തൃശൂർ∙ ഇന്ത്യൻ കോഫി ഹൗസുകൾ നടത്തുന്ന ഇന്ത്യ കോഫി ബോർഡ് വർക്കേഴ്സ് കോ ഓപറേറ്റീവ് സൊസൈറ്റിയുടെ അധികാരം സംബന്ധിച്ച കോടതിയലക്ഷ്യ കേസ് തീർപ്പായി. ഹൈക്കോടതിയുടെ മുൻ ഉത്തരവനുസരിച്ച് പഴയ ഭരണസമിതിക്ക് ഒരാഴ്ചയ്ക്കുള്ളിൽ അധികാരം കൈമാറാമെന്നും അഡ്മിനിസ്ട്രേറ്ററെ നിയോഗിച്ച ഉത്തരവ് പിൻവലിക്കാമെന്നും അഡീഷനൽ എജി കോടതിയിൽ ബോധിപ്പിച്ചു.
വിധി നടപ്പാക്കുന്നതിനു പകരം വീണ്ടും അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു പുതിയ ഉത്തരവിറക്കിയ സർക്കാർ നടപടി ചോദ്യം ചെയ്തു വ്യവസായ വാണിജ്യ വകുപ്പ് ഡയക്ടർക്കെതിരെ സമർപ്പിച്ച കോടതിയലക്ഷ്യ ഹർജിയാണു തീർപ്പായത്. കേരളത്തിലെ പ്രമുഖ സഹകരണ പ്രസ്ഥാനമായ ഇന്ത്യൻ കോഫി ഹൗസിനെതിരെ നടത്തിയ സർക്കാർ നീക്കം വിമർശനത്തിന് ഇടയാക്കിയിരുന്നു.
ഹൈക്കോടതിയുടെ വിധി വന്നിട്ടും നടപ്പാക്കാതെ വീണ്ടും പുതിയ ഉത്തരവിറക്കിയതു കോടതിയോടുള്ള വെല്ലുവിളിയാണെന്നു പഴയ ഭരണസമിതി ഹർജിയിൽ ആരോപിച്ചു. ക്രമക്കേടുകൾ ആരോപിച്ചു ഫെബ്രുവരി 25നാണു സംഘം ഭരണസമിതി പിരിച്ചുവിട്ടത്. ഓഫിസ് കയ്യേറിയ അഡ്മിനിസ്ട്രേറ്റർ തൊഴിലാളികളെ ദ്രോഹിക്കുന്നവിധം സ്ഥലം മാറ്റിയതും പാർട്ടി പത്രമൊഴികെയുള്ളവ കോഫി ഹൗസുകളിൽ നിരോധിച്ചതും വിവാദമായിരുന്നു.
സർക്കാരിന്റെ ഈ നടപടി ചോദ്യം ചെയ്തു ഭരണസമിതി ഫയൽ ചെയ്ത ഹർജിയിലായിരുന്നു മുൻ ഉത്തരവിന് ആധാരമായ കോടതി നടപടികൾ. സർക്കാരിന്റെ നിക്ഷേപമോ ആനുകൂല്യങ്ങളോ ഇല്ലാത്ത സംഘത്തെ പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ല, തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിൽ പ്രവർത്തിക്കുന്ന സംഘം ഭരണസമിതിയെ പിരിച്ചുവിടാൻ തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർക്ക് അധികാരമില്ല, നടപടിക്രമങ്ങൾ പാലിക്കാതെയാണു ഭരണസമിതി പിരിച്ചുവിട്ടത് എന്നീ വാദങ്ങളാണു പഴയ ഭരണസമിതി ഹൈക്കോടതിയിൽ ഉന്നയിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ വിധി ലഭിച്ചത്. ഇതിനെ മറികടക്കാൻ സംസ്ഥാന വ്യവസായ കേന്ദ്രം ഡയറക്ടറെക്കൊണ്ടു പുതിയ ഉത്തരവിറക്കി വീണ്ടും അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തിയ നടപടിയിലാണ് ഇപ്പോൾ കോടതി ഇടപെട്ടത്.