Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഫി ഹൗസ്: അഡ്മിനിസ്ട്രേറ്റർ കാലത്ത് നഷ്ടമായത് ആറുലക്ഷമെന്നു പരാതി

indian-coffee-house

തൃശൂർ∙ കോഫി ഹൗസുകൾ നിയന്ത്രിക്കുന്ന ഇന്ത്യാ കോഫി ബോർഡ് വർക്കേഴ്സ് കോ–ഓപറേറ്റിവ് സൊസൈറ്റിയിൽ സർക്കാർ അഡ്മിനിസ്ട്രേറ്റർ ഭരണമേർപ്പെടുത്തിയ നാലുമാസത്തിനിടെ ആറുലക്ഷത്തിലേറെ രൂപ വഴിവിട്ടു ചെലവഴിച്ചതായി പരാതി. ഇതിന്റെ തെളിവുകൾ തിരികെ അധികാരമേറ്റ ഭരണസമിതി ശേഖരിച്ചു.

അടിപിടികേസിനെ തുടർന്നു ശിക്ഷാനടപടിക്കു വിധേയനായപ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കാതിരുന്ന സിഐടിയു നേതാവിനു ശമ്പള കുടിശികയെന്ന പേരിൽ രണ്ടരലക്ഷത്തോളം രൂപ അനധികൃതമായി നൽകിയിട്ടുണ്ടെന്നു ഭരണസമിതി കണ്ടെത്തി. അതേസമയം, സംഘത്തിന്റെ മുൻ ഭാരവാഹികളെ കാരണമില്ലാതെ ജോലിയിൽനിന്നു നീക്കി നിർത്തി ശമ്പളം നിഷേധിക്കുകയും ചെയ്തു.

ഭരണസമിതി പിരിച്ചുവിട്ട കേസിൽ സർക്കാർ വക്കീൽ ഹാജരായിട്ടും കേസ് നടത്തിപ്പുചെലവെന്ന പേരിൽ എഴുതിയെടുത്തിരിക്കുന്നതു 2.15 ലക്ഷം രൂപയാണ്. ചെലവിന്റെ കാരണമൊന്നും രേഖപ്പെടുത്താതെ 25,000 രൂപ എഴുതിയെടുത്തതിന്റെ വൗച്ചർ, രേഖകൾ കൊണ്ടുപോയതിനു കാർ വാടക 3500 രൂപയെഴുതിയ വൗച്ചർ എന്നിങ്ങനെ അസാധാരണ പണമിടപാടുകളും നടത്തിയതായി ഭരണസമിതി ആരോപിച്ചു.

നഷ്ടപ്പെട്ട പണം തിരിച്ചുപിടിച്ചു നൽകണമെന്നാവശ്യപ്പെട്ടു വ്യവസായ വകുപ്പു ഡയറക്ടർക്കു പരാതി നൽകുമെന്നു ഭരണസമിതി പറഞ്ഞു. നിയമ നടപടികളും ആലോചിക്കുന്നുണ്ട്. അഡ്മിനിസ്ട്രേറ്റർ പലയിടത്തേക്കു സ്ഥലം മാറ്റിയ ജീവനക്കാരെ തിരികെ നിയമിച്ചു. അതേസമയം, ഭരണസമിതി പിരിച്ചു വിടണമെന്നാവശ്യപ്പെട്ടു സിഐടിയു യൂണിയൻ കോടതിയെ സമീപിച്ചിട്ടുണ്ട്. സർക്കാരും അപ്പീൽ പോകാൻ ആലോചിക്കുന്നുണ്ടെന്നറിയുന്നു.