മുംബൈ∙ സിനിമാ നിർമാതാവിനെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ നടൻ സഞ്ജയ് ദത്തിനെതിരെയുള്ള അറസ്റ്റ് വാറന്റ് മജിസ്‌ട്രേട്ട് കോടതി റദ്ദാക്കി.
നിർമാതാവ് ഷക്കീൽ നൂറാനിയുടെ ഹർജിയിൽ വിചാരണയ്ക്കു ഹാജരാകാത്തതിനാലാണു കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നത്. ഇന്നലെ നടൻ കോടതിയിൽ ഹാജരായതിനെ തുടർന്നാണു വാറന്റ് റദ്ദാക്കിയത്.
നൂറാനി 2002ൽ നിർമിച്ച സിനിമയിലെ അഭിനയം പാതിവഴിയിൽ നിർത്തിയതു സംബന്ധിച്ച തർക്കമാണു കേസിലെത്തിയത്. ദത്തിൽനിന്നു പ്രതിഫലത്തുക തിരികെ ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ ചില അധോലോക കുറ്റവാളികൾ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയെന്നാണു പരാതി.