Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീലങ്ക‍ൻ പേമാരിയിൽ 119 മരണം

AFP_OZ6ZD

കൊളംബോ∙ ശ്രീലങ്കയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 119 ആയി. 150 പേരെ കാണാതായി. അഞ്ചു ലക്ഷത്തോളം പേരെ 185 ദുരിതാശ്വാസ ക്യാംപുകളിലായി മാറ്റിപ്പാർപ്പിച്ചു. ഡോക്ടർമാർ ഉൾപ്പെട്ട സംഘവുമായി ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ശാർദൂൽ അടക്കം മൂന്നു കപ്പലുകളാണു ശ്രീലങ്കയ്ക്കു പുറപ്പെട്ടത്.

ഇതിൽ ഒരു കപ്പൽ കൊളംബോ തുറമുഖത്തെത്തി. മുങ്ങൽ വിദഗ്ധരടക്കമുള്ള രക്ഷാപ്രവർത്തകരെയും നിയോഗിച്ചിട്ടുണ്ട്. പ്രളയബാധിത കേന്ദ്രങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കും. കൂടാതെ ഹെലികോപ്റ്റുകളുടെ സേവനവും നൽകും. 

ശ്രീലങ്കയുടെ അഭ്യർഥനയെ തുടർന്നാണ് ഇന്ത്യ സഹായമെത്തിക്കുന്നത്. എല്ലാ സഹായവും നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. ഭക്ഷണം, മരുന്ന് തുടങ്ങിയവ കരുതിയിട്ടുണ്ട്.  

കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിൽ മുഖ്യാതിഥിയായെത്തിയ ശ്രീലങ്കൻ നാവികസേനാ മേധാവി വൈസ് അഡ്മിറൽ രവിന്ദ്ര വിജെഗുണരത്നെ, ചടങ്ങിനു ശേഷം ഇന്നലെ രാവിലെ പത്തോടെ ശ്രീലങ്കയിലേക്കു മടങ്ങി. വെള്ളിയാഴ്ച വൈകിട്ടു നാവിക അക്കാദമിയിലെത്തിയ അദ്ദേഹം ഇന്നലെ രണ്ടു മണിയോടെ മടങ്ങാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. 

കൊളംബോയിലൂടെ ഒഴുകുന്ന കെലാനി നദി കരകവിയുമെന്നു കരുതുന്നതിനാൽ തീരത്തുള്ളവർ അടിയന്തരമായി ഒഴിഞ്ഞുപോകണമെന്നു ശ്രീലങ്കൻ ദുരന്തനിവാരണ കേന്ദ്രം മുന്നറിയിപ്പു നൽകി.

തെക്കു കിഴക്കൻ മൺസൂണിനെ തുടർന്നാണു ശ്രീലങ്കയിൽ വ്യാഴാഴ്ച രാത്രി മുതൽ മഴ കനത്തത്. 3.5 ലക്ഷം പേർക്കു വൈദ്യുതി ഇല്ല. മിക്ക നദികളും കരകവിയുന്ന നിലയിലാണെന്നു ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. 

ആയിരം സൈനികർ ഉൾപ്പെടെ വൻ സംഘം ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നു. രക്ഷാപ്രവർത്തനത്തിനിടെ കോപ്റ്ററിൽ നിന്നു വീണു ശ്രീലങ്കൻ വ്യോമസേനയിലെ സൈനികൻ കൊല്ലപ്പെട്ടു.

മഴ തുടരുമെന്നു തന്നെയാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 2003നു ശേഷം ശ്രീലങ്കയിൽ ഇത്ര കനത്ത മഴ ആദ്യമാണ്. രാജ്യത്തെ 25 ജില്ലകളിൽ 14 ജില്ലകളും പ്രളയഭീഷണിയിലാണ്.

related stories