Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെലങ്കാനയ്ക്കു ടിആർഎസിനെ മതി; നിലം തൊടാതെ മഹാകൂടമി സഖ്യം

ഹൈദരാബാദ്∙ കാലാവധി തീരാൻ മാസങ്ങൾ ശേഷിക്കെ മന്ത്രിസഭ പിരിച്ചുവിട്ട് തെലങ്കാനയിൽ മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു നടത്തിയ നീക്കം ഫലം കണ്ടു. തിരഞ്ഞെടുപ്പു നടന്ന അഞ്ചു സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും ഉജ്വലമായ വിജയത്തോടെ ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) ഭരണത്തുടർച്ച ഉറപ്പാക്കി. തെലങ്കാനയിലെ എല്ലാ സീറ്റിലും ഫലം അറിവാകുമ്പോൾ 88 സീറ്റുമായാണ് ടിആർഎസിന്റെ കുതിപ്പ്.

സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ 63 സീറ്റുകളോടെ അധികാരത്തിലേറിയെ ടിആർഎസ് ഇക്കുറി അതിലും വലിയ വിജയമാണ് സ്വന്തമാക്കിയത്. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഉൾപ്പെടെയുള്ള പ്രമുഖർ വിജയിച്ചിട്ടുമുണ്ട്.

ടിആർഎസിനെ പിടിച്ചുകെട്ടാൻ ‘മഹാകൂടമി സഖ്യ’വുമായി രംഗത്തെത്തിയ കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി), തെലങ്കാന ജനസമിതി (ടിജെഎസ്), സിപിഐ എന്നിവർ കനത്ത തിരിച്ചടി നേരിട്ടു. കഴിഞ്ഞ തവണ 21 സീറ്റുണ്ടായിരുന്ന കോൺഗ്രസിന് ഇക്കുറിയും കാര്യമായ ‘നാശനഷ്ടമില്ല’. 19 സീറ്റുകളാണ് ഇക്കുറി കോൺഗ്രസിനുള്ളത്.

അതേസമയം, കഴിഞ്ഞ തവണ 15 സീറ്റുണ്ടായിരുന്ന ടിഡിപി ഇക്കുറി കനത്ത തിരിച്ചടിയാണ് നേരിട്ടത്. രണ്ടു സീറ്റിൽ മാത്രമാണ് അവർക്കു വിജയിക്കാനായത്. എഐഎംഐഎമ്മിനായി മൽസരിച്ച അക്ബറുദീന്‍ ഒവൈസി ജയിച്ചുകയറി. ഒവൈസിക്കു പുറമെ ആറു പേർ കൂടി വിജയിച്ചതോടെ എഐഎംഐഎമ്മിന് തെലങ്കാന നിയമസഭയിൽ ഏഴു സീറ്റായി. ഒരു സീറ്റിൽ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു. ആകെ 8 മണ്ഡലങ്ങളിൽ മത്സരിച്ച എഐഎംഐഎം മറ്റു മണ്ഡലങ്ങളിൽ ടിആർഎസിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം, അസദുദീൻ ഒവൈസിയെ എഐഎംഐഎം മാറ്റിനിർത്തിയാൽ സഹകരിക്കാമെന്ന വാഗ്ദാനം ബിജെപി നൽകിയിരുന്നു.

തെലങ്കാനയിലെ കക്ഷിനില (ബ്രായ്ക്കറ്റിൽ 2013ലെ സീറ്റുകളുടെ എണ്ണം)

ടിആർഎസ് – 88 (63)
കോൺഗ്രസ് – 19 (21)
എഐഎംഐഎം – 7 (7)
ടിഡിപി – 2 (15)
ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് – 1 (0)
ബിജെപി – 1 (5)
സ്വതന്ത്രൻ – 1 (1)