ADVERTISEMENT

ബെംഗളൂരു ∙ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനക്കേസിൽ വ്യത്യസ്ത നിലപാടുമായി ദേശീയ വനിത കമ്മിഷൻ (എൻഎസ്‌ഡബ്ല്യു). പീഡനത്തിന് ഇരയായെന്നു വ്യാജപരാതി നൽകാൻ സമ്മർദം ചെലുത്തിയെന്ന് ഒരു സ്ത്രീ അവകാശപ്പെട്ടതായി വനിതാ കമ്മിഷൻ അവകാശപ്പെട്ടു. പ്രജ്വലിന്റെ പീഡനത്തിന് ഇരയായതായി പറയപ്പെടുന്നവരിൽനിന്ന് ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും വനിതാ കമ്മിഷൻ വ്യക്തമാക്കി.

പ്രജ്വലിനെതിരെ 700 സ്ത്രീകൾ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപമുയർന്ന സാഹചര്യത്തിലായിരുന്നു വനിതാ കമ്മിഷന്റെ വിശദീകരണം. എംപിക്കെതിരെ 2 ലൈംഗിക പീഡന കേസുകളും പിതാവ് എച്ച്.ഡി. രേവണ്ണ എംഎൽഎയ്‌ക്കെതിരെ തട്ടിക്കൊണ്ടു പോകൽ കേസുമാണ് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ലൈംഗിക പീഡന വിഡിയോകൾ പ്രചരിച്ചതിനു പിന്നാലെ ജർമനിയിലേക്കു കടന്ന പ്രജ്വൽ, ലോക്സഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നശേഷമേ തിരിച്ചെത്തൂ എന്നാണു സൂചന.

അതേസമയം, വനിതാ കമ്മിഷന്റെ പ്രസ്താവന ജെഡിഎസ് ഏറ്റെടുത്തു. ഭീഷണിപ്പെടുത്തി പരാതി നൽകിച്ചെന്നതു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അന്വേഷിക്കണമെന്നു മുൻ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന പ്രസിഡന്റുമായ എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു. കോൺഗ്രസ് സർക്കാരിന് അനുകൂലമായി മൊഴി നൽകാത്ത സ്ത്രീകൾക്കെതിരെ ലൈംഗികത്തൊഴിൽ ചെയ്തെന്ന കുറ്റം ചുമത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രജ്വലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം ജർമനിയിലേക്കു പോകാൻ പദ്ധതിയിട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല. ഇന്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 

English Summary:

Karnataka Scandal Takes Unexpected Turn with Claim of Forced False Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com