മുംബൈ സ്ഫോടനം: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട താഹിർ മെർച്ചന്റ് ജയിലിൽ മരിച്ചു

സ്ഫോടനം നടന്ന എയർഇന്ത്യയുടെ കെട്ടിടത്തിൽ പൊലീസ് പരിശോധന നടത്തുന്നു. (ഫയൽ ചിത്രം)

മുംബൈ∙ 1993 മുംബൈ സ്ഫോടന പരമ്പരക്കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട താഹിർ മെർച്ചന്റ് (63) ഹൃദയാഘാതത്തെത്തുടർന്നു മരിച്ചു. പുണെ യേർവാഡ ജയിലിൽ വച്ച് ഇന്നു പുലർച്ചെ മൂന്നിനാണു ഹൃദയാഘാതം ഉണ്ടായത്.

സസൂൺ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1993 മാർച്ച് 12നു നടന്ന 12 സ്ഫോടനങ്ങൾക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തി നൽകിയെന്നതാണ് താഹിറിനെതിരായ കുറ്റം. സ്ഫോടനത്തിൽ 257 പേർ കൊല്ലപ്പെട്ടു. 718 പേർക്കു പരുക്കേറ്റു.

പുലർച്ചെ മൂന്നു മണിയോടെയാണ് നെഞ്ചുവേദന അനുഭവപ്പെടുന്നതായി താഹിർ അറിയിച്ചത്. ഉടൻതന്നെ സസൂൺ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മൂന്നേമുക്കാലോടെ മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് യേർവാഡ ജയിൽ അധികൃതർ അറിയിച്ചു.