Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഘടനകൾ എന്നെ ദ്രോഹിച്ചു

കലാമൂല്യവും പരീക്ഷണ സ്വാഭവമുള്ള ഒരു പിടി നല്ല ചിത്രങ്ങള്‍ മലയാളിക്കു സമ്മാനിച്ച നിര്‍മ്മാതാവാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ട്രാഫിക്ക്, ചാപ്പാകുരിശ്, ഉസ്താദ് ഹോട്ടല്‍, ഹൗ ഓള്‍ഡ് ആര്‍ യു, ചിറകൊടിഞ്ഞ കിനാവുകള്‍ എന്നീ ചിത്രങ്ങളിലൂടെ കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടയില്‍ മലയാളത്തിലെ ഏറ്റവും വിശ്വാസയോഗ്യമായ ബാനറായി ലിസ്റ്റിന്‍റെ മാജിക് ഫ്രെയിംസ് മാറി. മലയാളത്തില്‍ നിന്ന് തമിഴകത്തേക്ക് തട്ടകം മാറ്റുകയാണ് ഈ യുവ നിര്‍മ്മാതാവ്. ധനുഷിന്‍റെ ബിഗ് ബഡ്ജറ്റ് ചിത്രം മാരി ഉള്‍പ്പടെ ചിത്രീകരണം പൂര്‍ത്തിയായ മൂന്നു ചിത്രങ്ങളാണ് തമിഴില്‍ ലിസ്റ്റിന്‍റേതായി റീലിസിങ്ങിനു തയ്യാറെടുക്കുന്നത്.

തമിഴിലേക്കുള്ള ചുവടുമാറ്റം കേവലം സാമ്പത്തിക സുരക്ഷിതത്വം മാത്രം മുന്നില്‍ കണ്ടല്ല; മലയാള ചലച്ചിത്ര നിര്‍മാണ മേഖലയില്‍ നിലനില്‍ക്കുന്ന തെറ്റായ പ്രവണതകളില്‍ മനസ്സു മടുത്തിട്ടു കൂടിയാണ് തീരുമാനമെന്നു ലിസ്റ്റിന്‍ പറഞ്ഞു. ചലച്ചിത്ര സംഘടനകളില്‍ നിന്ന് അംഗത്വം രാജിവെച്ച അന്‍വര്‍ റഷീദിന്‍റെ തീരുമാനത്തെ പൂര്‍ണമായും പിന്തുണക്കുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഉള്‍പ്പടെയുള്ള സംഘടനകള്‍ നിര്‍മാതാവിന്‍റെ താല്‍പര്യങ്ങളെ സംരക്ഷിക്കുന്നില്ലയെന്നു മാത്രമല്ല ദ്രോഹിക്കുകയും ചെയ്യുന്നുണ്ടെന്നു ലിസ്റ്റിന്‍ തുറന്നടിക്കുന്നു...

തമിഴില്‍ ബാക്ക് റ്റു ബാക്ക് റീലിസാണല്ലോ

അതെ, ചിത്രീകരണം പൂര്‍ത്തിയായ മൂന്നു ചിത്രങ്ങളാണ് റിലീസിങിനു തയ്യാറെടുക്കുന്നത്. ധനുഷ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാരി ഈ മാസം 17നു പ്രദര്‍ശനത്തിന് എത്തും. ഇതൊരു വ്യത്യസ്തമായ സിനിമയാണെന്നു ഞാന്‍ അഭിപ്രായപ്പെടുന്നില്ല, അതേസമയം എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മാസ് എന്‍റര്‍ടെയിനറായിരിക്കും മാരി. ധനുഷ് എന്ന നടന്‍റെ സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തിയിട്ടുള്ള ചിത്രമാണ് മാരി. മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ വിജയ് യേശുദാസ് പൊലീസ് ഓഫിസറുടെ വേഷത്തിലെത്തുന്നു. ധനുഷാണ് പൊലീസ് ഓഫിസറുടെ വേഷത്തിലേക്ക് വിജയുടെ പേരു നിര്‍ദ്ദേശിച്ചത്. ആക്ഷനും കോമഡിക്കും പ്രണയത്തിനുമെല്ലാം തുല്യ പ്രധാന്യമുള്ള ചിത്രമാണ് മാരി. 

chenail-oru-naal

മാരിക്ക് ശേഷം പ്രദര്‍ശത്തിനു എത്തുന്ന ചിത്രം എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ഇതു എന്ന മായമാണ്. കുമ്കിയിലൂടെ പ്രേക്ഷകപ്രശംസ നേടിയ വിക്രം പ്രഭുവാണ് നായകന്‍. മലയാളി താരം കീര്‍ത്തി സുരേഷാണ് നായിക. തലൈവയിലെ അണിയറ പ്രവര്‍ത്തകരാണ് ഈ ചിത്രത്തിന്‍റെ പിന്നിലും അണിനിരക്കുന്നത്.

ജിഗര്‍ദണ്ടയിലെ അവീസ്മരണീയമായ പ്രകടനത്തിലൂടെ ദേശീയ പുരസ്കാരം നേടിയ ബോബി സിംഹ നായകനാകുന്ന ചിത്രമാണ് പാമ്പുസട്ടൈ. ഇതൊരു ത്രില്ലര്‍ മൂഡിലുള്ള ചിത്രമാണ്. ആക്ഷനൊപ്പം വൈകാരിക മൂഹുര്‍ത്തകളും ഏറെയുള്ള ചിത്രമാണിത്. 

സഹോദരി-സഹോദര ബന്ധത്തിനു പ്രധാന്യം നല്‍കുന്ന തിരക്കഥയാണ് പാമ്പുസട്ടൈയുടേത്. കീര്‍ത്തി സുരേഷാണ് ഈ ചിത്രത്തിലും നായിക. മലയാളി താരം മുക്തയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശങ്കറിന്‍റെ അസോസിയേറ്റായ ആദം ദാസ് ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനാകുന്നു. 

തമിഴിലേക്ക് ചുവടുമാറ്റാന്‍ പ്രേരിപ്പിക്കുന്നത്

തമിഴില്‍ കഴിഞ്ഞ കൂറെ വര്‍ഷങ്ങളായി സജീവമാണ്. തമിഴില്‍ ശരത്കുമാറിനൊപ്പം ഇതിനോടകം മൂന്നു ചിത്രങ്ങള്‍(ചെന്നൈയില്‍ ഒരു നാള്‍, പുലിവാല്‍, സണ്ടാമരുതം) മാജിക് ഫ്രെയിംസിന്‍റേതായി പുറത്തു വന്നിട്ടുണ്ട്. തമിഴില്‍ ഒരു നിര്‍മ്മാതാവ് കുറച്ചു കൂടി സുരക്ഷിതനാണ്. തമിഴില്‍ ഒരു ആര്‍ട്ടിസ്റ്റ് ഒരു സിനിമക്കു കരാര്‍ ഒപ്പിടുന്നത് നിര്‍മാണ കമ്പനിയുടെ ബാനര്‍ നോക്കിയിട്ടാണ്. നിര്‍മ്മാതാക്കള്‍ക്ക് തമിഴ് ഇന്‍ഡസ്ട്രി നല്‍കുന്ന മര്യാദയും ബഹുമാനവുമൊക്കെ കണ്ടുപഠിക്കേണ്ടതാണ്. ഒരു തമിഴ് സിനിമ ചെന്നൈ സിറ്റി, കോയമ്പത്തൂര്‍, ത്രിച്ചി-തഞ്ചാവൂര്‍, മധുരൈ, സേലം, എന്‍.എസ്.സി., ടി. കെ., തെലുങ്ക്, കര്‍ണാടാക, ഹിന്ദി, കേരളം എന്നീങ്ങനെ വ്യത്യസ്ത പ്രദേശങ്ങളില്‍ വിതരണത്തിന് നല്‍കാന്‍ കഴിയും. ഇവിടെ റിസ്ക് ഫാക്റ്റര്‍ പലര്‍ക്കായി വിഭജിച്ചു പോകുന്നു. സിനിമ റിലീസാകും മുമ്പ് തന്നെ ആ ചിത്രമായി ബന്ധപ്പെട്ടു കോടികളുടെ ബിസിനസ് നടക്കുന്നുണ്ട് അവിടെ. 

ഇവിടെ ഒരു പടം ഹിറ്റായാല്‍ ഉടന്‍ താരങ്ങള്‍ കുത്തനെ പ്രതിഫലം ഉയര്‍ത്തുകയാണ്.ഇല്ലാത്ത സാറ്റ് ലൈറ്റ് മൂല്യം പറഞ്ഞു താരങ്ങള്‍ പ്രതിഫലത്തില്‍ വിലപേശുന്നു. നേരത്തെ 100 സിനിമകള്‍ പുറത്തിറങ്ങുമ്പോള്‍ 95 ചിത്രങ്ങള്‍ക്കു വരെ സാറ്റ് ലൈറ്റ് അവകാശം കിട്ടുന്നുണ്ടായിരുന്നു. ഇന്ന് സ്ഥിതി മാറി. 50 ശതമാനം ചിത്രങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചാനലുകാര്‍ വാങ്ങുന്നത്. ഭാവിയില്‍ അത് അന്‍പതു ശതമാനത്തിലും താഴെയാകും. ചില സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ പോലും ചാനലുകള്‍ ഏറ്റെടക്കാന്‍ തയ്യാറാവുന്നില്ല എന്നതാണു വസ്തുത. സൂപ്പര്‍താരത്തിന്‍റെ സിനിമയായതു കൊണ്ട് ഒരു പ്രത്യേക പരിഗണനയും കല്‍പ്പിക്കപ്പെടുന്നില്ല എന്നതാണ് സത്യം. അതാത് സമയത്തെ ട്രെന്‍ഡിനു അനുസരിച്ചു മാത്രമാണ് സിനിമകള്‍ക്കു മൂല്യം ഉണ്ടാകുന്നത്. ഉദാഹരണത്തിനു നിവിന്‍ പോളി നായകനാകുന്ന അടുത്ത ചിത്രത്തിനും അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിനും ഇപ്പോഴത്തെ നിലക്കു വലിയ പ്രതീക്ഷ കല്‍പ്പിക്കപ്പെടും. 

ravi-mathew-listin

പക്ഷേ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം അധികം വൈകാതെ മലയാളത്തില്‍ അഭിനേതാക്കളെ നോക്കി സാറ്റ് ലൈറ്റ് തീരുമാനിക്കുന്ന രീതിക്കു മാറ്റം വരും. അഭിനേതാക്കളൊടൊപ്പം പ്രൊഡക്ഷന്‍ ബാനറിന്‍റെയും സംവിധായകന്‍റെയും പേരുകള്‍ കൂടി നോക്കിയിട്ടാവും ചാനലുകള്‍ റേറ്റ് തീരുമാനിക്കുക. താരം മാറി ടോട്ടല്‍ ടീമിനെ നോക്കിയായിരിക്കും റേറ്റ് നിശ്ചയിക്കുക എന്നു സാരം.

മലയാളത്തിലേക്ക് മടങ്ങിവരവ് ഇല്ലേ

തമിഴില്‍ സജീവമായതു കൊണ്ട് മലയാള സിനിമയെ ഉപേക്ഷിച്ചു എന്നൊരിക്കലും അര്‍ഥമില്ല. വെര്‍ജിനാണ് മലയാളത്തില പുതിയ സിനിമ. പുതുമയുള്ളൊരു സബ്ജക്റ്റാണ് ചിത്രത്തിന്‍റേത്. യുവ എഡിറ്റര്‍മാരില്‍ ശ്രദ്ധേയനും മിലിയുടെ തിരക്കഥാകൃത്തുമായ മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. 

പ്രേമത്തിന്‍റെ വിജയത്തെക്കുറിച്ച്

പ്രേമം ശരിക്കും ഒരു വിഷ്വല്‍ ട്രീറ്റാണ് വളരെ നാച്ചുറലായ അവതരണ രീതിയാണ് പ്രേമത്തിന്‍റേത്. ഞാന്‍ പ്രേമം മൂന്നു തവണ കണ്ടു. ഫ്രണ്ട്സിനൊപ്പവും ഒറ്റക്കുമൊക്കെ പോയി കണ്ടു. ഓരോ തവണയും ഓരോ ആംഗിളില്‍ നിന്നു സിനിമയെ മനസ്സിലാക്കാന്‍ ശ്രമിച്ചു. പ്രേമം ഒരു നോര്‍മല്‍ ഹിറ്റല്ല, അതുക്കുംമെലെയാണ്. ഒരു നിര്‍മ്മാതാവ് എന്ന നിലയില്‍ എന്തുകൊണ്ട് ഈ സിനിമക്കു ഇത്രയുമധികം സ്വീകാര്യത ലഭിച്ചു എന്നു പഠിക്കേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്നു തോന്നി. അതുകൊണ്ടാണ് ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് സിനിമ കണ്ടത്. പ്രേമം സിനിമ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില ധാരണകളെയും തോന്നലുകളെയുമൊക്കെ പൊളിച്ച് എഴുതി. ചിത്രം റീലിസാകുന്നത് മേയ് അവസാനമാണ്. ജൂണ്‍മാസം സ്കൂളും കോളജും ഒക്കെ തുറക്കുന്ന സമയമാണ്. കുട്ടികള്‍ക്കു കുടയും ബാഗും ബുക്കുമൊക്കെ വാങ്ങാന്‍ മലയാളി അവന്‍റെ ഫാമിലി ബഡ്ജറ്റില്‍ നിന്ന് നല്ലൊരു തുക മാറ്റിവെക്കുന്ന മാസം കൂടിയാണ്. അവിടെ സിനിമ അജഡയിലെ ഉണ്ടാവേണ്ടതല്ല. ഈ ഘടകങ്ങളൊക്കെ കളക്ഷനെ സാരമായി ബാധിക്കേണ്ടതാണ്. പക്ഷേ അങ്ങനെയുള്ള കണക്കൂട്ടലുകളെയൊക്കെ പ്രേമം അസ്ഥാനത്താക്കി. സാധാരണഗതിയില്‍ ഒരു സിനിമക്കു ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടുന്ന ദിവസങ്ങള്‍ വെള്ളി, ശനി, ‍ഞായറാണ്. പ്രേമത്തിന്‍റെ കാര്യത്തില്‍ ഈ പതിവ് തെറ്റിക്കപ്പെട്ടു. വീക്ക്ഡേയ്സിലും ആളുകള്‍ തിയറ്ററിലേക്ക് ഒഴുകിയെത്തി.

സെന്‍സര്‍ കോപ്പി വിവാദം

സെന്‍സര്‍ കോപ്പി എവിടെ നിന്നാണ് ചോര്‍ന്നതെന്ന വിഷയത്തില്‍ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ട്. അതിനെക്കുറിച്ചു ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയില്ല. വളരെ ഗുരുതരമായ ഒരു വിഷയമാണിത്. ആത്യന്തികമായി സിനിമയുടെ സാമ്പത്തിക നേട്ടത്തെയാണ് അത് നേരിട്ടു ബാധിക്കുന്നത്. നിര്‍മ്മാതാവ് തന്നെയാണ് നഷ്ടം സഹിക്കേണ്ടി വരുന്നത്. സെന്‍സര്‍ കോപ്പിയാണ് ചോര്‍ന്നിരിക്കുന്നത്, മികച്ച ക്വാളിറ്റിയുള്ള പ്രിന്‍റാണത്. പ്രേമത്തിന്‍റെ പ്രേക്ഷകരില്‍ ഭൂരിഭാഗവും യുവാക്കളാണ്. അവര്‍ രണ്ടും മൂന്നും തവണയാണ് ഈ സിനിമ കണ്ടു കൊണ്ടിരുന്നത്. ഫോണിലോ പെന്‍ ഡ്രൈവിലോ സിഡിയിലോ ചിത്രത്തിന്‍റെ വ്യാജന്‍ ലഭിക്കുമ്പോള്‍ ഇനി വീട്ടിലിരുന്നു കാണാമെന്നു അവര്‍ തീരുമാനിക്കുകയും അത് തിയറ്ററിലേക്കുള്ള ഒഴുക്ക് നിലക്കാന്‍ കാരണമാകുകയും ചെയ്തിട്ടുണ്ട്. 

അന്‍വര്‍ റഷീദിന്‍റെ സിനിമ സംഘടനകളില്‍ നിന്നുള്ള രാജി

anwar-listin

അന്‍വറിന്‍റെ തീരുമാനത്തെ പൂര്‍ണമായും പിന്തുണക്കുന്നു. എന്‍റെ സുഹൃത്തായതു കൊണ്ടല്ല മറിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പോലുള്ള സംഘടനകളില്‍ നിന്ന് എനിക്കുണ്ടായിട്ടുള്ള വ്യക്തിപരമായ അനുഭവങ്ങളുടെ വെളിച്ചത്തിലാണു ഞാന്‍ അന്‍വറിനെ പിന്തുണക്കുന്നത്. വന്‍ തുക നല്‍കിയാണു ഞങ്ങളെ പോലുള്ളവര്‍ ഇത്തരം സംഘടനകളില്‍ അംഗത്വം എടുക്കുന്നത്. പക്ഷേ ഒരിക്കല്‍ പോലും നിര്‍മ്മാതാവിന്‍റെ താല്‍പര്യത്തെ സംഘടനകള്‍ സംരക്ഷിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. തമിഴ് ചിത്രം പുലിയുടെ ടീസര്‍ പുറത്തായി മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇവിടെ അന്വേഷണം ഇഴഞ്ഞാണ് നീങ്ങികൊണ്ടിരുന്നത്. അന്‍വര്‍ രാജിവെച്ചു കഴിഞ്ഞാണ് അന്വേഷണം ഊര്‍ജ്ജിതമായത് തന്നെ. 

വ്യക്തിപരമായി എനിക്ക് പ്രൊഡ്യുസേഴ്സ് അസോസിയേഷനില്‍ നിന്ന് എനിക്കൊരും ഗുണവും ഉണ്ടായിട്ടില്ല, പക്ഷേ എങ്ങനയൊക്കെ ദ്രോഹിക്കാം അങ്ങനൊക്കെ ദ്രോഹിച്ചിട്ടുണ്ട്. ഉസ്ദാത് ഹോട്ടലില്‍ നിത്യ മോനോനെ അഭിനയിപ്പിച്ചു എന്നു പറഞ്ഞ് അസോസിയേഷന്‍ എന്നെ കൊണ്ടു പിഴ അടപ്പിച്ചു. നിങ്ങള്‍ മനസ്സിലാക്കേണ്ട കാര്യം സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നതിനു തലേദിവസമല്ല നമ്മള്‍ കാസ്റ്റിങ് നടത്തുന്നത്. ഉസ്ദാത് ഹോട്ടലിനു വേണ്ടി നിത്യ മേനോനെ കാസ്റ്റ് ചെയ്യുന്ന സമയത്ത് അവര്‍ക്കു മേല്‍ വിലക്ക് ഉണ്ടായിരുന്നില്ല. എന്നിട്ടും പിഴ അടച്ച് ഞാന്‍ പ്രശ്നം ഒത്തുതീര്‍പ്പാക്കി.

ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ടൈറ്റില്‍ ഉപയോഗിച്ചതിന്‍റെ പേരിലായിരുന്നു അടുത്ത വിവാദം. 18 വര്‍ഷങ്ങള്‍ക്കു മുമ്പു ഇറങ്ങിയ അഴകിയ രാവണനില്‍ പരാമര്‍ശിച്ചു പോകുന്ന ഒരു നോവലിന്‍റെ പേരാണത്. ചിത്രത്തിന്‍റെ സംവിധായകനു പരാതിയില്ല, ചിത്രത്തിന്‍റെ  തിരക്കഥാകൃത്തായ ശ്രീനിവാസന്‍ തന്നെ ആ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. ഇവര്‍ക്കാര്‍ക്കും ഇല്ലാത്ത പരാതിയുടെ പേരിലാണു വിവാദം ഉണ്ടാക്കുന്നത്. ചിറകൊടിഞ്ഞ കിനാവുകള്‍ റിലീസ് ചെയ്യുന്നതിനു നാലു ദിവസം മുമ്പ് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാം എന്നു എഴുതി ഒപ്പിട്ടു കൊടുത്തിട്ടാണു പ്രദര്‍ശിപ്പിക്കാന്‍ സമ്മതിച്ചത്. ഞാന്‍ ആ തുക ഇതുവരെ അടച്ചിട്ടില്ല. അടക്കില്ലയെന്നു ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. അഞ്ചാറു പേരു ഒത്തുകൂടിയ ഒരു കമ്മിറ്റി എടുത്ത തീരുമാനമാണത്. അതിനെ അംഗീകരിക്കുന്നില്ല. വിഷയം അടുത്ത ജനറല്‍ ബോഡി കൂടുമ്പോള്‍ അവതരിപ്പിക്കും. ഈ സംഘടനക്കുള്ളില്‍ നടക്കുന്ന ഇത്രയും വ്യത്തികെട്ട പ്രവണതകള്‍ മറ്റു നിര്‍മാതാക്കളും അറിയണമെന്നുണ്ട്. അതിനു ശേഷമേ ഞാന്‍ ആ തുക അടക്കു. ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ടൈറ്റില്‍ അനുവാദമില്ലാതെ ഉപയോഗിച്ചതിന്‍റെ പേരില്‍ ചുമത്തിയ പിഴയടക്കാത്തതുമായി ബന്ധപ്പെട്ടു മാജിക് ഫ്രെയിംസുമായി ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നു പറഞ്ഞ് കേരളത്തിലെയും തമിഴ്നാട്ടിലെയും വിതരണക്കാര്‍ക്കും സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിനും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കത്തുകള്‍ അയച്ചു കൊണ്ടിരിക്കുകയാണ്.

എന്‍റെ ചോദ്യം ഇതാണ് ഉദയനാണ് താരം, കഥാപറയുമ്പോള്‍ എന്നീ ചിത്രങ്ങളില്‍ യഥാക്രമം ‘അന്നു പെയ്ത മഴയില്‍’, ‘പക്ഷികള്‍ പറക്കട്ടെ’ എന്നീ പേരുകള്‍ സിനിമയുടെതായി പരാമര്‍ശിക്കുന്നുണ്ട്.  10 വര്‍ഷം കഴിഞ്ഞ് ആരെങ്കിലും അന്നു പെയ്ത മഴയിലെന്നോ പക്ഷികള്‍ പറക്കട്ടെയെന്നോ സിനിമക്കു പേരിട്ടാല്‍ അവര്‍ ഉദയനാണ് താരത്തിന്‍റെയും കഥാപറയുമ്പോളിന്‍റെയും നിര്‍മ്മാതാക്കള്‍ക്കു പണം കൊടുക്കണമെന്നു പറയുന്നതിലെ ന്യായം എന്താണ്.

നിത്യ മേനോന്‍റെ വിഷയത്തില്‍ അവര്‍ അഡ്വാന്‍സായി വാങ്ങിയ തുക നിര്‍മാതാവിനു മടക്കി വാങ്ങി നല്‍കാന്‍ ഒരു ശ്രമവും അസോസിയേഷന്‍റെ ഭാഗത്തു നിന്നുണ്ടായില്ല. പകരം നിര്‍മാതാവിനുമേല്‍ പിഴ ചുമതിയ ശേഷമാണ് ചിത്രീകരണം തുടരാന്‍ അനുവദിച്ചത്. ചിറകൊടിഞ്ഞ കിനാവുകളുടെ വിഷയത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട നിര്‍മാതാവിന്‍റെ വാദത്തിനു പ്രസക്തിയിലെന്നു മനസ്സിലാക്കി കൊടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട അസോസിയേഷന്‍ അഞ്ചു ലക്ഷം രൂപ പിഴ നിശ്ചയിച്ച് അക്ഷരാര്‍ഥത്തില്‍ എന്നെ ക്രൂശിക്കുകയാണ് ചെയ്തത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട നിര്‍മ്മാതാവിനോട് ഒരു ധാരണയിലെത്താന്‍ എനിക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഔദാര്യം ആവശ്യമില്ല. എനിക്ക് എന്തെങ്കിലും രാഷ്ട്രീയക്കാരന്‍റെയോ പള്ളി അച്ചന്‍റെയോ മധ്യസ്ഥയിലും ധാരണയിലെത്താമല്ലോ. ഇങ്ങനെ നിര്‍മാതാവിന്‍റെ അവകാശങ്ങളെയും താല്‍പര്യങ്ങളെയും സംരക്ഷിക്കാതെ അയാളെ കൊണ്ടു പിഴയടപ്പിക്കുന്ന ഏജന്‍സിയായിട്ട് തുടരനാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ തീരുമാനമെങ്കില്‍ വൈകാതെ ഞാനും അന്‍വറിന്‍റെ പാത പിന്തുടരേണ്ടി വരും.