സ്വർണം നഷ്ടപ്പെടുത്തുകയല്ല, വെള്ളി നേടുകയാണ് ചെയ്തത്: സിന്ധു

പി.വി. സിന്ധു വെള്ളിമെഡലുമായി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം.

ന്യൂഡൽഹി∙ ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് ഫൈനലിൽ തുടർച്ചയായ രണ്ടാം വർഷവും തോൽവി വഴങ്ങിയതിനു പിന്നാലെ വിമർശകർക്ക് മറുപടിയുമായി ഇന്ത്യൻ താരം പി.വി. സിന്ധു. താൻ രണ്ടാം വർഷവും സ്വർണം നഷ്ടപ്പെടുത്തിയെന്ന തരത്തിലുള്ള വിമർശനങ്ങളോടാണ് ഇൻസ്റ്റഗ്രാമിലൂടെ സിന്ധുവിന്റെ പ്രതികരണം. തുടർച്ചയായ രണ്ടാം വർഷവും താൻ ഇന്ത്യയ്ക്കായി വെള്ളി മെഡൽ നേടുകയാണ് ചെയ്തതെന്ന് സിന്ധു ഓർമിപ്പിച്ചു. ഇക്കാര്യത്തിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും സിന്ധു വ്യക്തമാക്കി.

ഞായറാഴ്ച നടന്ന ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് വനിതാ സിംഗിൾസ് ഫൈനലിൽ സ്പാനിഷ് താരം കരോലിന മരിനോടാണ് സിന്ധു തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു തോൽവി. പ്രമുഖ ചാംപ്യൻഷിപ്പ് ഫൈനലിലുകളിൽ സിന്ധു നേരിടുന്ന മൂന്നാം തോൽവിയായിരുന്നു ഇത്. കഴിഞ്ഞ വർഷവും ലോക ബാഡ്മിന്റൻ ചാംപ്യൻഷിപ് ഫൈനലിൽ കടന്നെങ്കിലും ആരാധകരെ നിരാശപ്പെടുത്തി സിന്ധു തോൽവി വഴങ്ങിയിരുന്നു. അതിനു മുൻപ് 2016ലെ റിയോ ഒളിംപിക്സിൽ സിന്ധു സ്വർണത്തിന്റെ വക്കിലെത്തിയെങ്കിലും തോൽവിയായിരുന്നു ഫലം. അന്ന് സിന്ധുവിനെ തോൽപ്പിച്ചതും കഴിഞ്ഞ ദിവസം ലോക ചാംപ്യൻഷിപ് ഫൈനലിൽ വഴിമുടക്കിയ കരോലിന മരിൻ തന്നെ. ഇതിനെല്ലാം പുറമെ കഴിഞ്ഞ വർഷത്തെ ദുബായ് സൂപ്പർസീരീസ് ഫൈനലിലും സിന്ധു തോൽവി വഴങ്ങി.

ഇതോടെ ഫൈനലുകളിൽ രാശിയില്ലാത്ത താരമാണ് സിന്ധുവെന്ന തരത്തിൽ വിമർശനങ്ങൾ പെരുകിയിരുന്നു. ഈ സാഹചര്യത്തിലാണ് വിമർശകർക്ക് മറുപടിയുമായി സിന്ധു രംഗത്തെത്തിയത്. എല്ലാവരും കാത്തിരിക്കുന്ന സ്വർണം താൻ നേടുകതന്നെ ചെയ്യുമെന്നും സിന്ധു ഉറപ്പു നൽകി.

തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയ്ക്കായി ലോക ചാംപ്യൻഷിപ്പിൽ വെള്ളി നേടാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ സ്വർണം നഷ്ടപ്പെടുത്തുകയല്ല, വെള്ളി നേടുകയാണ് ചെയ്തത്. മാത്രമല്ല, ഈ വെള്ളി എന്നെ ആവേശഭരിതയാക്കുകയും ചെയ്യുന്നു. ഫൈനലിൽ തോൽവി വഴങ്ങിയെങ്കിലും നാൻജിങ്ങിലെ ടൂര്‍ണമെന്റ് ഉജ്വലമായിരുന്നു. മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ച ഒരുപാടു മൽസരങ്ങളുമുണ്ടായിരുന്നു. റാങ്കിങ്ങിനപ്പുറം സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ സാധിക്കുന്നതും സന്തോഷം നൽകുന്ന കാര്യമാണ്. ക്ഷമയും കഠിനാധ്വാനവുമാണ് വിജയത്തിലേക്ക് നയിക്കുന്നതെന്നാണ് എന്റെ വിശ്വാസം. അതുകൊണ്ടുതന്നെ കാത്തിരിക്കുന്ന സ്വർണവും സംഭവിക്കുമെന്നാണ് ഉറച്ച വിശ്വാസമെന്നും സിന്ധു വ്യക്തമാക്കി.