Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഎച്ച്എസ്‌ഇ ചോദ്യക്കടലാസ് വാട്സാപ്പിൽ ഇട്ട സംഭവം: അഞ്ച് അധ്യാപകർക്ക് സസ്പെൻഷൻ

exam-representational-image Representational Image

തിരുവനന്തപുരം∙ വൊക്കേഷനൽ ഹയർസെക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷയുടെ ചോദ്യക്കടലാസ് പായ്ക്കറ്റ് മാറ്റി പൊട്ടിക്കുകയും പരീക്ഷ അവസാനിക്കുന്നതിനു മുമ്പ് ചോദ്യക്കടലാസ് വാട്സാപ്പിൽ ഇടുകയും ചെയ്തതിനു മൂന്നു സ്കൂളുകളിലെ അഞ്ച് അധ്യാപകർക്കു സസ്പെൻഷൻ.

ചോദ്യ പായ്ക്കറ്റ് മാറ്റിപ്പൊട്ടിച്ചതിനു പാലക്കാട്, വയനാട് ജില്ലകളിലെ രണ്ടു സ്കൂളുകളിലെ നാല് അധ്യാപകരെയാണു സസ്പെൻഡ് ചെയ്തത്. ഈ സ്കൂളുകളിലെ പരീക്ഷാച്ചുമതലയുള്ള ചീഫ് സൂപ്രണ്ടും ഡപ്യൂട്ടി സൂപ്രണ്ടുമാണ് ഇവർ. പരീക്ഷ അവസാനിക്കുന്നതിനു മുമ്പായി ചോദ്യക്കടലാസ് വാട്സാപ്പിൽ ഇട്ടതിനു സസ്പെൻഷനിലായതു കോഴിക്കോട് ജില്ലയിലെ അധ്യാപകനാണ്. രണ്ടാം വർഷ അഗ്രിക്കൾച്ചറൽ, വെറ്ററിനറി വിദ്യാർഥികളുടെ വൊക്കേഷനൽ വിഷയത്തിന്റെ ചോദ്യക്കടലാസാണ് മാറ്റിപ്പൊട്ടിച്ചത്.

അയ്യായിരത്തോളം വിദ്യാർഥികളാണ് ഈ പരീക്ഷ എഴുതുന്നതെന്നും പകരം പുതിയ ചോദ്യക്കടലാസ് എത്തിച്ച സാഹചര്യത്തിൽ നിലവിലുള്ള ടൈംടേബിൾ അനുസരിച്ചു പരീക്ഷ നടക്കുമെന്നും വിഎച്ച്എസ്ഇ ഡയറക്ടർ എ. ഫാറൂക്ക് അറിയിച്ചു. ചോദ്യക്കടലാസ് പായ്ക്കറ്റിലെ കോഡ് സംബന്ധിച്ച ആശയക്കുഴപ്പമാണു കവർ മാറ്റിപ്പൊട്ടിക്കാൻ ഇടയാക്കിയത്. 13നു നടക്കേണ്ടിയിരുന്ന ഒന്നാം വർഷ വിഎച്ച്എസ്ഇ പരീക്ഷയ്ക്കായി 26നു നടക്കുന്ന രണ്ടാം വർഷ പരീക്ഷയുടെ ചോദ്യക്കടലാസ് മാറ്റിപ്പൊട്ടിക്കുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ അധ്യാപകർ ഇക്കാര്യം അധികൃതരെ അറിയിച്ചു. എങ്കിലും വീഴ്ച വരുത്തിയ സാഹചര്യത്തിൽ രണ്ടു സ്കൂളുകളിലും പരീക്ഷാച്ചുമതലയുള്ളവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. ഈ ചോദ്യക്കടലാസ് റദ്ദാക്കി. പുതിയ ചോദ്യക്കടലാസിന്റെ അടിസ്ഥാനത്തിൽ 26നു പരീക്ഷ നടക്കും.

ഒന്നാം വർഷക്കാരുടെ മെഡിക്കൽ ലാബ് ടെക്നോളജി പരീക്ഷ അവസാനിക്കുന്നതിനു മുമ്പായി ചോദ്യക്കടലാസ് വാട്സ്ആപ്പിൽ ഇട്ടുവെന്നതാണു കോഴിക്കോട് ജില്ലയിലെ അധ്യാപകനു മേൽ ചുമത്തിയിരിക്കുന്ന കുറ്റമെന്നു വിഎച്ച്എസ്ഇ ഡയറക്ടർ പറഞ്ഞു. അഞ്ചു പേർക്കുമെതിരെ ഇനി വകുപ്പു തല അന്വേഷണം നടത്തും.