Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വസുന്ധരയ്ക്ക് എതിരെ ജസ്വന്ത് സിങ്ങിന്റെ മകൻ; മാനവേന്ദ്ര സിങ് മുൻ ബിജെപി എംഎൽഎ

Vasundhara Raje Manvendra Singh വസുന്ധര രാജെ, മാനവേന്ദ്ര സിങ്

ജയ്പുർ∙ ഏറ്റവും വിജയസാധ്യത കൽപിക്കപ്പെടുന്ന രാജസ്ഥാനിൽ 32 മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക കൂടി കോൺഗ്രസ് പുറത്തിറക്കി. മുഖ്യമന്ത്രി വസുന്ധര രാജെ മൽസരിക്കുന്ന വിഐപി മണ്ഡലമായ ജൽറാപതാനിൽ കോൺഗ്രസിനുവേണ്ടി മുതിർന്ന നേതാവ് മാനവേന്ദ്ര സിങ് കളത്തിലിറങ്ങും.

മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിങ്ങിന്റെ മകനാണു മുൻ ബിജെപി എംഎൽഎയായ മാനവേന്ദ്ര സിങ്. അടുത്തിടെയാണു കോൺഗ്രസിൽ ചേർന്നത്. ബിജെപിക്കു ശക്തമായ പിൻബലമായിരുന്ന രജപുത്ര വിഭാഗത്തിൽനിന്നുള്ള നേതാക്കളാണു ജസ്വന്ത് സിങ്ങും മകനും. മാനവേന്ദ്ര സിങ്ങിനെ സ്ഥാനാർഥിയാക്കിയതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ സമുദായത്തെ സ്വാധീനിക്കാനാകുമെന്ന പ്രതീക്ഷയിലാണു കോൺഗ്രസ്.

എ.ബി.വാജ്പേയി സർക്കാരിലെ കരുത്തരായ മന്ത്രിമാരിലൊരാളായിരുന്നു ജസ്വന്ത് സിങ്. ധനം, ആഭ്യന്തരം, വിദേശകാര്യം തുടങ്ങിയ വകുപ്പുകൾ പലഘട്ടങ്ങളിലായി കൈകാര്യം ചെയ്തു. മുഹമ്മദലി ജിന്നയെക്കുറിച്ച് തന്റെ പുസ്തകത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ബിജെപി പുറത്താക്കി. 2014ൽ കുളിമുറിയിൽ വീണു തലയ്ക്കു പരുക്കേറ്റ ശേഷം അബോധാവസ്ഥയിലാണ്.

152 പേരുടെ ആദ്യ സ്ഥാനാർഥി പട്ടികയിൽ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ്, മുതിർന്ന നേതാക്കളായ സി.പി.ജോഷി, ഗിരിജ വ്യാസ് തുടങ്ങിയവരുണ്ട്. കഴിഞ്ഞ ദിവസം രാജിവച്ച ബിജെപി എംപി ഹരീഷ് മീണയും സീറ്റ് നിഷേധിക്കപ്പെട്ട എംഎൽഎ ഹബീബുർ റഹ്മാനും അടക്കം മറ്റു പാർട്ടികളിൽനിന്നെത്തിയ 6 പേരും ഇടം പിടിച്ചു.

ഗെലോട്ട് സിറ്റിങ് സീറ്റായ സർദാർപുരയിലും സച്ചിൻ പൈലറ്റ് ടോങ്കിലും മൽസരിക്കും. പ്രതിപക്ഷ നേതാവ് രാമേശ്വർ ദൂതി, ഹരീഷ് ചൗധരി തുടങ്ങിയവരും മൽസര രംഗത്തുണ്ട്. 200 അംഗ നിയമസഭയിലേക്കു ഡിസംബർ 7നാണു തിരഞ്ഞെടുപ്പ്.