Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സജീവ രാഷ്ട്രീയത്തിലേക്ക് പ്രണബ് ഇനിയില്ല: ശിവസേനയെ തള്ളി മകൾ ശർമിഷ്ഠ

pranab-mukherjee-sharmistha പ്രണബ് മുഖർജിക്കൊപ്പം മകൾ ശർമിഷ്ഠ (ഫയൽ ചിത്രം)

ന്യൂഡൽഹി∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി രാഷ്ട്രീയത്തിലേക്കു തിരിച്ചെത്തില്ലെന്നു മകൾ ശർമിഷ്ഠ മുഖർജി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി മുൻ രാഷ്ട്രപതി കൂടിയായ പ്രണബ് മുഖർജിയെ പ്രഖ്യാപിക്കാൻ രാഷ്ട്രീയ സ്വയം സേവക സംഘം (ആർഎസ്എസ്) തയാറായേക്കുമെന്ന് ശിവസേനാ നേതാവ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണു ശർമിഷ്ഠയുടെ ട്വീറ്റ്.

'അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ആവശ്യമായ സീറ്റുകൾ കിട്ടില്ലെന്ന സാഹചര്യമുണ്ടായാൽ പ്രണബ് മുഖർജിയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കാൻ ആർഎസ്എസ് തയാറെടുക്കുമെന്നു തോന്നുന്നു, എന്തായാലും അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 110 സീറ്റുകൾ നഷ്ടപ്പെടുമെന്നുറപ്പാണ്', ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ദേശീയ വാർത്താ ഏജൻസിയായ എഎൻെഎയോടു പറഞ്ഞു.

കഴിഞ്ഞദിവസം നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ പ്രണബ് മുഖർജി പങ്കെടുത്ത് ദേശീയതയെ കുറിച്ചു പ്രഭാഷണം നടത്തിയിരുന്നു. ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാനുള്ള പ്രണബിന്റെ തീരുമാനത്തെ എതിർത്ത ശർമിഷ്ഠ സന്ദർശനത്തെച്ചൊല്ലി ബിജെപിയും ആർഎസ്എസും കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.