ഹൈദരാബാദ് ∙ ഒൻപതു മാസം നഷ്ടപ്പെടുത്തി അഞ്ച് വർഷം കൂടി ഭരണം പിടിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർറാവു നടത്തിയ ചൂതാട്ടം വിജയംകണ്ടു. പ്രതിപക്ഷം വിശാല സഖ്യം രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ തയാറെടുത്തതോടെ ചന്ദ്രശേഖർറാവുവിന്റെ നീക്കം തിരിച്ചടിച്ചേക്കുമെന്നു വിലയിരുത്തലുണ്ടായിരുന്നു. എന്നാൽ വിശാല സഖ്യത്തെ തൂത്തെറിഞ്ഞ് വൻഭൂരിപക്ഷത്തോടെ തുടർച്ചയായ രണ്ടാം തവണയും ഭരണംപിടിച്ചാണ് ചന്ദ്രശേഖർറാവു തന്റെ മികവ് തെളിയിച്ചിരിക്കുന്നത്.
പ്രതിപക്ഷം നിർജീവമായിരുന്നതും ജനപ്രിയ പദ്ധതികൾ നടപ്പാക്കിയതിന്റെയും ആത്മവിശ്വാസമാണ് കാലാവധി അവസാനിക്കാൻ ഒൻപതു മാസം കൂടി ശേഷിക്കെ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിടാൻ ടിആർഎസ് അധ്യക്ഷനും സംസ്ഥാന മുഖ്യമന്ത്രിയുമായ കെ.ചന്ദ്രശേഖർറാവുവിനെ പ്രേരിപ്പിച്ചത്. സമയവും സാഹചര്യവും അനുകൂലമാണെന്ന ആത്മവിശ്വാസത്തിൽ, നിയമസഭ പിരിച്ചുവിട്ടതിനൊപ്പം ഭൂരിപക്ഷം മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥിപട്ടികയും പുറത്തുവിട്ട് ടിആർഎസ് പ്രതിപക്ഷത്തെ ഞെട്ടിച്ചു.
സംസ്ഥാന സർക്കാരിന് അനുകൂലമായ വികാരം മുതലാക്കി തുടർഭരണം സാധ്യമാക്കുകയായിരുന്നു ചന്ദ്രശേഖർറാവുവിന്റെ ലക്ഷ്യം. അതായത് ഭരണത്തിൽ തുടരാമായിരുന്ന 9 മാസം നഷ്ടമാകുന്നതിലല്ല, തുടർഭരണം കിട്ടിയാൽ ലഭിക്കാവുന്ന 5 വർഷമാണ് ടിആർഎസിനെ നയിച്ചത്. അതിനായി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും അതിവേഗം നടപ്പാക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ പ്രതിപക്ഷ പാർട്ടികൾക്ക് സമയം നൽകാതിരിക്കുക എന്ന അജൻഡയും തിരഞ്ഞെടുപ്പ് നേരത്തെയാക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് മികച്ച മുന്നേറ്റം നടത്തിയാൽ പൊതുതിരഞ്ഞെടുപ്പിനൊപ്പം തിരഞ്ഞെടുപ്പു നടക്കേണ്ട തെലങ്കാനയിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനു വർധിത വീര്യത്തോടെ പോരാട്ടത്തിനിറങ്ങാൻ ആവേശം പകരുമെന്ന ആശങ്കയും നിയമസഭ നേരത്തെ പിരിച്ചുവിടാൻ ചന്ദ്രശേഖർറാവുവിനെ പ്രേരിപ്പിച്ചു.
എന്നാൽ ചന്ദ്രശേഖർറാവുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് ബദ്ധവൈരികളായ കോൺഗ്രസും ടിഡിപിയും സഖ്യത്തിലായത്. ഇവർക്കൊപ്പം സിപിഐയും തെലങ്കാന ജനസമിതിയും ചേർന്നതോടെ രൂപപ്പെട്ട വിശാല പ്രതിപക്ഷ സഖ്യം ടിആർഎസിന്റെ സാധ്യതകൾ തകർത്തേക്കുമെന്നു വിലയിരുത്തലുണ്ടായിരുന്നു. അപകടം മണത്ത ചന്ദ്രശേഖർറാവു, ബദ്ധവൈരികളായ കോൺഗ്രസും ടിഡിപിയും തമ്മിലുണ്ടാക്കിയ സഖ്യം തുറുപ്പുചീട്ടാക്കിയാണ് പിന്നീട് പ്രചാരണം നയിച്ചത്. തെലങ്കാന സംസ്ഥാന രൂപീകരിക്കുന്നതിനെ എതിർത്ത ടിഡിപിയ്ക്കൊപ്പം സഖ്യത്തിലേർപ്പെട്ട കോൺഗ്രസ് നീക്കത്തിനെതിരെ പ്രചാരണങ്ങളിലുടനീളം അദ്ദേഹം ആഞ്ഞടിച്ചു. തന്റെ സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ഓർമിപ്പിക്കുന്നതിനൊപ്പം തെലങ്കാന വികാരം ആളിക്കത്തിക്കാനും അദ്ദേഹം ശ്രദ്ധചെലുത്തി.
അതേസമയം, ചന്ദ്രശേഖർറാവുവിനൊപ്പം തലയെടുപ്പുള്ള നേതാവിനെ ഉയർത്തികാട്ടാനില്ലായിരുന്നതു പ്രതിപക്ഷ സഖ്യത്തിന്റെ സാധ്യതകളെ തുടക്കത്തിലെ ബാധിച്ചിരുന്നു. ചന്ദ്രശേഖർറാവുവിനെതിരെ അഴിമതി ആരോപണങ്ങളും കുടുംബവാഴ്ചയും ആരോപിച്ച പ്രതിപക്ഷ നീക്കങ്ങളും വിലപ്പോയില്ല. സമീപകാലം വരെ ബദ്ധവൈരികളായിരുന്ന കോൺഗ്രസും ടിഡിപിയും സഖ്യം രൂപികരിച്ചെങ്കിലും താഴേതട്ടിൽ ഉദ്ദേശിച്ച ഐക്യം ഉണ്ടായില്ലയെന്ന് പ്രചാരണവേളയിൽതന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ടിആർഎസ് ബിജെപിയുടെ ബി ടീമാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണവും ഫലംകണ്ടില്ല.
ഒടുവിൽ ചന്ദ്രശേഖർറാവുവിന്റെ ചൂതാട്ടവും തന്ത്രങ്ങളും വിജയംകണ്ടുവെന്നാണ് തിരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നത്. വിശാല പ്രതിപക്ഷ സഖ്യത്തെ തകർത്തെറിഞ്ഞു വീണ്ടും ഭരണംപിടിച്ച ചന്ദ്രശേഖർറാവു സംസ്ഥാന രാഷ്ട്രീയത്തിൽ കൂടുതൽ കരുത്തനായി.