Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീമ– കോറെഗാവ്: മഹാരാഷ്ട്രയെ നിശ്ചലമാക്കി ദലിത് സംഘടനകളുടെ ബന്ദ്

PTI1_3_2018_000176B മഹാരാഷ്ട്ര ബന്ദിനോടനുബന്ധിച്ച് ദലിത് പ്രക്ഷോഭകർ മുംബൈ വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ ഉപരോധിച്ചതിനെത്തുടർന്നുണ്ടായ വാഹനക്കുരുക്ക്.

മുംബൈ ∙ ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദ് പതിവിനു വിരുദ്ധമായി മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു.  മുംബൈയിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം അക്രമാസക്തമായി. താനെയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്നും തുടരും. അതേസമയം, ബന്ദ് പിൻവലിച്ചതായി വൈകുന്നേരത്തോടെ ബാരിപ ബഹുജൻ മഹാസംഘ് (ബിബിഎം) നേതാവും ഡോ. ബി.ആർ. അംബേദ്കറുടെ കൊച്ചുമകനുമായ പ്രകാശ് അംബേദ്കറുടെ പ്രസ്താവനയെത്തി. 

മുംബൈയിൽ ലോക്കൽ ട്രെയിൻ, ബസ് ഗതാഗതം തടസ്സപ്പെട്ടു. 50 ബസുകൾക്കു നാശനഷ്ടമുണ്ട്. നാലു ബസ് ഡ്രൈവർമാർക്കു പരുക്കേറ്റു. സ്വകാര്യ വാഹനങ്ങൾക്കും നേരെ അക്രമമുണ്ടായി. മുളുണ്ടിനു സമീപം നാഹുറിൽ ലോക്കൽ ട്രെയിൻ തടഞ്ഞ പ്രക്ഷോഭകർ യാത്രക്കാർക്കു നേരെ കല്ലെറിഞ്ഞു. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേ ഉപരോധിച്ച സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കി. പവയിൽ രണ്ടു പൊലീസ് ബൈക്കുകൾ കത്തിച്ചതിനെത്തുടർന്ന് ലാത്തിച്ചാർജും നടന്നു. 12 വിമാന സർവീസുകൾ റദ്ദാക്കി. 235 സർവീസുകൾ വൈകി. 

പുതുവൽസരദിനത്തിൽ പുണെയിൽ ഭീമ– കോറെഗാവ് യുദ്ധവാർഷികാചരണത്തിന്റെ പേരിലുണ്ടായ ദലിത്– മറാഠാ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതിന്റെ തുടർച്ചയായിട്ടായിരുന്നു ഇന്നലത്തെ ബന്ദ് ആഹ്വാനം. അതേസമയം, യുദ്ധവാർഷികാചരണത്തോടനുബന്ധിച്ചു ഡിസംബർ 31നു പുണെയിൽ നടന്ന പരിപാടിയിൽ ഗുജറാത്തിൽനിന്നുള്ള ദലിത് നേതാവ് ജിഗ്‌നേഷ് മേവാനിയും ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദും നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണു സംഘർഷങ്ങൾക്കു കാരണമെന്ന് ആരോപിച്ചു മറാഠാ പക്ഷം പൊലീസിനു പരാതി നൽകി. എന്നാൽ ഹിന്ദു വലതുപക്ഷ സംഘടനാ നേതാക്കളായ സംഭാജി ഭിഡെയും മിലിന്ദ് ഏക്ബോതെയുമാണു സംഘർഷങ്ങൾക്കു തുടക്കമിട്ടതെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നുമാണു പ്രകാശ് അംബേദ്കറുടെ നിലപാട്.