തത്തെ അട്ടിമറിക്കാൻ പോന്ന ആത്മബലമുണ്ടെന്ന് ദലിതർ തിരിച്ചറിഞ്ഞ നാളുകൾ. 1817 ഡിസംബർ 31ന് തുടങ്ങി 1818 ജനുവരി ഒന്നിന് അവസാനിച്ച യുദ്ധം.

മഹാരാഷ്ട്ര പിടിച്ചടക്കാൻ മൂന്ന് യുദ്ധങ്ങളാണ് പ്രധാനമായും ബ്രിട്ടൻ നടത്തിയത്. 1817-18 കാലത്തായിരുന്നു മൂന്നാം യുദ്ധം. തങ്ങളുടെ സൈനികസഹായ വ്യവസ്ഥ സ്വീകരിക്കാൻ മഹാരാഷ്ട്ര നേതാക്കളെ ബ്രിട്ടൻ നിര്‍ബന്ധിച്ചു. മറാത്താ പ്രഭുക്കന്‍മാരുടെ നേതൃത്വം പേഷവയില്‍നിന്നും എടുത്തുമാറ്റി. കൊങ്കണ്‍ തുടങ്ങിയ പ്രധാന പ്രദേശങ്ങള്‍ ബ്രിട്ടനു ലഭിച്ചു. എന്നാൽ, ബ്രിട്ടനു കീഴിൽ ജീവിക്കാന്‍ പെഷവ ഇഷ്ടപ്പെട്ടില്ല. അവർ പൂണെയിലെ ബ്രിട്ടിഷ് റസിഡന്‍സി ആക്രമിച്ച് തീയിട്ടു. 

പ്രത്യാക്രമണത്തിൽ ബ്രിട്ടിഷ് സൈന്യം പെഷവയെ പരാജയപ്പെടുത്തി. തുടർന്ന് ബ്രിട്ടനോട് യുദ്ധം പ്രഖ്യാപിച്ച മറ്റുള്ളവരും തോൽപ്പിക്കപ്പെട്ടു. നര്‍മദാനദിക്ക് വടക്കുള്ള ജില്ലകള്‍ ബ്രിട്ടിഷിന്ത്യയോട് ചേര്‍ത്തു. ഖിര്‍ക്കിയില്‍ പരാജയപ്പെട്ടിട്ടും പെഷവ രണ്ടു യുദ്ധങ്ങള്‍കൂടി നടത്തി. 1818 ജനുവരിയിൽ കൊറിഗാവ് യുദ്ധവും ഫെബ്രുവരിയിൽ അഷ്ടിയുദ്ധവും. രണ്ടു യുദ്ധങ്ങളിലും തോറ്റ ബാജിറാവു രണ്ടാമൻ ജൂണിൽ കീഴടങ്ങിയതോടെ പെഷവ സ്ഥാനം (പ്രധാനമന്ത്രി) ബ്രിട്ടിഷുകാർ നിര്‍ത്തലാക്കി. ഇന്ത്യയിൽ ബ്രിട്ടന്റെ തേരോട്ടവും തുടങ്ങി.

കേണല്‍ എഫ്.എഫ്.സ്റ്റോണ്‍ടന്റെ നേതൃത്വത്തിലുള്ള 500 സൈനികരാണ്, പൂണെയ്ക്കടുത്തുള്ള ഭീമ നദി കടന്ന് കൊറഗാവിൽ പെഷവ രാജസേനയുമായി ഏറ്റുമുട്ടിയത്. 12 മണിക്കൂർ കഠിനമായ യുദ്ധം. സർവസജ്ജരായിരുന്നു പെഷവ സേന. 20,000 പടക്കുതിരകൾ, 8000 കാലാൾപ്പട.. എണ്ണപ്പെരുക്കത്തിന്റെ വലിപ്പത്തിൽ ബ്രിട്ടിഷ് സേന വിറച്ചില്ല. ആഹാരവും വെള്ളവുമില്ലാതെ, ക്ഷീണമറിയാതെ അവർ‌ പോരാടി. പെഷവ സേനയെ കാൽക്കീഴിൽ വീഴ്‍ത്തി.

ഈ യുദ്ധവിജയങ്ങളോടെയാണ് മറാത്തയിൽ ബ്രിട്ടിഷുകാർ സുഗമമായ ഭരണം തുടങ്ങിയത്. ഭീമ കൊറിഗാവ യുദ്ധത്തിലെ ബ്രിട്ടിഷ് സൈന്യകർ മഹർ അഥവാ ദലിതരായിരുന്നു. മറാത്ത സാമ്രാജ്യത്തോട് പോരാടി ജയിച്ച ദളിത് സൈനികരുടെ ഓര്‍മ പുതുക്കുന്ന ദിനമാണ് ജനുവരി ഒന്ന്. 1927 ജനുവരി ഒന്നിന് ഡോ: ബി.ആര്‍.അംബേദ്കര്‍ ഇവിടെയുള്ള സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദലിത് സമൂഹം എല്ലാ പുതുവർഷത്തിലും ഇവിടെ ഒത്തുകൂടി രണസ്മരണ പുതുക്കും. അന്നത്തെ പോരാളികൾക്കുള്ള അഭിവാദ്യമായി കരസേനയിൽ ഇന്ന് മഹർ റെജിമെന്റുമുണ്ട്.

ചാതുര്‍വര്‍ണ്യ വ്യവസ്ഥയ്ക്കു പുറത്ത് മനുഷ്യരായിപ്പോലും മഹറുകളെ പരിഗണിക്കാതിരുന്ന കാലമുണ്ട്. പൊതുകാര്യങ്ങളിലെല്ലാം അയിത്തം കൽപ്പിക്കപ്പെട്ടു. കാല്‍പ്പാടുകള്‍ പതിഞ്ഞാൽ അശുദ്ധിയാകുമെന്ന് പറഞ്ഞ് മഹറുകളുടെ പിന്നിൽ ചൂൽ കെട്ടി നടത്തിച്ചു. തുപ്പല്‍ മണ്ണില്‍ വീഴാതിരിക്കാന്‍ കഴുത്തില്‍ കുടം കെട്ടിത്തൂക്കി. ജനിച്ച നാട്ടിലെ ഈ അടിമത്തത്തിനെതിരെ, മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയായിരുന്നു മഹറുകളുടെ പോരാട്ടം. ദലിതരുടെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള യുദ്ധം. ഹൈന്ദവ, ബ്രാഹ്മണ മേധാവിത്തത്തെ വെല്ലുവിളിച്ച് ദലിതർ വിജയത്തിന്റെ കൊടിക്കൂറ കെട്ടിയ ചരിത്രം.