ന്യൂഡൽഹി∙ ‘മീ ടൂ’ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്ത്രീകളുടെ പരാതികൾ അന്വേഷിക്കുന്നതിനായി കേന്ദ്രമന്ത്രി മേനകാ ഗാന്ധി പ്രത്യേക സമിതിയെ നിയമിച്ചു. നാലു മുൻ ജഡ്ജിമാർ ഉൾപ്പെട്ട സംഘമാണു സ്ത്രീകളുടെ പരാതികൾ അന്വേഷിക്കുക. മീ ടൂ ക്യാംപെയ്നിൽ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും. കേന്ദ്രമന്ത്രി എം.ജെ. അക്ബറുൾപ്പെടെ നിരവധി പ്രമുഖരാണ് ആരോപണ വിധേയരായിട്ടുള്ളത്.
അതേസമയം കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ പരാതിയുമായി മറ്റൊരു മാധ്യമ പ്രവർത്തക കൂടി രംഗത്തെത്തി. കൊളംബിയൻ മാധ്യമ പ്രവർത്തകയാണു കേന്ദ്രമന്ത്രിക്കെതിരെ പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഇന്റേൺഷിപ്പിനിടെ എം.ജെ. അക്ബർ ഉപദ്രവിച്ചെന്നാണു മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ.
വിദേശ സന്ദർശനത്തിന്റെ ഭാഗമായി നൈജീരിയയിലുള്ള അക്ബർ ഞായറാഴ്ച തിരിച്ചെത്തുന്നതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തിൽ തീരുമാനമാകും. ബിജെപി നേതൃത്വത്തില്‍നിന്ന് ആരും മന്ത്രിയെ പിന്തുണച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം കേന്ദ്രമന്ത്രിമാരായ മേനകാ ഗാന്ധി, സ്മൃതി ഇറാനി എന്നിവർ അക്ബറിന്റെ പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഗൗരവത്തോടെ കണ്ട് അന്വേഷണം പ്രഖ്യാപിക്കണമെന്ന് മേനകാ ഗാന്ധി നേരത്തേതന്നെ പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സാഹചര്യത്തിൽ മന്ത്രിസ്ഥാനം ഒഴിയുന്നതാണു നല്ലതെന്നാണ് ബിജെപി നേതൃത്വത്തിന്റെയും നിലപാട്.